മലയാളികളുടെ അക്ഷരസൂര്യൻ ഒ.എൻ.വിയുടെ നവതിയാണ് മേയ് 27 ന്. കവിയുടെ ജീവിതപ്രകാശത്തിലൂടെ, കാവ്യപ്രപഞ്ചത്തിലൂടെ
ഒരു യാത്ര...
പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു തറവാടിന്റെ ഇറയത്ത് മങ്ങിയ വെളിച്ചത്തിലിരുന്ന് എന്തോ കുത്തിക്കുറിച്ചു കൊണ്ടിരുന്ന ഒരു കുട്ടിയോട് തറവാട്ടുകാരണവർ ചോദിച്ചു.
''അപ്പൂ നീ തോന്ന്യാക്ഷരം എഴുതുമോ?""
കുട്ടി ഒന്നും മിണ്ടിയില്ല. തോന്ന്യവാസം ചെയ്യുന്നോ എന്ന് ചോദിക്കുന്നതു പോലെയാണ് തോന്നിയത്. തോന്നി എഴുതുന്ന അക്ഷരങ്ങളാണ് തോന്ന്യാക്ഷരങ്ങൾ എന്ന് ആ കുട്ടിക്ക് പിന്നീട് മനസിലായി. മങ്ങിയ വിളക്കുപേക്ഷിച്ച് ജ്വലിക്കുന്ന സൂര്യനു കീഴിലിരുന്ന് കവിതകളെഴുതുകയും പിൽക്കാലത്ത് ആസ്വാദകരാൽ സൂര്യനുമുകളിൽ പ്രതിഷ്ഠിക്കപ്പെടുകയും ചെയ് ത മഹാകവി ഒ.എൻ.വി കുറുപ്പായിരുന്നു ആ തോന്ന്യാക്ഷരം കുറിച്ച അപ്പു.
'മുന്നോട്ട്" എന്ന പ്രഥമ കവിത മുതൽ 'അനശ്വരതയിലേക്ക്" എന്ന അവസാന കവിത വരെ സർഗാത്മകതയുടെ സമസ്ത സൗന്ദര്യത്തെയും പ്രകാശിപ്പിച്ചു കൊണ്ട് മുന്നോട്ടു തന്നെയായിരുന്നു ഒ.എൻ.വിയുടെ പ്രയാണം. ഇത്രയേറെ വ്യത്യസ്തതയാർന്ന വിഷയങ്ങൾ കവിതയ്ക്കായി സ്വീകരിക്കുകയും ആവർത്തന വിരസത അൽപ്പം പോലുമില്ലാത്ത പ്രഭാഷണങ്ങളാൽ സംസ്കൃതിയെ സമ്പന്നമാക്കുകയും ചെയ്ത അപൂർവം കവികളിലൊരാളാണ് പ്രൊഫ. ഒ.എൻ.വി
കൊല്ലം ജില്ലയിലെ തേവള്ളിക്കടുത്തുള്ള മുതിരപ്പറമ്പ് എന്ന വീട്ടിലായിരുന്നു ഒ.എൻ.വിയുടെ ബാല്യകാലം. ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന പണ്ഡിതനും പ്രമാണിയുമായ ഒ.എൻ. കൃഷ്ണക്കുറുപ്പിന്റെ മകനായതു കൊണ്ടു തന്നെ നന്നേ ചെറുപ്പം മുതൽ ഭാഷയിലും സാഹിത്യത്തിലുമൊക്കെ താത്പര്യമുണ്ടാകുന്നതിനും ചിലതൊക്കെ വായിക്കുന്നതിനും ഒ.എൻ.വിക്ക് സാധിച്ചു. അച്ഛനമ്മമാരുടെ ലാളനയും വാത്സല്യവും ലഭിച്ച അതേ കാലയളവിൽത്തന്നെ പ്രകൃതിയുടെ പരിലാളനയും കൂടി അനുഭവിച്ചു കൊണ്ടാണ് കവി വളർന്നത്.
അച്ഛന്റെ അവിചാരിതമായ മരണം കവിയെ വല്ലാതെ തളർത്തിക്കളഞ്ഞു. പക്ഷേ ആ തളർച്ചയിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ കവി പറന്നുയർന്നു. അച്ഛനും മകനും സുഹൃത്തുക്കളെപ്പോലെയായിരുന്നു എന്ന് കവി പറഞ്ഞിട്ടുണ്ട്. മദിരാശിയിലേക്ക് ചികിത്സയ്ക്കായി അച്ഛൻ പോയപ്പോൾ ടാറ്റാ കൊടുത്ത് യാത്രയാക്കിയ മകൻ പിന്നീട് കണ്ടത് അച്ഛന്റെ ചേതനയറ്റ ശരീരമാണ്. 'ഭൂമിയുടെ അറ്റം" എന്ന
കവിതയിൽ കവി പറയുന്നുണ്ടല്ലോ
അച്ഛനോടന്നു ഞാൻ
ചോദിച്ചു: ഭൂമിതൻ
അറ്റമെവിടെയാ:-
ണൊക്കുമോ കാണുവാൻ?
അച്ഛനന്നുത്തരം
ചൊന്നചോർക്കുന്നു ഞാൻ
ഭൂമി ചുരുങ്ങി
ച്ചുരുങ്ങിയൊരാറടി-
യായിവരും- അതു തന്നെയാണറ്റവും- ഇത് ഏതൊരച്ഛനും മക്കൾക്കു നൽകാവുന്ന മികച്ച ഉത്തരമാണ്. വെട്ടിപ്പിടിക്കാനോ കുത്തിക്കവരാനോ അല്ല ഏതറ്റം വരെ കീഴടക്കിയാലും അവസാനം ആറടിമണ്ണിൽ നീറിയൊടുങ്ങുമെന്ന തിരിച്ചറിവ് ചെറുപ്പത്തിലേ കുട്ടിയുടെയുള്ളിൽ നട്ടുവയ്ക്കാൻ അച്ഛനു സാധിച്ചു. സർവവും ഭസ്മാന്തമെന്ന് പറഞ്ഞു പഠിപ്പിച്ച മുത്തശ്ശിയും (സർവം ഭസ്മാന്തം സ്മരാമി) കവിയുടെ ആത്മബലത്തെ രൂപപ്പെടുത്തുന്നതിൽ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. തന്നെ നിസാരീകരിച്ച ബന്ധുക്കൾക്കു മുന്നിൽ സ്വപ്രയത്നത്താൽ വലിയവനായി തിരിച്ചു വരും എന്ന നിശ്ചയദാർഢ്യമാണ് ഒ.എൻ.വിയുടെ സർവോൽക്കർഷങ്ങൾക്കും ഉൾപ്രേരകമായി ഭവിച്ചത്. ജീവിതത്തിലുടനീളം ഈ കർമ്മബലം കവി കാത്തു സൂക്ഷിച്ചു.
സ്കൂൾ പഠനകാലം മുതൽ കവിതാരചനയിൽ ഏറെ ഔത്സുക്യം കാണിച്ചു പോന്നിരുന്നു ഒ.എൻ.വി. അദ്ദേഹം തന്നെ ഒരു തവണ നേരിട്ട് പറഞ്ഞിട്ടുള്ളത് ഓർമ്മ വരുന്നു, ''ഞാൻ എന്റെ വീട്ടിൽ നിന്നിറങ്ങിയാൽ സ്കൂളിൽ എത്തുന്നതിനിടയ്ക്ക് അഞ്ചാറു ക്ഷേത്രങ്ങളാണ്. അവിടെയെല്ലാം ദിവസേന പോകുമായിരുന്നു. ആ ദേവതകളെക്കുറിച്ചൊക്കെ ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്. ഇന്ന് വായിച്ചു നോക്കുമ്പോൾ ഒട്ടും സ്വീകാര്യമായിട്ടു തോന്നുകയില്ലെങ്കിലും എന്റെ കാവ്യരചനാ രംഗത്ത് നല്ലൊരു കോംപോസിഷൻ ആയിട്ടാണ് അവയെ ഇന്ന് തിരിച്ചറിയുന്നത്.""
ഇത് ഏതൊരു കവിയുടെയും രചനയുടെ തുടക്കത്തിൽ സംഭവിക്കാവുന്നതാണ്. ആദ്യം തന്നെയും തന്റെ വീടിനെയും പരിസരങ്ങളെയും കുറിച്ചെഴുതിക്കൊ
ണ്ടു തന്നെയാണ് മിക്കവാറും എഴുത്തുകാരുടെ തുടക്കം. അനുഭവങ്ങളെ അനുഭൂതിയാക്കി പരിവർത്തിപ്പിക്കാനുള്ള മഹാസിദ്ധി വളരെ ചെറുപ്പത്തിൽത്തന്നെ ഒ.എൻ.വി സമാർജ്ജിച്ചിരുന്നു. കവിതയെ അതിന്റെ സർവസൗന്ദര്യത്തോടെയും അനുവാചകർക്കു മുന്നിൽ അവതരിപ്പിക്കുന്നതിൽ കവി വിജയിക്കുന്നതിന് കാരണമായത് ഈ സവിശേഷസിദ്ധി തന്നെയാണ്.
എക്കാലത്തും നിസ്വവർഗത്തോടൊപ്പം ചേർന്നു നിന്നു പാടിയ കവിയാണ് ഒ.എൻ.വി പാട്ടുകാരൻ നാളെയുടെ ഗാട്ടുകാരനല്ലോ എന്ന് ആരബ്ധയൗവനത്തിൽ തന്നെ കവി വ്യക്തമാക്കിയിട്ടുണ്ട്. ഏതേതൊക്കെ തരത്തിലാണ് ഒ.എൻ.വി കവിത മലയാളികൾക്ക് അനുഭവവേദ്യമായതെന്ന് ആ കവിതകളിലൂടെ യാത്ര ചെയ്തവർക്ക് മനസിലാകും. ആർദ്രതയും രൗദ്രതയും ഒരുപോലെ കവിതയിൽ സമന്വയിപ്പിക്കാൻ ഒ.എൻ.വിയ്ക്ക് സാധിച്ചു. ഒരു നല്ല കവിക്ക് ഉണ്ടാകേണ്ട പ്രഥമഗുണം നിലപാടുകളിലുള്ള കൃത്യതയും സുസ്ഥിരതയുമാണ്. അത്തരത്തിൽ നോക്കുമ്പോൾ ഒ.എൻ.വി ഇന്നും എന്നും മികച്ച കവിയായി നമ്മുടെയുള്ളിൽ പൂത്തു നിൽക്കുന്നു. എക്കാലത്തും അദ്ദേഹം ഇടതുപക്ഷപുരോഗമനപക്ഷത്തു തന്നെയാണ് നിലയുറപ്പിച്ചിരുന്നത്. തന്റെ കൊടി അന്നും ഇന്നും എന്നും പാവപ്പെട്ടവന്റെ നിസ്വന്റെ ചങ്ങലക്കെട്ടു പൊട്ടിച്ച് അവന് സ്വാതന്ത്ര്യത്തിന്റെ മഹാകാശം കാട്ടിക്കൊടുത്ത പ്രസ്ഥാനത്തിന്റെ ശോണപതാകയാണെന്ന തിരിച്ചറിവാണ് കവിയെ മുന്നോട്ടു നയിച്ചത്.
കെട്ടിക്കിടക്കുന്ന ദീനനെച്ചങ്ങലപൊട്ടിച്ചപാരത കാട്ടും സ്വതന്ത്രത- എന്നാണ് ഒ.എൻ.വിയെക്കുറിച്ചെഴുതിയ 'സ്വസ്തി" എന്ന കവിതയിൽ വി. മധുസൂദനൻ നായർ പറയുന്നത്. ഇങ്ങനെ ഓരോന്നും എടുത്തു പറഞ്ഞാൽ ഈ ലേഖനം അവസാനിക്കുകയില്ല. ഏതേതൊക്കെ തരത്തിൽ ഒ.എൻ.വിയുടെ കാവ്യവ്യക്തിത്വത്തെ അപഗ്രഥിക്കാനാകുമോ അത്തരത്തിലൊക്കെ പഠിക്കപ്പെടാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡോ. പി. സോമൻ, ഡോ. എസ്. ശ്രീദേവി, ഡോ. എസ്. രാജശേഖരൻ, ഡോ. ബി. വി ശശികുമാർ, ഡോ. എം.എ. സിദ്ദീഖ് തുടങ്ങിയവരൊക്കെ വളരെ ശ്രദ്ധേയമായ പഠനങ്ങളും പുസ്തകങ്ങളും ഒ.എൻ.വി കവിതയെക്കുറിച്ചെഴുതിയവരാണ്. അത്രയധികം പഠിക്കപ്പെടാനുള്ള യോഗ്യതയും ഉൾക്കനവും ആ കവിതയ്ക്കുണ്ട്. നൂറുരു പാടിക്കേട്ട കഥകളെ നൂറുതേച്ചൊരു തളിർ വെറ്റിലയടയ്ക്കയും പാലൂറും നാളികേരനുറുങ്ങും കറാമ്പൂവും ഏലത്തിൻ തരികളും ചേർത്ത് ഒ.എൻ.വി മുറുക്കിച്ചുവപ്പിക്കുമ്പോൾ നാട്ടുകഥകൾക്കുണ്ടാകുന്ന ചന്തവും സുഗന്ധവും ഒന്നു വേറെ തന്നെയാണ്.
നാടകഗാനങ്ങളിലൂടെയും സിനിമാഗാനങ്ങളിലൂടെയും മലയാളത്തെ സമ്പന്നമാക്കിയ കവി കൂടിയാണ് ഒ. എൻ. വി. എത്രയെത്ര പാട്ടുകളാണ് ആ അനശ്വരമായ തൂലികത്തുമ്പിൽ നിന്നൂർന്ന് വീണത്.
'ആരെയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ-
എന്നെഴുതിയ
നീരാടുവാൻ നിളയിൽ നീരാടുവാൻ നീയെന്തേ വൈകി വന്നൂ പൂന്തിങ്കളേ"... എന്ന് എഴുതിയ ഇത്തരത്തിൽ പറഞ്ഞാൽ ഏറെയേറെ പറയാനുള്ള കവിത തുളുമ്പുന്ന നിരവധി ഗാനങ്ങൾ രചിച്ച കവി എന്ന നിലയിലും കൂടിയാണ് ഒ.എൻ.വി സർവസമ്മതനാകുന്നത്,
അദ്ധ്യാപകൻ എന്ന നിലയിലും ഒ.എൻ.വി അദ്വിതീയനായിരുന്നു. ക്ലാസുകളിൽ പൊട്ടത്തമാശകൾ പറഞ്ഞ് കുട്ടികളെ ചിരിപ്പിക്കുന്ന ഓവർഷൈനിംഗ് മുൻഷി ആയിരുന്നില്ല ഒ.എൻ.വി ഗഹനമായ ആശയങ്ങളെ കാലങ്ങളോളം വിദ്യാർത്ഥികളുടെ ഉള്ളിൽ പതിപ്പിക്കുന്ന തരത്തിൽ ക്ലാസെടുക്കുന്ന പ്രതിഭാധനനായ അദ്ധ്യാപകനായിരുന്നു. ഏതു കാലഘട്ടത്തിലെടുത്തു വായിച്ചാലും പ്രസക്തമെന്നു തോന്നുന്ന ചില ഗ്രന്ഥങ്ങൾ ലോകത്തുണ്ടല്ലോ അതുപോലെയാണ് ഒ.എൻ.വിയുടെ വ്യക്തിത്വം. അതുകൊണ്ടു തന്നെ തന്റെ നിലപാടുകളിലെ കൃത്യതയും ചിന്തയുടെ സ്ഥിരതയും ഈ കവിയെ വേറിട്ടു നിർത്തുന്നു. മരണത്തിന് ഒ.എൻ.വിയെ ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നതിന് തെളിവാണ് അദ്ദേഹത്തെക്കുറിച്ച് ഇപ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുന്ന കൃതികൾ.
ഈ അടുത്ത കാലത്തായി ഒ.എൻ.വിയെക്കുറിച്ചുള്ള മൂന്നു കൃതികൾ വായിക്കാനിടയായി അതിയായ സന്തോഷവും. ആ കവിയോട് കൂടുതൽ ആരാധനയും ഉണ്ടാക്കുവാൻ പോന്ന തരത്തിൽ ഉത്തമമായിരുന്നു പ്രസ്തുത കൃതികൾ. പ്രഭാവർമ്മയുടെ 'തന്ത്രീലയ സമന്വിതം" എന്ന പുസ്തകം. ഡോ. എസ്. ശ്രീദേവിയുടെ 'സൂര്യനു മുകളിൽ" എന്ന ലേഖനം, ഗോപിനാരായണന്റെ 'കാവ്യസൂര്യന്റെ യാത്ര" എന്നിവയാണ് ആ കൃതികൾ. ഈ മൂന്ന് കൃതികളുടെയും പാരായണത്തിനൊടുവിൽ വീണ്ടും ഒ.എൻ.വി കവിതകൾ വായിച്ചു നോക്കി. ഒരിക്കൽ വായിച്ചതു തന്നെ വീണ്ടും വീണ്ടും വായിച്ചു നോക്കി. അപ്പോൾ അതാ പുതിയ അർത്ഥസൗകുമാര്യതകൾ വിടർന്നു വരുന്നു. ആസ്വാദനസാദ്ധ്യതകൾ ഉണർന്നുയരുന്നു. അനുഭൂതീലയങ്ങൾ നുരഞ്ഞുപതയുന്നു അങ്ങനെ ആ കവിതകൾ മറ്റൊരു രൂപമാർന്നു മുന്നിൽ വന്നു നൃത്തമാടുന്നു. ഇങ്ങനെ വീണ്ടും വീണ്ടും പഠിക്കപ്പെടാനുള്ള സാദ്ധ്യതകൾ ഒ.എൻ.വി കവിതയ്ക്കുണ്ട്.
മൃതിക്ക് തന്റെ ജഡം മാത്രമേ തന്നുള്ളൂ എന്നും ആത്മാവ് അദ്ധ്വാനിക്കുന്ന മനുഷ്യർക്കൊപ്പമാണെന്നും പതിറ്റാണ്ടുകൾക്കു മുമ്പേ എഴുതിയ കവിയാണ് ഒ.എൻ.വി. അദ്ദേഹത്തിന്റെ കവിത തളർന്നു വീഴുന്നവനെ താങ്ങിയെടുക്കുന്നു. കരയുന്നവരുടെ കണ്ണീരൊപ്പുന്നു, മുറിഞ്ഞ ജീവിതങ്ങളെ ചേർത്തു വിളക്കുന്നു മുടന്തുന്ന വാഴ്വിനെ മുതുകിൽ ചുമക്കുന്നു. അശരണർക്കായി അനുസ്യൂതമദ്ധ്വാനിക്കുന്നു. അതുകൊണ്ടു തന്നെ ഒ.എൻ. വി മരണമില്ലാത്ത മഹാകവിയായി ഇന്നും കാവ്യാവകാശത്തിൽ ജ്വലിച്ചു നിൽക്കുന്നു. അല്ലയോ സ്നേഹസൂര്യാ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് മലയാളം ആശിച്ചു പോകുന്നു.
(ലേഖകന്റെ ഫോൺ: 9544465542)