pinarayi-cabinet-

തിരുവനന്തപുരം : ഭരണത്തുടർച്ചയോടെ മേയ് ഇരുപതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന രണ്ടാം പിണറായി സർക്കാരിൽ 21 മന്ത്രിമാരുണ്ടാവും. ഇവരിൽ 12 പേരും സി പി എമ്മിൽ നിന്നുളളവരാണ്. ഇന്ന് തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ നടന്ന എൽ ഡി എഫ് ചർച്ചയിൽ മന്ത്രിസഭയിലെ ഘടകകക്ഷികളുടെ എണ്ണവും വകുപ്പും സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിരുന്നു. അതാത് പാർട്ടിയാണ് ആരെ മന്ത്രിയാക്കണമെന്ന് ഇനി തീരുമാനിക്കുക. അതേസമയം മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കാൻ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തിയെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ അറിയിച്ചു.

നാളെ നടക്കുന്ന എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാവും നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കുക. ഇന്നത്തെ ചർച്ചയിലുണ്ടായ ധരണയനുസരിച്ച് മന്ത്രിസഭയിൽ സി പി എം 12, സി പി ഐ 4, ജനതാദൾ എസ്, കേരള കോൺഗ്രസ് എം, എൻ സി പി എന്നീ പാർട്ടികൾക്ക് ഓരോ മന്ത്രിമാരെ വീതം ലഭിക്കും. ഇതു കൂടാതെ ബാക്കി വരുന്ന 2 മന്ത്രി സ്ഥാനങ്ങൾ ജനാധിപത്യ കേരളകോൺഗ്രസ്, ഐഎൻഎൽ, കേരള കോൺഗ്രസ് ബി, കേരള കോൺഗ്രസ് എസ് എന്നീ പാർട്ടികൾക്കായി നൽകും. രണ്ടര വർഷം വീതമാവും ഓരോ പാർട്ടിക്കും മന്ത്രിമാരെ ലഭിക്കുക.

മന്ത്രി സ്ഥാനങ്ങൾക്കു പുറമേ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് തുടങ്ങിയ സ്ഥാനങ്ങളിലും തീരുമാനമായിട്ടുണ്ട്. മുൻ സർക്കാരിലേതു പോലെ സ്പീക്കർ സ്ഥാനം സി പി എമ്മും, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സി പി ഐയും സ്വന്തമാക്കിയപ്പോൾ ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിന് നൽകും. സമാധാനപരമായി സ്ഥാനങ്ങളെല്ലാം വിഭജിച്ച് നൽകിയതിനാൽ ഇന്ന് ചേർന്ന ഇടതുമുന്നണി യോഗം കേക്കു മുറിച്ചാണ് ആഹ്ലാദം പങ്കുവച്ചത്.

പിണറായി സർക്കാരിൽ മരുമകനും ?

ഒന്നിടവിട്ട് മുന്നണികളെ അധികാരത്തിലേറ്റുന്ന പതിവിന് വിരുദ്ധമായി ഇടത് ഭരണത്തുടർച്ച നേടിയ പിണറായി സർക്കാരിൽ മകളുടെ ഭർത്താവും ബേപ്പൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച മുഹമ്മദ് റിയാസ് ഉണ്ടാകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. സിപിഎം മന്ത്രിമാരുടെ പട്ടികയിൽ മുഹമ്മദ് റിയാസും ഇടം പിടിച്ചിട്ടുണ്ട്. കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, വീണാ ജോർജ്, പി. രാജീവ്, എം.ബി. രാജേഷ്, കെ. രാധാകൃഷ്ണൻ, പി. നന്ദകുമാർ, എം.വി. ഗോവിന്ദൻ എന്നിവരും മന്ത്രിമാരുടെ സാദ്ധ്യതാ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.