cm-pinarayi-vijayan

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരാകും പങ്കെടുക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് 50,000ത്തിലേറെ പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ 500 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നുംഅദ്ദേഹം വ്യക്തമാക്കി. വരുന്ന ഇരുപതാം തീയതി, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

കഴിഞ്ഞ തവണ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് 40,000ത്തിലധികം പേരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേ പരിപാടി ഇന്നത്തെപ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ രീതിയിൽ ചുരുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല എന്ന് കാണാൻ കഴിയും. ജനാധിപത്യത്തെ മാനിക്കുന്ന ആർക്കും ജുഡീഷ്യറി, എക്സിക്യൂട്ടിവ്, ലെജിസ്ളേച്ചർ എന്നീ ജനാധിപത്യത്തിന്റെ മൂന്ന് അടിത്തൂണുകളെ ഒഴിവാക്കാൻ കഴിയില്ല. അദ്ദേഹം പറയുന്നു.

ജുഡീഷ്യറിയും എക്സിക്യൂട്ടിവും ലെജിസ്ളേച്ചറും കൂടി ഉൾപ്പെട്ടാലേ ജനാധിപത്യം അതിന്റെ യഥാർത്ഥ സത്തയോട് കൂടി പുലരൂ. അതിനാലാണ് ബഹുമാനപ്പെട്ട ന്യായാധിപരെയും ഉദ്യോഗസ്ഥരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാദ്ധ്യമപ്രവർത്തകരെയും ഒഴിവാക്കാൻ സാധിക്കില്ല. അപ്പോൾ ഇതെല്ലാം കൂടിയാണ് 500. മൂന്ന് കോടിയോളം ജനങ്ങളുടെ ഭാഗധേയം നിർണയിക്കുന്ന പ്രാരംഭ ഘട്ടത്തിലെ ചടങ്ങിൽ ഈ സംഖ്യ അധികമില്ല എന്ന് തന്നെയാണ് കാണാൻ സാധിക്കുക. മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തേത് അസാധാരണ സാഹചര്യമാണ്. ആ അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടി സ്വീകരിക്കേണ്ടി വരും. അതുകൊണ്ടാണ് സംഖ്യ ഇങ്ങനെ ചുരുക്കിയിട്ടുള്ളത്. അത് ഉൾക്കൊള്ളാതെ മറ്റൊരു വിധത്തിൽ ഈ കാര്യം അവതരിപ്പിക്കാൻ ആരും തയ്യാറാകരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. യഥാർത്ഥ വസ്തുത മനസിലാക്കണമെന്നാണ് എല്ലാവരോടും അഭ്യർത്ഥിക്കുന്നത്. സ്റ്റേഡിയം എന്ന് കേൾക്കുമ്പോൾ തന്നെ ജനസമുദ്രം എന്ന് ചിന്തിക്കരുതെന്നും മുഖ്യമന്ത്രി പറയുന്നു.