വീടുകളിലെ ഊർജപ്രസരണ തുടർച്ചയാണ് ഇക്കുറിയും. തെക്കുപടിഞ്ഞാറിലെ ഊർജവും നേർകിഴക്കു നിന്നുള്ള ഊർജവും അതിന്റെ ഒഴുക്കുമാണ് കഴിഞ്ഞ ആഴ്ചകളിൽ പ്രതിപാദിച്ചത്. മനുഷ്യ ജീവൻ പോലെ തന്നെ വീടിന്റെ ജീവനും നിദാനം ഊർജവും വായുവും തന്നെയാണ്. അത് ശരിയായി ഒഴുകിപ്പരത്തുകയാണ്. യഥാർത്ഥത്തിൽ വാസ്തുശാസ്ത്രം ചെയ്യുന്നത്. ശ്വസിക്കുന്നത് മൂക്കുകളിലൂടെ തന്നെയാവണമല്ലോ. വായിലൂടെ ശ്വസിക്കാം. പക്ഷേ അതിന് വലിയ പരിമിതിയും ദൂരവ്യാപകമായ ദൂഷ്യവും ഉണ്ടെന്നതുപോലെയാണ്. വീടിനുള്ളിലെ ഊർജ വിതാന നിയന്ത്രണക്രമവും ഭൂമി കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് നമുക്ക് അറിയാം. ഇതു പ്രകാരം രാവിലെ കിഴക്കുദിക്കുന്ന സൂര്യന്റെ പ്രകാശം ഓരോ നിമിഷവും മാറിക്കൊണ്ടേയിരിക്കും.
നേർകിഴക്ക് സൂര്യനുദിക്കുമ്പോൾ പുറത്തുവരുന്ന കിരണങ്ങളെ നാം ഉദയ കിരണങ്ങളെന്നാണ് പറയുക. വടക്കു കിഴക്കിലേയ്ക്കും തെക്കുകിഴക്കിലേയ്ക്കും സൂര്യൻ ഉദയകിരണങ്ങളെ പായിക്കും. ആ കിരണങ്ങൾക്ക് വലിയ അണുനശീകരണ ശേഷിയുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ഈ ഉദയകിരണങ്ങൾ കൃത്യമായി വീടിനുളളിൽ പതിക്കുക തന്നെ വേണം. അത് വീടിന്റെ മദ്ധ്യഭാഗത്തെങ്കിലും എത്തിയാൽ ഏറെ ഗുണം ലഭിക്കും. കിഴക്ക് ദർശനമായി നിൽക്കുന്ന വീടുകളായാൽ പോലും സൂര്യപ്രകാശം വീടിനുളളിൽ കയറാതെ മുറ്റത്ത് മറഞ്ഞു നിൽക്കുന്ന ഏറെ വീടുകൾ കണ്ടിട്ടുണ്ട്. പ്രധാനവാതിൽ സ്ഥാപിക്കുന്നതിലെ വീഴ്ചയും വീടിനുള്ളിൽ സൂര്യപ്രകാശം കയറുന്നതിനെ തടയുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സൂര്യകിരണങ്ങളുടെ ശക്തിയും ഒഴുക്കും മാറി മറിയും. കിഴക്കുനിന്ന് തെക്കോട്ട് മാറി മാറി അത് കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ടേയിരിക്കും. ഈ സൗരോർജം ഭൂമിക്കടിയിൽ നിന്നുണ്ടാവുന്ന മറ്റ് ഊർജങ്ങളുമായി ഇടകലരും. അത് വൈവിദ്ധ്യമായി പകൽ 12 നും 3 നുമിടയിൽ ശക്തി പ്രാപിക്കും. ഈ പ്രാപഞ്ചിക സൗരോർജ സങ്കലനത്തിന്റെ മഹാപ്രസരിപ്പ് തന്നെയാണ് വസ്തുവിന്റെയും വീടിന്റെയും ജീവൻ. അത് നിശ്ചിത സംവിധാനങ്ങളാൽ ക്രമപ്പെടുത്തിയാൽ ഉന്നതമായ ജീവിതവും ആ ക്രമപ്പെടുത്തൽ നിർമ്മാണ വൈകല്യങ്ങൾ വന്ന് മോശമായാൽ അസ്ഥിരവും ദുരിതമയവുമായ ജീവിതവുമാണ് കിട്ടുകയെന്നും തെളിയിക്കപ്പെട്ടിട്ടുളളതാണ്. ഉച്ചയ്ക്ക് മൂന്നിന് സൂര്യാംശുക്കൾ പടിഞ്ഞാറിലേക്ക് തിരിയും മുൻപ് തെക്കുപടിഞ്ഞാറായി ഊർജ പ്രളയമാണുണ്ടാവുക.അവ ഭൂമിക്കടിയിൽ നിന്നു വരുന്ന ഊർജവുമായി സംഗമിച്ച് ഏറെ നേരം ഖനീഭവിച്ച് കിടക്കും. പിന്നീടാണ് അത് വടക്കുകിഴക്കിലേയ്ക്കും വീടിന്റെ മറ്റ് ഉള്ളറകളിലേയ്ക്കും ഒഴുകിപ്പരക്കുന്നത്. ഇങ്ങനെ ഒഴുകിപ്പരക്കാൻ അവസരം കൊടുക്കണം.അതായത് കന്നിയിൽ അതിനെ തടഞ്ഞുവയ്ക്കും വിധം കെട്ടി മറയ്ക്കരുതെന്ന് സാരം. വീടിന്റെ വടക്കു കിഴക്കേ കോണിൽ നിന്നാൽ തെക്കുപടിഞ്ഞാറുളള മാസ്റ്റർ ബെഡ്റൂമിന്റെ വാതിൽ കാണണമെന്നാണ് അർത്ഥം. അത്തരം മോശാവസ്ഥയിലാണ് നിർമ്മാണങ്ങളെങ്കിൽ അത് മാറ്റിയെടുക്കണം.
ശരീരത്തിന് ജീവൻ നിലനിർത്താൻ രക്ത ചംക്രമണം ആവശ്യമാണല്ലോ. ആ ചംക്രമണത്തിലെ അപാകതകൾ ശരീര ആരോഗ്യത്തെ മോശമായി ബാധിക്കും .അതിന് സമാനമാണ് വീടിനുളളിൽ നടക്കുന്ന ഉൗർജസങ്കലന പ്രക്രിയ. നിശ്ചിത ഉപകരണങ്ങളുടെ സഹായത്തോടെ വീടിനുള്ളിലെ ഉൗർജവ്യതിയാനങ്ങൾ കണ്ടു പിടിക്കണം. അതിന് ക്രമമായി വേണം ജനാലകളും കട്ടിളകളും നിജപ്പെടുത്തേണ്ടത്. അത് ഒാരോ ദിക്കിനും വ്യത്യസ്തമാണെന്ന് മാത്രം. തെക്കോട്ട് നിൽക്കുന്ന വീടിനും കിഴക്കോട്ടു നിൽക്കുന്ന വീടിനും പടിഞ്ഞാറേയ്ക്കോ വടക്കോട്ടോ നിൽക്കുന്ന വീടിനും ഉൗർജം ലഭിക്കുന്നത് ഒരു പോലെയാകാം. പക്ഷേ അത് വീടിനുളളിൽ ഒഴുകിപ്പരക്കുന്നത് വ്യത്യസ്തമായിട്ടാണെന്ന് തിരിച്ചറിഞ്ഞാലേ ശരിയായ വാസ്തുവിൽ ഒരു വീട് നിർമ്മിക്കാനോ നിർമ്മാണ വൈകല്യങ്ങൾ ഇല്ലാതാക്കാനോ കഴിയുകയുളളൂ. അതാണ് ശാസ്ത്രിയമായ സത്യവും.
(തുടരും)