തിരുവനന്തപുരം: എ .പി .ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിദ്യാർത്ഥി സൂരജ് കൃഷ്ണ (21) കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ടി.കെ.എം കോളേജ് ഓഫ് എൻനീയറിംഗിൽ ബി ടെക് കമ്പ്യൂട്ടർ സയൻസിൽ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.
യൂണിവേഴ്സിറ്റി ക്ലാസുകൾ ഓൺലൈൻ ആയതിനാൽ തിരുവനന്തപുരത്ത് വിളപ്പിലുള്ള വീട്ടിലായിരുന്നു സൂരജ്. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെങ്കിലും , കൊവിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ വിളപ്പിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ഓക്സിജൻ കുറഞ്ഞതിനാൽ ആരോഗ്യനിലയിൽ വിത്യാസമുണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 6 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴക്കൂട്ടം സൈനിക സ്‌കൂളിൽ വിദ്യാർത്ഥിയായിരുന്ന സൂരജ് മികച്ച എൻ സി സി കേഡറ്റായിരുന്നു. 2015ൽ ദില്ലിയിൽ നടന്ന റിപ്പബ്ലിക് പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. വട്ടിയൂർക്കാവ് വിളപ്പിൽ 'നീലാംബരി'യിൽ ഡ്രൈവറായ സുരേഷ് കുമാർ .കെ യുടെയും വീട്ടമ്മയായ മഞ്ജുഷയുടെയും മകനാണ് സൂരജ്. സഹോദരി ആര്യ.