lockdown

തിരുവനന്തപുരം: എ.കെ.ജി സെന്ററിൽ നേതാക്കൻമാർ കൂട്ടംകൂടി കേക്കുമുറിച്ച് ആ​​ഘോഷം നടത്തുന്നതിനിടെ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി കേരളാ പൊലീസ്. സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ മെയിൽ റോഡുകളും ഇടറോഡുകളും പൊലീസ് അടച്ചതോടെ അത്യാവശ്യ ഘട്ടങ്ങളിൽ പോലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ജനം. റോഡുകൾ അടച്ച സ്ഥലങ്ങളിൽ പലയിടത്തും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഇല്ലെന്ന പരാതിയും വ്യാപകമാണ്.

കൊവിഡ് പ്രതിരോധ നടപടികളെന്ന പേരിൽ ഇടറോഡുകളടക്കം അടച്ച് പൊലീസുകാ‌ർ സ്ഥലം വിട്ടതോടെ ജനങ്ങൾ എല്ലാത്തരത്തിലും ലോക്കായി. ആശുപത്രി കേസുകളോ എന്തെങ്കിലും അടിയന്തര ആവശ്യങ്ങളോ വന്നാൽ എങ്ങനെ പുറത്ത് പോകുമെന്ന അങ്കലാപ്പിലാണ് സാധാരണക്കാർ. പൊലീസിനെതിരെ ശബ്ദമുയർത്തിയാൽ പകർച്ചവ്യാധി നിയന്ത്രണ നിയമം ദുരുപയോ​​ഗം ചെയ്‌തോ കൃത്യനിർവഹണം തടസപ്പെടുത്തിയതിന്റെ പേരിൽലോ കേസെടുത്താലോ എന്ന ഭയപ്പാടും ഇവർക്കുണ്ട്.

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും പൊലീസ് ഇടറോഡുകളടക്കം ബാരിക്കേടുകളും മുളകളും ഉപയോഗിച്ച് അടച്ചിരുന്നു. ഇതോടെ അത്യാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവ‌ർ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് പോകേണ്ട അവസ്ഥയായി. ഇതിനെതിരെ ജനപ്രതിനിധികൾ ഉൾപ്പെടെയുളളവ‌ർ പരാതിയുമായി രംഗത്തെത്തിയിരുന്നു. വീണ്ടും സമാന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അടച്ച പല വഴികളിലും പൊലീസുകാരുടെ സാന്നിദ്ധ്യം ഇല്ലാത്തതാണ് ജനങ്ങളെ കൂടുതൽ വലയ്ക്കുന്നത്.

ലോക്ക്ഡൗൺ ഏ‌ർപ്പെടുത്തി കൊവിഡ് പ്രതിരോധം തീർക്കാൻ ശ്രമിച്ച സർക്കാർ പ്രതിനിധികൾ തന്നെ കൂട്ടംകൂടി ആഘോഷം നടത്തുന്നതും ജനങ്ങളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി കൂടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗത്തിൽ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ജനങ്ങൾ ലോക്ക്ഡൗണിൽ വീട്ടിലിരിക്കുമ്പോൾ കൂട്ടംകൂടി ആഘോഷിച്ചതിനെതിരെ പലരും സോഷ്യൽ മീഡിയയിലൂടെ രം​ഗത്തെത്തി.