geojit

കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് മാർച്ച് 31ന് സമാപിച്ച 2020-21 സാമ്പത്തിക വർഷത്തിൽ 163 ശതമാനം വർദ്ധനയോടെ 123 കോടി രൂപയുടെ ലാഭം നേടി. 2019-20ൽ ലാഭം 46.93 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 306.37 കോടി രൂപയിൽ നിന്ന് 39 ശതമാനം ഉയർന്ന് 426.81 കോടി രൂപയായി. അവസാനപാദമായ ജനുവരി-മാർച്ചിൽ ലാഭം 36.76 കോടി രൂപയാണ്. മുൻവർഷത്തെ സമാനപാദത്തിലെ 18.83 കോടി രൂപയേക്കാൾ 95 ശതമാനം അധികമാണിത്.

122.56 കോടി രൂപയാണ് നാലാംപാദ വരുമാനം. 2020 ജനുവരി - മാ‌ർച്ചിൽ ഇത് 82.68 കോടി രൂപയായിരുന്നു. ഇക്കുറി വളർച്ച 48 ശതമാനം. മാർച്ച് 31ലെ കണക്കുപ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 51,000 കോടി രൂപയാണ്. 66,000 പുതിയ ഉപഭോക്താക്കളെ കഴിഞ്ഞവർഷം ലഭിച്ചു. 11.10 ലക്ഷമാണ് ആകെ ഉപഭോക്താക്കൾ.

ഇടപാടുകാർക്ക് കൂടുതൽ ഓഫർ നൽകാനും വൈവിദ്ധ്യവത്കരണത്തിനും സാന്നിദ്ധ്യം ശക്തമാക്കാനുമായി ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്റേഴ്‌സ് അതോറിറ്റിക്ക് കീഴിൽ ആൾട്ടർനേറ്റീവ് ഫണ്ട് മാനേജരായി പ്രവർത്തിക്കാനുള്ള എ.എം.സി ലൈസൻസ് നേടാൻ ഗിഫ്‌റ്റ്-സിറ്റിയിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ ഡയറക്‌ടർ ബോർഡ് അംഗീകാരം നൽകിയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സതീഷ് മേനോൻ പറഞ്ഞു.

ലാഭവിഹിതം 350%

ഒരു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് രണ്ടുരൂപ നിരക്കിൽ ലാഭവിഹിതം നൽകാൻ ജിയോജിത് ഡയറക്‌ടർ ബോർഡ് ശുപാർശ ചെയ്‌തിട്ടുണ്ട്. 2020-21ലെ മൊത്തം ലാഭവിഹിതം 3.50 രൂപയാണ്; അതായത് 350 ശതമാനം.