ലിജോ ജോസ് പെല്ലിശേരി ചിത്രം ചുരുളി ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചന. ചിത്രം ആമസോൺ പ്രെെമിലൂടെ ജൂണിൽ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അണിയറ പ്രവർത്തകരിൽ നിന്നും ഈ വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ലിജോ ജോസ് പെല്ലിശേരീസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എസ്. ഹരീഷിന്റേതാണ് തിരക്കഥ. ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കെെകാര്യം ചെയ്തത്. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ.
കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചുരുളിയുടെ ചിത്രീകരണം19 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇ.മ.യൗ, ജെല്ലിക്കെട്ട് തുടങ്ങിയ ലിജോ ജോസ് പെല്ലിശേരിയുടെ മുന്‍ സിനിമകളെപ്പോലെ തന്നെ ഈ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.