സിംഗപ്പൂർ: ഇന്ത്യയിലേതിന് സമാനമായ കൊവിഡ് വകഭേദങ്ങൾ കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന ആശങ്കയെ തുടർന്ന് സിംഗപ്പൂരിൽ നാളെ മുതൽ സ്കൂളുകൾ അടക്കും. മാസങ്ങളോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്നെങ്കിലും പ്രാദേശിക തലത്തിൽ വീണ്ടും വ്യാപനം സ്ഥിരീകരിച്ചതിനാൽ സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കി.
പ്രൈമറി, സെക്കൻഡറി സ്കൂളുകളും ജൂനിയർ കോളജുകളും നാളെ മുതൽ മേയ് 28 വരെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം രാജ്യത്ത് 38 കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇത് എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതിൽ എട്ട് കുട്ടികളുമുണ്ട്.
' ബി.1.617 വകഭേദം കുട്ടികളെ കൂടുതൽ ബാധിക്കുന്നതായി സൂചനയുണ്ട്. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതേസമയം, രോഗബാധിതരായ കുട്ടികളുടെ നില ഗുരുതമല്ല' - വിദ്യാഭ്യാസ മന്ത്രി ചാൻ ചുൻ സിംഗ് പറഞ്ഞു. 16 വയസ്സിന് താഴെയുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ് നൽകാനുള്ള പദ്ധതികളും സിംഗപ്പൂർ ആസൂത്രണം ചെയ്യുന്നുണ്ട്.