വാഷിംഗ്ടൺ: അമേരിക്ക നാവിക സേനയുടെ കപ്പലായ യു.എസ്.എസ് ഒമാഹയിലെ നാവികർ പകർത്തിയ പറക്കുംതളികയുടേതെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. ഇൻവെസ്റ്റിഗേറ്റീവ് ഫിലിം മേക്കറായി അറിയപ്പെടുന്ന ജെറമി കോർബലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഒരേസമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കാൻ കഴിയുന്ന ട്രാന്‍സ്മീഡിയം വെഹിക്കിളായിരുന്നു ഈ യു.എഫ്.ഒയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വായുവിൽ ഒരേ സ്ഥലത്ത് നിൽക്കുന്നതും ചലിക്കുന്നതും പിന്നീട് പസിഫിക് സമുദ്രത്തിൽ അപ്രത്യക്ഷമാകുന്നതുമൊക്കെയാണ് വിഡിയോയിലുള്ളത്.
ഏതാണ്ട് ആറ് അടിയോളം വലുപ്പമുണ്ടായിരുന്നു ഈ യു.എഫ്.ഒക്കെന്നാണ് കണക്കാക്കുന്നത്. കപ്ഇപലിനോട് ചേർന്ന് ഒരു മണിക്കൂറോളം സഞ്ചരിച്ചിരുന്നു. പടക്കപ്പലിലെ താപവ്യതിയാനം തിരിച്ചറിയാന്‍ സാധിക്കുന്ന എഫ്.എൽ.ഐ.ആർ കാമറയാണ് യു.എഫ്.ഒയുടെ സാന്നിദ്ധ്യം ആദ്യം തിരിച്ചറിഞ്ഞത്.
2019 ജൂലായ് 15ന് രാവിലെ 11 ഓടെയാണ് വിഡിയോ ചിത്രീകരിക്കുന്നത്. വിഡിയോയിൽ ഒരു സേനാംഗം യു.എഫ്.ഒ മുങ്ങിപ്പോയി എന്ന് പറയുന്നതും വ്യക്തമാണ്. ഒമാഹ മേഖലയിൽ വ്യാപകമായ തെരച്ചിൽ നടത്തയെങ്കിലും പറക്കുംതളികയുടെ പൊടി പോലും കണ്ടെത്താനായില്ല. യു.എഫ്.ഒ ഒമാഹയിലെ റഡാർ, സോണാർ പരിധിയിൽ നിന്നും അപ്രത്യക്ഷമായി.
അമേരിക്കയുടെ അൺഐഡന്റിഫൈഡ് ഏരിയൽ ഫിനോമെന ടാസ്ക് ഫോഴ്സിന്റെ കൈവശമാണ് നിലവില്‍ ഇത്തരം വിഡിയോകളും ചിത്രങ്ങളുമുള്ളത്
യു.എസ് കോൺഗ്രസിന് മുൻപാകെ ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് യു.എ.പി.ടി.എഫ് ജൂണിൽ സമർപ്പിക്കാനിരിക്കുകയാണ്. പറക്കുംതളിക ദൃശ്യങ്ങളുടെ ശേഖരം തന്നെ അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമുണ്ടെന്നാണ് കരുതപ്പെടുന്നത്.