pregnant

സുഖപ്രസവം ഉറപ്പാക്കാനും ആരോഗ്യത്തിനും ഗർഭിണികൾക്ക് വ്യായാമം അനിവാര്യമാണ്. ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രമേ വ്യായാമ മുറകൾ തിരഞ്ഞെടുക്കാവൂ. ആയാസരഹിതമായ വ്യായാമം ശരീരത്തിന് ഉണർവും ഉന്മേഷവും മാത്രമല്ല മാനസിക ആരോഗ്യവും നൽകും. വ്യായാമം ചെയ്യുന്നതിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരങ്ങൾ കഴിക്കുകയും വേണം.

ഗർഭിണി ദിവസേന അരമണിക്കൂർ വ്യായാമം ചെയ്യുന്നത് ഗർഭസ്ഥ ശിശുവിന്റെ ശരിയായ വളർച്ച ഉറപ്പാക്കും. പേശികളുടെ ചലനവും രക്തയോട്ടവും നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെയും നാഡികളുടെയും ശരിയായ മിടിപ്പ് നിലനിറുത്തുന്നതിനും ഉത്തമമാണ് വ്യായാമം.

ഗർഭകാലത്ത് പൂർണവിശ്രമം നിർദ്ദേശിച്ചിട്ടുള്ള ഗർഭിണികൾ ഒരു തരത്തിലുള്ള വ്യായാമവും ചെയ്യരുത്. അമിതമായ ക്ഷീണം, രക്തസ്രാവം, കഠിനമായ ശരീരവേദന എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വ്യായാമം ഒഴിവാക്കി വൈദ്യസഹായം തേടണം. തുടരെ ഗർഭച്ഛിദ്രം നടത്തിയവർ, നേരത്തെ ഗർഭാശയ രോഗമുള്ളവർ, ഹൃദ്രോഗികൾ, ആസ്‌ത്മ രോഗികൾ തുടങ്ങിയവർ ഗർഭകാല വ്യായാമം ഒഴിവാക്കുക.