vvvv

തൃശൂർ: വാഹനാപകടമുണ്ടാക്കി കുഴൽപ്പണം കവർന്ന കേസിൽ തൃശൂരിലെ രണ്ട് രാഷ്ട്രീയ നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ദേശീയ പാർട്ടിയുടെ ജില്ലാ ഭാരവാഹികളാണിവർ. പണം നഷ്ടപ്പെട്ടതായി പരാതി നൽകിയ കാർ ഡ്രൈവർക്ക് തൃശൂരിൽ ലോഡ്ജ് എടുത്തു കൊടുത്ത നേതാവാണ് ഒരാൾ. കവർച്ച നടന്നയുടൻ കൊടകരയിലെത്തിയ നേതാവാണ് രണ്ടാമത്തെയാൾ.

പ്രത്യേക അന്വേഷണസംഘത്തിന്റെ നിർണ്ണായക യോഗം ഇന്ന് ഓൺലൈനിൽ ചേരും. ചോദ്യം ചെയ്യൽ അടക്കമുള്ള കാര്യങ്ങളെ കുറിച്ചും അന്വേഷണ ഘട്ടത്തെ കുറിച്ചുള്ള വിലയിരുത്തലും യോഗത്തിലുണ്ടാകും. അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതികളായ രഞ്ജിത്തിനെയും എഡ്വിനെയും ചോദ്യം ചെയ്യുന്നുണ്ട്. ഇന്നും ചോദ്യം ചെയ്യൽ തുടരും. കഴിഞ്ഞ ദിവസം കേസിലെ മുഖ്യ ആസൂത്രകരായ മുഹമ്മദ് അലി, സുജേഷ് ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും രഞ്ജിത്ത്, എഡ്വിൻ എന്നിവരിൽ നിന്നും നിർണ്ണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജില്ലാ നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇതിൽ പ്രധാനം. പണം തട്ടിയെടുത്തതിൽ ജില്ലാതലത്തിലുള്ള നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ആദ്യമേ സൂചന ലഭിച്ചിരുന്നു.

എട്ട് ലക്ഷം കണ്ടെത്തിയത് കോഴിക്കൂട്ടിൽ


കുഴൽപ്പണ കവർച്ചാക്കേസിൽ അന്വേഷണ സംഘം കൂടുതൽ പണം കണ്ടെത്തി. റിമാൻഡിൽ കഴിഞ്ഞ പ്രതി ഷുക്കൂറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെത്താനായത്. ഷുക്കൂറിന്റെ വെള്ളാങ്കല്ലൂരിലെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ കോഴിക്കൂട്ടിൽ ഒളിപ്പിച്ച എട്ട് ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുക്കുകയായിരുന്നു. പരാതിയിൽ പറഞ്ഞ 25 ലക്ഷത്തിനു പകരം ഇതുവരെ 87 ലക്ഷം രൂപയോളം കണ്ടെടുത്തു. 3.5 കോടിയിലേറെ രൂപ കാറിൽ ഉണ്ടായിരുന്നതായും തിരഞ്ഞെടുപ്പു പ്രചാരണ ഘട്ടത്തിൽ ചെലവഴിക്കാൻ കൊണ്ടുവന്നതാണെന്നും ആരോപണമുയർന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകരയിൽ കാറപകടം സൃഷ്ടിച്ച് 25 ലക്ഷം രൂപ കവർന്നെന്ന പരാതി കൊടകര പൊലീസിന് ലഭിച്ചത്. കോഴിക്കോട് സ്വദേശിയായ ധർമരാജൻ, ഡ്രൈവറായ ഷംജീർ വഴിയാണ് പരാതി നൽകിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ധർമരാജൻ ആർ.എസ്.എസ് ബന്ധമുള്ളയാളാണെന്നും പണം കൊടുത്തുവിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായക് ആണെന്നും വ്യക്തമായിരുന്നു.