inflation

ന്യൂഡൽഹി: കൊവിഡിനിടെ അവശ്യവസ്‌തുക്കളുടെ വിലക്കയറ്റവും രൂക്ഷമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 10.49 ശതമാനമായി കുതിച്ചുയർന്നു. ഇന്ധനവില, നിർമ്മിതോത്പന്നങ്ങൾ എന്നിവയുടെ വില വർദ്ധനയാണ് തിരിച്ചടിയാകുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ തുടർച്ചയായി ഉയരുന്ന മൊത്തവില നാണയപ്പെരുപ്പം മാ‌ർച്ചിൽ 7.39 ശതമാനമായിരുന്നു.

ഭക്ഷ്യോത്പന്നങ്ങളുടെ വിലപ്പെരുപ്പം 4.29 ശതമാനത്തിലേക്കും ഇന്ധന വിലനിലവാരം 20.94 ശതമാനത്തിലേക്കും നിർമ്മിതോത്പന്നങ്ങളുടെ വിലപ്പെരുപ്പം 9.01 ശതമാനത്തിലേക്കുമാണ് ഏപ്രിലിൽ കുതിച്ചതെന്ന് കേന്ദ്രസർക്കാർ ഇന്നലെ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. മൊത്തവില നാണയപ്പെരുപ്പത്തിൽ അഞ്ചിലൊന്നും സംഭാവന ചെയ്യുന്ന പ്രാഥമികോത്പന്നങ്ങളുടെ വില നെഗറ്റീവ് 1.08 ശതമാനത്തിൽ നിന്ന് 10.16 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം മുന്നേറിയത്. പഴവർഗങ്ങൾ, മുട്ട, ഇറച്ചി എന്നിവയുടെ വില കുത്തനെ കൂടി. പയർവർഗങ്ങൾ 10.74 ശതമാനം, പഴങ്ങളും മുട്ടയും 27.43 ശതമാനം, ഇറച്ചിയും മീനും 10.88 ശതമാനം എന്നിങ്ങനെയാണ് വിലപ്പെരുപ്പം കുറിച്ചത്.

റീട്ടെയിൽ നാണയപ്പെരുപ്പം 4.29%

റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ഏപ്രിലിൽ 5.52 ശതമാനത്തിൽ നിന്ന് 4.29 ശതമാനമായി കുറഞ്ഞത് ആശ്വാസമാണ്. എന്നാൽ ഇന്ധനവില വർദ്ധന, ലോക്ക്ഡൗൺ മൂലം വിതരണശൃംഖലയിലെ തടസങ്ങൾ എന്നിങ്ങനെ വെല്ലുവിളികൾ ധാരാളമുള്ളതിനാൽ വരുംമാസങ്ങളിൽ റീട്ടെയിൽ നാണയപ്പെരുപ്പവും ഉയർന്നേക്കാമെന്നാണ് വിലയിരുത്തലുകൾ.