മയിലുകൾ പറന്നിറങ്ങി. കൂരിയാറ്റകൾ പനമ്പട്ടകളിൽ ഊഞ്ഞാലാടിക്കളിച്ചു. കുളത്തിൽ നെയ്യാമ്പലുകൾക്കിടയിൽ മാടമ്പ് നീന്തിത്തുടിച്ചു. കുളപ്പടവിലിരുന്ന് ഞാനും ഉണ്ണിയും ഉമിക്കരികൊണ്ട് പല്ല് തേച്ചു. തല തോർത്തുമ്പോൾ മാടമ്പ് പറഞ്ഞു.
''ഇന്ന് തന്നെ വായിക്കാം. പേര് ദേശാടനംന്ന് തന്നെ ഉറപ്പിക്ക്യാവും ഭേദം.""
സന്തോഷംകൊണ്ട് ഞാനും ഉണ്ണിയും നീന്തിത്തുടിച്ചു. തുടിശബ്ദം കേട്ട് കൂരിയാറ്റകൾ പറന്നു. മഴമേഘം കണ്ടപോലെ മയിൽപീലി വിടർത്തി. പടവിൽ പഞ്ചാക്ഷരി ജപിച്ചിരിക്കുമ്പോൾ ഏകാഗ്രത കിട്ടാതെ ഞാൻ ഉണ്ണിയെ നോക്കി. ഉണ്ണി ഇല്ലത്തേക്ക് നടക്കാൻ തിടുക്കം കൂട്ടി.
''ഒന്ന് വായിക്കാഞ്ഞിട്ടേ. വേം പൂവാം.""
കുളപ്പുര കടന്ന് കാരണവൻമാരെ ദഹിപ്പിച്ച മരച്ചോടും കടന്ന് മാടമ്പിന്റെ കഥാപാത്രമായ ചക്കരക്കുട്ടിപ്പാറുമരവും കടന്ന് ഞങ്ങൾ നാലുകെട്ടിലേക്ക് കയറി. അവിടെ പൂജ കഴിഞ്ഞ് ചുവന്ന പട്ടുടുത്ത് മാടമ്പ് പ്രസാദം തന്നു. മൂകാംബികയാണ് ഉപാസനാമൂർത്തി. മാടമ്പ് സ്നേഹിക്കുകയും ശകാരിക്കുകയും ചെയ്യുന്ന ദേവത. പ്രാതൽ കഴിഞ്ഞ് പത്തായപ്പുരയുടെ കോണി കയറുമ്പോൾ പുസ്തകങ്ങൾക്കിടയിൽ ചാരുകസേരയിലിരുന്ന് മാടമ്പ് തിരക്കഥയുടെ താളുകൾ അടുക്കിവെക്കുകയായിരുന്നു.
''വായിച്ചുനോക്ക്വാ.""
ദേശാടനത്തിന്റെ പൂർത്തിയായ തിരക്കഥ കൈയിൽ വാങ്ങുമ്പോൾ ഞാൻ മാടമ്പിന്റെ കാൽ തൊട്ടു. അദ്ദേഹം അനുഗ്രഹിച്ചു. ഞാനും ഉണ്ണിയും കുളപ്പടവിലെത്തി വായന തുടങ്ങിയപ്പോൾ കുളത്തിൽ മഴ ചാറുന്നുണ്ടായിരുന്നു. ഓരോ പേജുകൾ വായിച്ചുതീർത്ത് ഞാൻ ഉണ്ണിക്ക് കൈമാറി. പാച്ചു സന്യസിക്കാൻ പോകുന്ന സീൻ മുതൽ എന്റെ വിങ്ങൽ പുറത്ത് കേട്ടുതുടങ്ങി. ഞാൻ നോക്കുമ്പോൾ ഉണ്ണി കണ്ണീരൊപ്പുന്നു. ശ്വസിക്കാനാവാതെ ഒരു നിമിഷം ഞാൻ ആകാശം നോക്കി. എന്റെ കണ്ണീർക്കണത്തിൽ ഞാൻ മഴവില്ല് കണ്ടു. തൊണ്ടയിടറി. പാച്ചുവിന്റെ കാൽക്കൽ വീഴുന്ന അച്ഛനെ, അമ്മയെ, മുത്തച്ഛനെ സങ്കൽപ്പിച്ചപ്പോൾ അറിയാതെന്റെ വിങ്ങൽ പുറത്തുവന്നു. മഴ ശക്തിയായി. ആ ശബ്ദത്തിൽ എന്റെ തേങ്ങലലിഞ്ഞു. ഒടുവിൽ പാച്ചുവിനെ വീട്ടിൽനിന്ന് പുറത്താക്കുന്ന അവസാനരംഗം വായിച്ച് ഞാൻ നനഞ്ഞു. കുളത്തിലെ മഴയിൽ ഇറങ്ങിനിന്ന് കണ്ണീരിനെ ജയിച്ചു. പുറത്ത് ഉണ്ണിയുടെ കരസ്പർശം, തേങ്ങൽ. ഞാൻ ഉണ്ണിയെ നോക്കാതെ മഴ നോക്കി. മഴത്തുള്ളികൾ കണ്ണിൽ വീണ് തകർന്നുകൊണ്ടിരുന്നു. ഞങ്ങളുടെ ഹൃദയവും.
ഹൃദയഭേദകമായ ഈ രംഗങ്ങളിൽ തിയറ്റർ മുഴുവൻ വിതുമ്പിയിരുന്നു. കേരളത്തിലും ഡൽഹിയിലും മുംബയിലും ചെക്ക് റിപ്പബ്ലിക്കിലെ കാർലോവാരി ഫിലിം ഫെസ്റ്റിവലിലെ തെർമൽ തിയറ്ററിലും ബെർലിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ പ്രധാന തിയറ്ററിലും എന്നുവേണ്ട ലോകത്തെവിടൊക്കെ ദേശാടനം പ്രദർശിപ്പിച്ചോ അവിടൊക്കെ തിയറ്ററിനുള്ളിൽ മാടമ്പിന്റെ കുളക്കടവിൽ കേട്ട തേങ്ങൽ കേട്ടു.
ലോകത്തെ കരയിപ്പിക്കുക മാത്രമല്ല മാടമ്പ് ചെയ്തത്. ചിന്തകളുടെ ലോകത്തേക്ക് പ്രേക്ഷകനെ ആനയിക്കുകയും അവനവനിലൂടെ മറ്റൊരു അദ്ധ്യാത്മികതലത്തിലേക്ക് അവരെ എത്തിക്കുകയും ചെയ്തു.
''എല്ലാം പഠിച്ചുകഴിഞ്ഞു. ക്ഷാരകൾക്ക് ഇനി എന്താണ് വേണ്ടത്?""
''എനിക്ക് അമ്മയെ കാണണം.""
(ദേശാടനം)
അമ്മ എന്ന ചിന്തക്ക് മുന്നിൽ എല്ലാം തകരുന്നത് നാമറിയുന്നു. ആദ്യഭിക്ഷക്കായി വീട്ടിലെത്തുന്ന ഉണ്ണിയും തേതിക്ക് കാരോലപ്പം കൊടുക്കുമ്പോൾ അവൾ ഇരുകൈയും നീട്ടി പ്രസാദം പോലെ വാങ്ങുന്നതും മകന് കൊടുക്കാനാകാഞ്ഞ പാഥേയം മീനുകൾക്ക് വിതറുമ്പോഴും നാമറിയാതെ ചിന്തിക്കുന്നു, വേദനയോടെ. കാർലോവിമാരി അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ ഷോ കഴിഞ്ഞ് നിറകണ്ണുകളോടെ എന്റെ മുന്നിൽ നിന്ന പ്രേക്ഷകരുടെ മുഖം ഞാൻ ഇന്നും മറന്നിട്ടില്ല. ദേശാടനത്തിന് കിട്ടിയ പ്രത്യേക പുരസ്കാരം അന്ന് ഏറ്റുവാങ്ങിയത് അടൂരായിരുന്നു.
സന്യാസച്ചടങ്ങിനിടയിൽ അമ്മയ്ക്കും അച്ഛനും മുതുമുത്തശ്ശന്മാർക്കും പിണ്ഡം വയ്ക്കാൻ പാച്ചുവിനോട് പറയുമ്പോൾ അമ്മേ എന്ന് വിലപിക്കുകയും ബലിച്ചോറുകൊണ്ട് ആത്മപിണ്ഡം സമർപ്പിക്കുകയും ചെയ്യുന്ന കുട്ടിയെ നോക്കി അറിയാതെ കരഞ്ഞുപോയ ഓയ്ക്കൻ നാറാത്ത് നാരായണൻ നമ്പൂതിരിയുടെ മുഖം നാമെങ്ങനെ വിസ്മരിക്കും?
മകനെ സന്യസിക്കാൻ മഠത്തിൽ കൊണ്ടുചെന്നാക്കി തിരിച്ച് തനിയെ നടന്നുവരുന്ന അച്ഛന്റെ ദുഃഖം, പടിപ്പുരയിൽ തളർന്നുവീണ അമ്മയുടെ വേദന, ചതുരംഗക്കരുക്കൾ വാരിയെറിയുന്ന മുത്തശന്റെ വിലാപം, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ഓടിയകലുന്ന പാച്ചുവിന്റെ അർത്ഥമറിയാത്ത കണ്ണുനീര്, ഇതൊക്കെ കാലങ്ങളെ കടന്ന് പ്രേക്ഷകനിലൂടെ ഒഴുകുന്നു.
മാടമ്പ് ചിതാഗ്നിയിൽ ദഹിക്കുമ്പോഴും തെക്കിനിയിൽ അണയാതെ സൂക്ഷിക്കുന്ന യാഗാഗ്നി പോലെ അദ്ദേഹത്തിന്റെ കഥകൾ കനലായി നമ്മിലോരോരുത്തരിലും എരിയുന്നു.
''ഒരു ജന്മത്തിൽ ഒരു നൂറായിരം ജന്മം. സന്യാസിയായാപ്പിന്നെ അത് വേണ്ടേനും.""
(ദേശാടനം)
നൂറായിരം ജന്മങ്ങൾ താണ്ടി മാടമ്പ് ദേശാടനത്തിന് പോയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ദേവഭൂമിയിൽ എല്ലാവരും ശങ്കരന്മാരാണ്. അച്ഛനെ തേടിപ്പോകുന്ന മകനാണ് മാടമ്പിന്റെ ദേവഭൂമിയിലെ ശങ്കരൻ. ഹിമാലയത്തിന്റെ അർത്ഥശൃംഗങ്ങളിൽ അച്ഛനും മകനും ഒന്നാണെന്ന് നാം തിരിച്ചറിയുന്നു. അശ്വത്ഥാമാവിനെപ്പോലെ വേദനയോടെ തേടിയലഞ്ഞത് മുഴുവൻ തന്നെത്തന്നെയായിരുന്നുവെന്ന് മാടമ്പ് ശങ്കരൻ നമ്പൂതിരിയും തിരിച്ചറിയുന്നു. തന്റെ കഥ താൻ തന്നെ അഭിനയിച്ചുതീർക്കുന്നു. സിനിമയിലും ജീവിതത്തിലും ആ ഭാഗ്യം, ആ വിധി ഒരുപക്ഷേ ലോകത്ത് മറ്റാർക്കും അവകാശപ്പെട്ടതല്ല.
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ പരമോന്നതപുരസ്കാരം, സുവർണമയൂരം, ആദ്യമായി ഒരു ഇന്ത്യൻ സിനിമക്ക്, കരുണത്തിന് ലഭിക്കുമ്പോൾ മാടമ്പ് പത്തായപ്പുരയിലെ പുസ്തകങ്ങൾക്കിടയിലിരുന്ന് ഗുരുനാഥൻ കോവിലന്റെ 'തട്ടകം" വായിക്കുകയായിരുന്നു. 'കരുണം "ബെർലിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടുമ്പോൾ മാടമ്പ് ഭാരതത്തിന്റെ രാഷ്ട്രപതിയിൽനിന്നും ഏറ്റവും മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു. വാവച്ചനാവട്ടെ ഫുക്കുവോക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രത്യേക ക്ഷണിതാവായി ജപ്പാനിലും.
ചാവേറുകൾ വെട്ടിമരിച്ച തിരുനാവായ മണപ്പുറത്ത് രണ്ട് അമ്മമാരെത്തുന്നു. രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ വെട്ടേറ്റ് മരിച്ചവന്റെ അമ്മയും കൊന്നവന്റെ അമ്മയും.
''ബോംബും തോക്കും വേണ്ടാന്ന് വെച്ചിട്ട് അവിലും പഴവും കഴിച്ചൂടേ?""
മാടമ്പ് 'ശാന്ത"ത്തിലൂടെ ചോദിക്കുന്നു. ആദർശത്തിന്റെ പേരിൽ ചെയ്തുകൂട്ടിയ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാൻ ബലിക്കാക്കകളെ തെരഞ്ഞുനടക്കുന്ന വിപ്ലവകാരി, വെട്ടാൻ വരുന്ന രാഷ്ട്രീയ പകപോക്കികളുടെ വാളിന് നേരെ പാഞ്ഞടുക്കുന്ന വിധവകൾ, അമ്മമാരുടെ ഉയർന്ന കൈകൾക്ക് മുന്നിൽ നിശ്ചലമാവുന്ന വാളുകൾ. അതിൽ വന്നിരിക്കുന്ന ഒരു തുമ്പി. 'ശാന്തം" എന്ന നവരസസിനിമയിലൂടെ മാടമ്പ് അഹിംസയുടെ പ്രതീകമാവുന്നു. രാഷ്ട്രീയകൊലപാതകം നടക്കുമ്പോഴൊക്കെ ശാന്തം ചർച്ചയാവുന്നു.
ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ശാന്തത്തിന് ലഭിക്കുമ്പോൾ മാടമ്പ് ആനകളെക്കുറിച്ചുള്ള ഡോക്യുമെന്ററി അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ പോയ ശാന്തത്തിനൊപ്പം മാടമ്പും ഞാനും സബിതയുമുണ്ടായിരുന്നു. മാടമ്പ് നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന സഞ്ചിയിൽ രണ്ട് ചെറിയ വിളക്കുകളുണ്ടായിരുന്നു. ശാന്തം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച് അനുമോദനം ഏറ്റുവാങ്ങുന്ന ഇടവേളകളിൽ ടാക്സി പിടിച്ച് മൈലുകളോളം സഞ്ചരിച്ച് മാടമ്പ് എത്തിയത് അതിമനോഹരങ്ങളായ ആപ്പിൾ തോട്ടങ്ങളുടെയും പുൽമേടുകളുടെയും ഇടയിൽ, മയിലുകളും കിളികളും എപ്പോഴും പാറിക്കളിക്കുന്ന കൊട്ടാരസദൃശമായ ബംഗ്ലാവിലായിരുന്നു.
വിശ്വസാഹിത്യകാരനായ ടോൾസ്റ്റോയിയുടെ സ്വപ്നതുല്യമായ പാർപ്പിടം. പുൽത്തകിടിയിൽ കണ്ട ടോൾസ്റ്റോയിയുടെ ഓർമക്കുടീരത്തിൽ തന്റെ മാറാപ്പിലൊളിപ്പിച്ചിരുന്ന വിളക്ക് സമർപ്പിക്കുമ്പോൾ മാടമ്പിന്റെ മിഴികൾ ആർദ്രങ്ങളായിരുന്നു. ഭാഷയും സാഹിത്യവും മനുഷ്യവികാരങ്ങളും പ്രപഞ്ചവും ഒന്നാകുന്നത് ഞാനറിഞ്ഞു. മരങ്ങൾക്ക് മറഞ്ഞുനിന്ന ടോൾസ്റ്റോയി ബംഗ്ലാവിന് മാടമ്പ് മനയുടെ ഛായ തോന്നി. ആപ്പിൾ മരങ്ങളിൽ കേട്ട കിളിശ്ശബ്ദം കിരാലൂരിലെ കരിമ്പനയിലെ കൂരിയാറ്റയുടേതെന്ന് എനിക്ക് തോന്നി.മോസ്കോ നഗരത്തിലെ നിശബ്ദമായ കോണിലായിരുന്നു മാടമ്പ് തേടിച്ചെന്ന മറ്റൊരു മന. അത് മനുഷ്യമനുകളുടെ അർത്ഥതലങ്ങൾ ആവോളം ലോകത്തെ എഴുതിയറിയിച്ച, ഹൃദയസ്പന്ദനങ്ങളുടെ കാവൽക്കാരനായ ദസ്തയേവ്സ്കിയുടെ മനയായിരുന്നു. മാടമ്പിനെപ്പോലെ താന്തോന്നിയെന്നും ധിക്കാരിയെന്നും മദ്യപാനിയെന്നും ആരൊക്കെയോ വിളിച്ചാക്ഷേപിച്ച, ലോകം കണ്ട് ഏറ്റവും വേദനിച്ച എഴുത്തുകാരൻ, ഏറ്റവും ശ്രേഷ്ഠനായ എഴുത്തുകാരൻ ദസ്തയേവ്സ്കിയുടെ പേനയുടെ മുമ്പിൽ മാടമ്പ് വിളക്ക് വെച്ച് നമസ്കരിക്കുമ്പോൾ വിതുമ്പുന്നുണ്ടായിരുന്നു.
'അത്ഭുതം" നമ്മെ വീണ്ടും ചിന്തിപ്പിക്കുന്നു. രണ്ട് മണിക്കൂർ പതിനാല് മിനിറ്റുകൊണ്ട്, ഒരു കാമറയിൽ ചിത്രീകരിച്ച സിനിമ എന്ന ലോകറെക്കാഡ് അത്ഭുതത്തിന് ലഭിക്കുമ്പോൾ മാടമ്പ് പ്രിയ സതീർത്ഥ്യൻ പറഞ്ചൂട്ടിക്ക് വെറ്റിലയും അടക്കയും കൊടുത്ത് വടക്കൻ പൊകയിലയുടെ വീര്യത്തിൽ ഏതോ ഫലിതം കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു.വീണ്ടും മാടമ്പിലെ കരിമ്പനകളിൽ കൂരിയാറ്റകൾ കൂടുകൂട്ടാനെത്തി. മയിലുകൾ പറന്നിറങ്ങി. പക്ഷേ കുളപ്പടവ് ശൂന്യമാണ്. പത്തായപ്പുരയിലെ പുസ്തകക്കൂമ്പാരത്തിനിടയിലെ ചാരുകസേരയിൽ മാടമ്പില്ല. ചക്കരക്കുട്ടിപ്പാറുമരത്തിന്റെ തണലിൽ പിതൃക്കൾ മയങ്ങുന്നിടത്ത് മാടമ്പ് ഭസ്മമായുറങ്ങുന്നു. ചിതാഗ്നിയിൽനിന്നും പോക്കുവെയിൽ കൊളുത്തിയ കെടാവിളക്ക്, കാലത്തിന്റെ തെക്കിനിയിൽ പുതിയ തലമുറ അരണി കടയുമ്പോൾ അഗ്നിയായിപ്പിറക്കാൻ കാത്തിരിക്കുന്നു. കരിമ്പനപ്പട്ടകളിൽ നിന്നും ഇടനെഞ്ച് പൊട്ടിയ കാറ്റ് മാടമ്പിലെ പടിപ്പുര കടക്കുമ്പോൾ പിൻവിളി കേട്ടു.
''ഉണ്ണീ, അവിടുത്തേക്കിനി അമ്മയില്ല, അച്ഛനില്ല, ആരുമില്ല, ആരും. പൊയ്ക്കോളൂ.""
ദേശാടനത്തിലെ പാച്ചുവിനേപ്പോലെ പടിപ്പുര കടന്ന് ഇടവഴികളിലൂടെ മരങ്ങളെ കരയിച്ച് കാറ്റ് അകന്നുപോയി, സത്യാന്വേഷകനേപ്പോലെ. മാടമ്പിൽ അറിവിന്റെ ശാപമോക്ഷം കാത്ത് മഞ്ചാടിക്കുരുക്കൾ കിടന്നിരുന്നു.