israel

ജറുസലേം: ​ഇസ്ലാമിക് ജിഹാദ് മിലിട്ടന്റ് ​ഗ്രൂപ്പിന്റെ ​ഗാസയിലെ മുതിർന്ന കമാൻഡർ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെതായി റിപ്പോർട്ട്. വടക്കൻ ​ഗാസയിലെ ഇസ്ലാമിക് ജിഹാദിന്റെ സായുദ്ധ കമാൻഡറായിരുന്ന ഹുസം അബു ഹ‌ർബീദാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഇസ്രയേൽ സേന അറിയിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇസ്രയേൽ സിവിലിയൻമാർക്കെതിരായ നിരവധി ആന്റി-ടാങ്ക് മിസെെൽ ആക്രമണങ്ങൾക്ക് പിന്നിൽ ഹ‌ർബീദ് ഉണ്ടെന്ന് സെെന്യം പ്രസ്താവനയിൽ അറിയിച്ചു. ഇയാളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഹമാസിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ​ഗ്രൂപ്പിൽ അംഗമായിരുന്ന ഹ‌ർബീദിന്റെ മരണത്തിൽ കടുത്ത പ്രതികരണം ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്.

​അതേസമയം ​ഗാസ ന​ഗരത്തിൽ തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കാറിലുണ്ടായിരുന്ന മൂന്ന് പാലസ്തീനികളും ജബല്യ പട്ടണത്തിനു നേരയുണ്ടായ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു. ഹമാസ് ഒറ്റരാത്രികൊണ്ട് അറുപതോളം റോക്കറ്റുകൾ ഇസ്രയേൽ നഗരത്തിലേക്കയച്ചതായി ഇസ്രയേൽ സെെന്യം അറിയിച്ചു. ഒപ്പം രണ്ട് കുട്ടികളടക്കം പത്തു പേർ കൊല്ലപ്പെട്ടതായിയും അവർ പറയുന്നു.