കണ്ടും കേട്ടും അമ്പനാടേക്ക് എത്തുന്നവർ നിരവധിയാണ്. ആദ്യകാലത്ത് നാട്ടുകാരെ കൊണ്ട് നിറഞ്ഞയിടത്തേക്ക് ഇന്ന് കേരളത്തിന്റെ പല ഭാഗത്ത് നിന്നുള്ളവരെയും കാണാം. പച്ചപ്പും തണുപ്പും പ്രകൃതിഭംഗിയും തന്നെയാണ് കൊല്ലം ജില്ലയിലെ ഈ മലനിരകളെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടയിടമാക്കുന്നത്. ഒപ്പം കുറച്ച് ചരിത്രപ്രാധാന്യവുണ്ടെന്നതും ഈയിടത്തെ വ്യത്യസ്തമാക്കുന്നു.
ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച അമ്പനാട് എസ്റ്റേറ്റിലെ അന്നത്തെ തേയില ഫാക്ടറി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അക്കാലത്തെ മെഷിനറി തന്നെ ഇപ്പോഴും ഉപയോഗിക്കുന്നത്. ഇപ്പോൾ ട്രാവൻകൂർ റബ്ബർ ആന്റ് ടീ കമ്പനിയുടെതാണ് ഫാക്ടറിയും എസ്റ്റേറ്റും. എസ്റ്റേറ്റ് കാണാനെത്തുന്നവർക്ക് തേയില പൊടിച്ചെടുക്കുന്നതു വരെയുള്ള എല്ലാ ഘട്ടങ്ങളും നേരിൽ കാണാം. ഫാക്ടറിയിലെ ജീവനക്കാരുടെ വേഷത്തിലും പഴയ ബ്രിട്ടീഷ്‌കാലം തെളിയും. ജാതിക്ക, ഓറഞ്ച്, പേര, സപ്പോട്ട, മാവ്, റമ്പൂട്ടാൻ അങ്ങനെ കായ്ഫലത്തോടെ നിൽക്കുന്ന ചെടികളെല്ലാം ഈ എസ്റ്റേറ്റിന്റെ പ്രൗഢി ഒന്നുകൂടി വർദ്ധിപ്പിക്കുന്നുണ്ട്. കൊല്ലത്തിന്റെ ഊട്ടിയായിട്ട് അറിയപ്പെടുന്നയിടമാണിത്.
സിംഹവാലൻ കുരങ്ങ്, ആന, മ്ലാവ്, മുള്ളൻ പന്നി, വേഴാമ്പൽ, മയിൽ, തത്ത, മൈന, കുയിൽ തുടങ്ങിയ പക്ഷികളെയും വിവിധയിനം ചിത്ര ശലഭങ്ങളെയുമൊക്കെ പോകുന്ന വഴിയിലുടനീളം കാണാം.
പാലരുവിയിലേക്ക് യാത്ര തിരിക്കുന്നവർ അമ്പനാടിന് സമീപപ്രദേശങ്ങളിലൂടെയാണ് പോകുന്നതെങ്കിലും ഇവിടെ തേയില ഫാക്ടറിയിലേക്ക് എത്തുന്നവർ കുറവാണ്. പലർക്കും ഈ സ്ഥലത്തെ കുറിച്ചറിയില്ല എന്നതാണ് വാസ്‌തവം. ജില്ലയിലെ ഏക തോയിലത്തോട്ടം കൂടിയാണിത്. പ്രകൃതി മനോഹാരിതയാൽ ഏറെ സമ്പുഷ്ടമായ അമ്പനാടിന്റെ ഒരു ഭാഗത്ത് സഹ്യപർവതവും മറുഭാഗത്ത് അച്ചൻകോവിലാറുമാണ്. വളഞ്ഞും പുളഞ്ഞും കിടക്കുന്ന റോഡിലൂടെ വേണം അമ്പനാട് വ്യൂപോയിന്റിലെത്താൻ.
എത്തിച്ചേരാൻ
കൊല്ലം ചെങ്കോട്ട ദേശീയപാതയിൽ തെന്മല വഴി അമ്പനാട്ടേക്ക് എത്താം.