tauktae

ഗാന്ധിനഗർ: ടൗക്‌തെ ചുഴലിക്കാറ്റ് ഗുജറാത്തില്‍ കരതൊട്ടു. പോര്‍ബന്തറിന് സമീപത്തുകൂടിയാണ് കാറ്റ് കരയിലേക്ക് നീങ്ങിയത്. മണിക്കൂറില്‍ 180 മുതല്‍ 200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും, കടല്‍ക്ഷോഭവും, കനത്ത മഴയും ഉണ്ടാകുമെന്നാണ് കലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഗുജറാത്ത് തീരത്താകെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പോർബന്തർ,ഭവനഗർ, മെഹുവ, ബേത്താഡ്, ജാംനഗർ, ജൂണോഗാവ്,അംറേലി പ്രദേശങ്ങളിൽ നിന്ന് രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.കൊവിഡ് ആശുപത്രിയിലെ രോഗികളെയെല്ലാം അയൽ ജില്ലകളിലേക്ക് മാറ്റിയിട്ടുണ്ട്. വൈദ്യുതി,കമ്യൂണിക്കേഷൻ സംവിധാനങ്ങളെല്ലാം ഓഫ് ചെയ്തിരിക്കുകയാണ്. ദുരന്തനിവാരണ വിഭാഗങ്ങളെയും പൊലീസ്, സേനാവിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.തീര ജില്ലകളിൽ റോഡ് ഗതാഗതവും നിർത്തി.

മഹാരാഷ്ട്ര, പാകിസ്ഥാൻ തീരങ്ങളിലെ തുറമുഖങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മഹാരാഷ്ട്രയിൽ ഇന്നലെ മൂന്ന് പേർ മരിച്ചിരുന്നു. കെട്ടിടങ്ങൾക്കും വീടുകൾക്കും നാശമുണ്ടായിട്ടുണ്ട്.മേയ് 11ന് മാലി ദ്വീപിനടുത്ത് രൂപംകൊണ്ട ന്യൂനമർദ്ദമാണ് വടക്കോട്ടു നീങ്ങി കേരളതീരത്തും പിന്നീട് കർണാടക,​ഗോവ,മഹാരാഷ്ട്ര തീരങ്ങളിലൂടെ ഗുജറാത്തിലുമെത്തിയത്. ഇന്ന് രാജസ്ഥാൻ മരുഭൂമി പ്രദേശത്തുവച്ച് കാറ്റിന്റെ ശക്തികുറഞ്ഞ് അവസാനിക്കും.