കേരളത്തിന്റെ മേൽവിലാസമായ കഥകളിക്ക് വേഷങ്ങൾ കൊണ്ട് ശ്രീത്വം സമ്മാനിച്ച കലാമണ്ഡലം ഗോപിക്ക് മേയ് 25 ന് ശതാഭിഷേകം
ഏഴു ദശവർഷത്തെ ഉപാസനകൊണ്ട് കഥകളിയെന്ന കേരളത്തിന്റെ കലാമുഖത്തിന്റെ പര്യായമായിത്തീർന്ന പേരാണ് കലാമണ്ഡലം ഗോപിയുടേത്. കഥകളിയ്ക്ക് പുതുജീവൻ നൽകുകയെന്ന ഉദ്ദേശ്യത്തോടെ മഹാകവി വള്ളത്തോൾ നാരായണമേനോൻ സംസ്ഥാനത്തിന്റെ കലാലയമായ കേരള കലാമണ്ഡലത്തിലേക്ക് ആനയിച്ച മഹാപ്രതിഭ.
കലാമണ്ഡലത്തിലെ അദ്ധ്യാപകനായും അല്ലാതെയും പരശ്ശതം പേരെ കഥകളി അഭ്യസിപ്പിച്ചപ്പോൾ ശിഷ്യരുടെ മാത്രമല്ല, കലാപ്രേമികളുടെയും ഗോപിയാശാനായി അദ്ദേഹം മാറി. കലാമണ്ഡലം കൃഷ്ണൻ നായർക്കും കലാമണ്ഡലം രാമൻ കുട്ടി നായർക്കും ശേഷം, രാജ്യം കണ്ട ഏറ്റവും മികച്ച കഥകളി താരമാണ് ഗോപിയാശാൻ. മേയ് 25ന് 84 തികയുന്ന ഗോപിയാശാനോടു സംസാരിക്കുകയെന്നാൽ കഥകളിയുടെ സമഗ്രമായൊരു ചരിത്രപുസ്തകം വായിക്കുന്നതിനു തുല്യമാണ്.
പതിമൂന്നിൽ കലാമണ്ഡലത്തിൽ
കലാമണ്ഡലത്തിൽ പതിമൂന്നാം വയസിൽ കഥകളി വിദ്യാർത്ഥിയായി ചേർന്നു. അതിനുമുമ്പ് ഞാൻ നാലു വർഷം പി. പി. പരമേശ്വരൻ നമ്പീശന്റെ ശിക്ഷണത്തിൽ ഓട്ടൻതുള്ളൽ അഭ്യസിച്ചിരുന്നു. എന്നാൽ, കലാമണ്ഡലത്തിൽ മഹാകവി വള്ളത്തോൾ നാരായണമേനോൻ എന്നെ പ്രവേശിപ്പിച്ചത് (1951) കഥകളി കൂടുതൽ പ്രചാരത്തിലാക്കുകയെന്ന ലക്ഷ്യം വച്ചായിരുന്നു. അന്ന് ഈ ശാഖയിൽ കലാകാരന്മാർ അധികമുണ്ടായിരുന്നില്ല. ആചാര്യനായിരുന്ന തേക്കിൻ കാട്ടിൽ രാവുണ്ണി നായരാണ് കഥകളിയെന്തെന്ന് ആദ്യമായി എനിക്ക് പറഞ്ഞു തന്നത്. ഒരു വർഷത്തെ പ്രാഥമിക പരിശീലനത്തിനു ശേഷം അരങ്ങേറ്റം നടത്തി. അതിനുശേഷം ആറുവർഷം തുടർന്നു പഠിച്ചു. കലാമണ്ഡലം കൃഷ്ണൻകുട്ടി വാരിയർ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം പത്മനാഭൻ നായർ മുതലായവരായിരുന്നു കലാമണ്ഡലത്തിൽ എന്റെ ഗുരുക്കൻന്മാർ.
വള്ളത്തോളിന് കടപ്പാട്
1930 മുതൽ 1958ൽ അന്തരിക്കുന്നതുവരെ വള്ളത്തോളായിരുന്നു കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷൻ. 1957ൽ, മഹാകവി എന്നെ കലാമണ്ഡലത്തിലെ കഥകളി വിഭാഗം അദ്ധ്യാപകനായി നിയമിച്ചു. കഥകളി വിദ്യാർഥിയായി എന്നെ അവിടെ എടുത്തതും പഠനത്തിനുശേഷം കഥകളി അദ്ധ്യാപകനായി നിയോഗിച്ചതും കലാമണ്ഡലം സ്ഥാപിച്ച മഹദ്വ്യക്തി തന്നെയായിരുന്നെന്ന് ഓർക്കമ്പോൾ അഭിമാനം തോന്നുന്നു. ഇന്ന് കലാമണ്ഡലം ഒരു സർവകലാശാലയായി വികസിച്ചിട്ടുണ്ട്. കഥകളി മാത്രമല്ല, ഭരതനാട്യം, കച്ചുപ്പുടി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ (ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ), മൃദംഗം, പഞ്ചവാദ്യം മുതലായ നമ്മുടെ ആവിഷ്കാര കലകൾക്കും മേളങ്ങൾക്കും ശിക്ഷണം കൊടുത്തുവരുന്നു. ശാസ്ത്രീയസംഗീതവും പഠിപ്പിക്കുന്നു. കേരളത്തിൽ പിറവികൊണ്ട, ക്ലാസിക്ക് പരിവേഷമുള്ള, ഭാരതീയനൃത്തകലകൾ അഭ്യസിക്കാനും ഗവേഷണം നടത്താനുമായി വിദേശികൾ ഉൾപ്പെടെയുള്ളവർ എത്തിക്കൊണ്ടിരിക്കുന്നു. മലയാളികളും സംസ്ഥാനത്തിന് പുറത്തുള്ളവരുമായ നിരവധി അധ്യോതാക്കൾ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം നേടിക്കൊണ്ടിരിക്കുന്നു. മണക്കുളം മുകുന്ദരാജയുമൊത്ത് കലാമണ്ഡലത്തിന് രൂപം നൽകമ്പോൾ മഹാകവി സ്വപ്നം കണ്ടതും ഇത്തരത്തിലുള്ള ഒരു ഉന്നമനമാണ്.
അഞ്ഞൂറിലേറെ പേരുടെ ഗുരു
ഒരു വർഷം നാലു വിദ്യാർത്ഥികളെയാണ് കഥകളി കോഴ്സിലേക്ക് എടുക്കുക. അവർ എട്ടു വർഷം പഠിക്കണം. അദ്ധ്യാപകനായും, പ്രധാന അദ്ധ്യാപകനായും പ്രവർത്തിച്ചു, 1992ൽ കലാമണ്ഡലത്തിൽ നിന്ന് വിരമിക്കുന്നതിനു മുന്നെ അഞ്ഞൂറിലേറെ വിദ്യാർത്ഥികളെ മെയ് വഴക്കമുള്ള കഥകളി കലാകാരന്മാരായി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. പുതിയ തലമുറകളിൽപ്പെട്ട ഒട്ടനവധി കലാകാരന്മാരുണ്ട് കഥകളിയെ നിലനിർത്തി കൊണ്ടു പോകാൻ എന്ന സമാധാനം. എന്റെ കുട്ടിക്കാലത്ത് ഇതായിരുന്നില്ല അവസ്ഥ. ഗുരുകുല രീതിയിലുള്ള അദ്ധ്യാപന സമ്പ്രദായമായതിനാൽ, ഗുരുവും ശിഷ്യനും തമ്മിൽ ഉത്തമമായ ബാന്ധവമാണുള്ളത്. ഇത്രയും കാലത്തിനിടയിൽ നന്നതല്ലാത്ത ഒരനുഭവവുമില്ല.
ആയിരത്തിലേറെ അരങ്ങുകൾ
ഇന്ത്യയിലും വിദേശത്തുമായി ആകെ എത്ര അരങ്ങുകളിൽ കഥകളി അവതരിപ്പിച്ചെന്ന് എനിയ്ക്ക് കൃത്യമായി പറയാൻ കഴിയില്ല. എന്നിരുന്നാലും ആയിരത്തിലേറെ വേദികളിൽ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക മുതലായ വൻകരകളിലെ രാജ്യങ്ങളിലും, ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും അവതരിപ്പിച്ചു. പാക്കിസ്ഥാൻ തുടങ്ങിയചില രാജ്യങ്ങളിലേക്കു മാത്രമേ പോകാൻ കഴിയാതിരുന്നിട്ടുള്ളൂ. കഥകളി കാണാനും അതിനെക്കുറിച്ചറിയാനും വിദേശികൾ പ്രകടിപ്പിക്കുന്ന ജിജ്ഞാസ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കഥകളിയുടെ കഥ മാത്രമല്ല, കഥാപാത്രങ്ങളെയും അവയുടെ ആവിഷ്കാരത്തിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മമായ കാര്യങ്ങളും അവർക്കറിഞ്ഞേ മതിയാവൂ.
പ്രധാന കഥാപാത്രങ്ങൾ
കെട്ടി ആടിയിട്ടുള്ള എല്ലാ വേഷങ്ങളും ഓർത്തെടുക കഠിനമാണ്. എന്നിരുന്നാലും ഓർമ്മയിലുള്ള ചിലത് പറയാം. നളചരിതത്തിലെ നളൻ, ബാഹുകൻ; ഉത്തരാസ്വയംവരത്തിലെ ബൃഹന്ദള, ദര്യോധനൻ; പ്രഹ്ളാദചരിതത്തിലെ നരസിംഹം; കചദേവയാനിയിലെ കചൻ; ബകവധം, ദുര്യോധനവധം, കല്യാണസൗഗന്ധികം മുതലായവയിലെ ഭീമൻ; കാലകേയവധം, സുഭദ്രാഹരണം, കിരാതം മുതലായവയിലെ അർജ്ജുനൻ; കിർമ്മീരവധത്തിലെ ധർമ്മപുത്രർ; കർണ്ണശപഥത്തിലെ കർണൻ മുതലായ കഥാപാത്രങ്ങൾ ചിന്തയിൽ നിത്യഹരിതമാണ്. ഇവയിൽ പല വേഷങ്ങളും എന്റെ കഥകളി ജീവിതത്തിലെ നാഴികക്കല്ലുകളാണ്.
നളൻ ഏറ്റവും ഇഷ്ടപ്പെട്ട വേഷം
നാലു ദിവസങ്ങളായി ആടുന്ന നളചരിതം ആവിഷ്കാരത്തിലെയാണ് ഏറ്റവും ഇഷ്ടപ്പെട്ട വേഷം. അദ്ധ്യാപകനായിരുന്നപ്പോൾ, കലാമണ്ഡലത്തിലെ വിദ്യാർത്ഥികളെ നളചരിതം മുഴുവൻ ചൊല്ലിയാടിച്ചത് (അവതരണവും അഭിനയവും പഠിപ്പിച്ചത്) ഞാനാണ്. വിദ്യാർത്ഥികളുമൊത്ത് വേദിയിൽ ആവിഷ്കാരം നടത്തിയിട്ടുമുണ്ട്. അരങ്ങത്ത് ഞാൻ ഏറ്റവും കൂടുതൽ വേഷമിട്ടിരിക്കുന്നതും നളചരിതത്തിനു വേണ്ടിയാണ്. രണ്ടാം ദിവസം നളനാണ് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തു നിൽക്കുന്നത്. ഈ കഥാപാത്രം മനുഷ്യജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നതിനാലാണ് ഇത്രയും അടുപ്പം തോന്നിയത്. ഡി.സി ബുക്സ്, 2018ൽ, പ്രസിദ്ധീകരിച്ച 'നളചരിത പ്രഭാവം" എന്ന പുസ്തകം രചിക്കാനുള്ള എന്റെ പ്രചോദനം നളനോടുള്ള എന്റെ ഇഷ്ടം തന്നെയായിരുന്നു. 'കഥകളിയുടെ രംഗപാഠചരിത്രം" എന്ന പ്രശസ്ത ചരിത്രാന്വേഷണഗ്രന്ഥം രചിച്ച കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിയാണ് 'നളചരിത പ്രഭാവ" ത്തിന് ആമുഖം എഴുതിയിരിക്കുന്നത്. ആട്ടക്കഥളിൽ ഏറ്റവും പ്രശസ്തമായ നളചരിതത്തിന് ഒരു ആട്ടപ്രകാരമോ അഭിനയപാഠമോ ഇല്ലെന്ന കുറവ് പരിഹരിക്കണമെന്ന് ഞാൻ മുന്നെ തന്നെ ചിന്തിച്ചിരുന്നു. ആട്ടക്കഥയുടെ അഭിനയപാഠമെന്ന് വിശേഷിപ്പിക്കാവുന്ന 'നളചരിത പ്രഭാവം" കഥകളിപ്രേമികൾക്കും അഭിനേതാക്കൾക്കും പഠിതാക്കൾക്കും ഏറെ പ്രയോജനപ്പെടുമെന്നാണ് എന്റെ വിശ്വാസം. ''കഥകളിയുടെ ചരിത്രത്തിൽ ആദ്യമായാണ് നളചരിതത്തെക്കുറിച്ച് ഇങ്ങനെയൊരു ആട്ടപ്രകാരം രചിക്കപ്പെടുന്നത്..."" എന്ന് കിള്ളിമംഗലം കുറിച്ചിട്ടുണ്ട്.
പച്ച, കത്തി, താടി...
കെട്ടിയാടുന്ന കഥാപാത്രങ്ങൾക്കനുസരിച്ചാണ് കലാകാരന്റെ മുഖത്തെഴുത്തിനുള്ള ചായം (മനയോല) വ്യത്യാസപ്പെടുന്നത്. വേഷവിധാനങ്ങളും അതുപോലെത്തന്നെ. എല്ലാം ചേർത്ത് ആറെണ്ണമുണ്ടെങ്കിലും, പച്ച, കത്തി, താടി എന്നിവയാണ് പ്രധാന വേഷങ്ങൾ. സാത്വികം, രാജസം, താമസം മുതലായ ആന്തരിക സ്വഭാവങ്ങളാണ് യഥാക്രമം പച്ച, കത്തി, താടി എന്നിവയുടെ വേഷപ്പകർച്ചകൾ. പച്ചവേഷമാണെങ്കിൽ കവിളത്ത് പച്ച മനയോലയും കത്തിവേഷമാണെങ്കിൽ ചുവപ്പ് ചുട്ടികുത്തലും, താടിവേഷമാണെങ്കിൽ വെള്ളത്താടിയോ, ചുവപ്പുതാടിയോ കറുത്തതാടിയോ ആയിരിക്കും മുഖമുദ്രകൾ.
രാമൻ, ലക്ഷ്മണൻ, വീരന്മാരായ രാജാക്കന്മാർ തുടങ്ങിയവരുടെ നന്മയെ പച്ചവേഷങ്ങൾ സൂചിപ്പിക്കുന്നു. കത്തിവേഷമാണ് രാവണൻ, ദര്യോധനൻ, കീചകൻ, ശിശുപാലൻ, നരകാസുരൻ തുടങ്ങിയവർക്ക്. ഇവരുടെ കണ്ണുകൾക്കു താഴെ നാസികയോടു ചേർത്തും പുരികങ്ങൾക്കു മുകളിലും, കത്തിയുടെ ആകൃതിയിൽ ചുവപ്പ് മനയോല തേച്ച് ചുട്ടിമാവിനാൽ അതിരുകൾ നിർമ്മിക്കുന്നു. അതിമാനുഷരായ ഹനുമാൻ, ജാംബവാൻ, മറ്റു സത്വഗുണമുള്ള കഥാപാത്രങ്ങൾക്കും വെള്ളത്താടിയാണ്. തമോഗുണരും രജോഗുണരുമായ ബകൻ, ബാലി, സുഗ്രീവൻ, ദുശ്ശാസനൻ, ത്രിഗർത്തൻ മുതലായവർക്ക് ചുവന്ന താടി. താമസസ്വഭാവികളായ വനചാരികൾ (കാട്ടാളൻ), ദുഷ്ടകഥാപാത്രങ്ങളായ ശൂർപ്പണഖ, നക്രതുണ്ടി, ലങ്കാലക്ഷ്മി മുതലായവർക്ക് കറുത്ത താടിയാണ് വേഷം. സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണ് നൽകുക. ദേവകളായ കഥാപാത്രങ്ങൾക്ക് പഴുപ്പവേഷവും. എല്ലാ വേഷങ്ങളും ആത്മാർത്ഥമായി ചെയ്യാറുണ്ടെങ്കിലും, നളൻ ഉൾപ്പെടെയുള്ള എന്റെ പച്ചവേഷങ്ങളാണ് കൂടുതൽ ജനപ്രിയമായത്.
കഥകളിയല്ല ചലച്ചിത്രം
ഞാൻ മൂന്നു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത ശാന്തം, ഷാജി എൻ. കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം, മമ്മൂട്ടി പ്രധാനവേഷം ചെയ്യുന്ന, ജയരാജിന്റെ തന്നെ ലൗഡ്സ്പീക്കർ എന്നിവ. മോഹൻലാൽ കഥകളി കലാകാരനായി വേഷമിടുന്ന വാനപ്രസ്ഥം ദേശീയ തലത്തിൽ ഏറ്റവും മികച്ച പടത്തിനുള്ള സുവർണ്ണ കമലവും, മോഹൻലാൽ ദേശീയ തലത്തിൽ ഏറ്റവും മികച്ച നടനുള്ള രജത കമലവും നേടി. കഥകളി കലാകാരനായി അഭിനയിക്കുന്ന മോഹൻലാലിനൊപ്പം ശ്രദ്ധേയമായ റോൾ എനിക്കുമുണ്ട്. ഈ പടം നിരവധി ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപ്പെടുകയും പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിരുന്നു. കഥകളിക്കാരനായി മോഹൻലാൽ നന്നായി അഭിനയിച്ചുവെന്നതും ശരിയാണ്. 'ശാന്ത"ത്തിലും എന്റെ റോൾ പ്രധാനപ്പെട്ടതാണ്. എന്നാൽ, സിനിമാ അഭിനയ അനുഭവങ്ങളിൽനിന്ന് ഞാൻ മനസിലാക്കിയ പ്രധാനപ്പെട്ടൊരു കാര്യം, ഒരു കഥകളിക്കാരനു പറ്റിയ ഇടമല്ല ചലച്ചിത്രമെന്നാണ്. ഒരു സിനിമാ നടന് നല്ലൊരു കഥകളിക്കാരനാകാനും കഴിയില്ല. 'വാനപ്രസ്ഥ"ത്തിലെ മോഹൻലാൽ അപൂർവ്വമായൊരു സംഭവമാണ്. ഒരു പക്ഷേ, മറ്റ് ഏതൊരു നടനും ഇത് സാധിക്കുമെന്ന് കരുതുന്നില്ല.
മുൻകൂട്ടി ചെയ്തതിലെ നല്ല ഭാഗങ്ങൾ സംയോജിപ്പിച്ച് ഉണ്ടാക്കുന്നതാണ് സിനിമ. ഞാൻ ഒരു നാടക നടൻ കൂടിയാണ്. അരങ്ങും വെള്ളിത്തിരയും തമ്മിൽ വ്യത്യാസമുണ്ട്. ആ വ്യത്യാസം അഭിനയ മികവിനെ സാരമായി ബാധിക്കുന്നത് കഥകളിപോലെയുള്ള കലകളുടെ ആവിഷ്ക്കാരത്തിലാണ്. ബോദ്ധ്യപ്പെട്ടത് സിനിമ കഥകളിക്കാരന്റെയോ, കഥകളി സിനിമക്കാരന്റെയോ മേഖലയല്ലെന്നാണ്. ഒരുമിച്ച് അഭിനയിക്കുന്ന വേളയിൽ വ്യക്തിപരമായി എനിക്കൊരുപാട് ഇഷ്ടം തോന്നിയ അഭിനേതാവാണ് മോഹൻലാൽ. സൗമ്യനും ലളിത സ്വഭാവക്കാരനുമാണ് അദ്ദേഹം. ഷാജി, ജയരാജ്, മമ്മൂട്ടി മുതലായവരുമായുള്ളതും ഹാർദ്ദമായ അനുഭവങ്ങളായിരുന്നു.
അടൂരിന്റെ ഡോക്യുമെന്ററി
അടൂർ ഗോപാലകൃഷ്ണൻ ലോകപ്രശസ്തനായൊരു സംവിധായകനാണ്. അദ്ദേഹം 1999ൽ ചിത്രീകരിച്ച 'കലാമണ്ഡലം ഗോപി" നോൺഫീച്ചർ ഫിലിം കാറ്റഗറിയിൽ ഏറ്റവും മികച്ച പടത്തിനുള്ള ദേശീയ പുരസ്കാരം നേടി. മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാർഡും നേടി. 2000ൽ നടന്ന International Film Festival of India- കൂടാതെ നിരവധി വിദേശരാജ്യങ്ങളിലും പ്രദർശിക്കപ്പെടുകയും സമ്മാനങ്ങൾ നേടുകയുമുണ്ടായി. ഏറെ ഇഷ്ടപ്പെട്ടു; 43 മിനിറ്റിൽ അടൂർ സാർ ഒരുക്കിയ എന്റെ കഥകളി ജീവിതം നെഞ്ചോടു ചേർത്തു പിടിക്കുന്നു. എന്നെ അഭ്രപാളിയിൽ തെളിച്ചു കാട്ടുന്നതിൽ ചലച്ചിത്രകാരൻ പൂർണമായി വിജയിച്ചിരിക്കുന്നു. അടൂർ സാറിന്റെ ഒരു ആവിഷ്കാരം മോശമാകാൻ വഴിയില്ലല്ലോ!
മീനാ നാരായണൻ 2010ൽ ചെയ്ത ഡോക്യുഫിക്ഷൻ ''Making of a Maestro""എന്റെ കഥ, കുട്ടിക്കാലം തൊട്ടു പറയുന്നുണ്ട്. ബയോഗ്രാഫി വിഭാഗത്തിൽ ഈ ഡോക്യുമെന്ററിയും ഒരുപാട് ചർച്ചചെയ്യപ്പെട്ടതാണ്. മീനക്ക് അവാർഡും ലഭിക്കുകയുണ്ടായി. പത്മശ്രീ ഉൾപ്പെടെ, മൊത്തം എൺപതോളം പുരസ്കാരങ്ങളും, ബഹുമതികളും ലഭിച്ചിട്ടുണ്ട്. എല്ലാം ഓർത്തെടുക്കുക ബുദ്ധിമുട്ടാണ്. പട്ടികയിൽ, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കേരള സംഗീത അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ് എന്നിവയൊക്കെയുണ്ട്. ഭാര്യ ചന്ദ്രിക, മൂത്ത മകൻ ജയരാജനും ഭാര്യ പ്രിയയും അവരുടെ മക്കളായ ദേവദത്തൻ, ആര്യ, ഇളയ മകൻ രഘുരാജനും ഭാര്യ കലാമണ്ഡലം ശ്രീകലയും അവരുടെ മക്കൾ മാളവിക, മയൂഖ് എല്ലാവരും സ്നേഹവും പിന്തുണയുമായി കൂടെ തന്നെയുണ്ട്.
(ലേഖകന്റെ ഫോൺ: 9048938222)