eee

ചില ദുരന്തങ്ങൾ കവികൾക്കും ക്രാന്തദർശികൾക്കും മാത്രമല്ല, ഭൂമിയിലൊരാൾക്കും പ്രവചിക്കാൻ കഴിയില്ല. അത്തരമൊരു മഹാദുരന്തമാണ് കൊവിഡ്19 ഇന്ന് ഈ ലോകത്ത് വരുത്തിവച്ചിരിക്കുന്നത്. ലോകത്തെ എത്രയോ തവണ ജയിക്കാൻ തക്കതായ അണ്വായുധ ശേഖരങ്ങൾ മനുഷ്യൻ കൂട്ടിവച്ചിട്ടുണ്ട്. പക്ഷേ, സൂക്ഷ്‌മദർശിനി ഉപയോഗിച്ചാൽ പോലും കാണാൻ ബുദ്ധിമുട്ടുള്ളൊരു സൂക്ഷ്‌മാൽ സൂക്ഷ്‌മജീവി ഉണ്ടാക്കിയ ദുരന്തം പ്രവചിക്കാൻ വലിയ ശാസ്ത്രജ്ഞന്മാർക്കോ ഭവിഷ്യൽ ജ്ഞാനികൾക്കോ സാധിച്ചില്ല. സത്യം, ഇത് കവികളുടെ പരിമിതി തന്നെയാണ്.ആത്യന്തികമായ സന്ദേശങ്ങൾ പലതാണ്.

മനുഷ്യൻ താരതമ്യേന ദുർബ്ബലനായ ഒരു ജീവിയാണ്. അതിലഘുവായ മറ്റേതൊരു ജീവിക്കും നിഷ്പ്രയാസം അവനെ ഭേദിക്കാവുന്നതേയുള്ളൂ! ഭൂമിയിലെ ജീവജാലങ്ങളിൽ മനുഷ്യനു മാത്രമേ രോഗഭീതിയുള്ളൂ. മറ്റൊരു ജീവിയും ഈ ഭീഷണി നേരിടുന്നില്ല. കാരണം, അവ ജീവിക്കുന്നത് പ്രകൃതി അനുശാസിക്കുന്നതുപോലെയാണ്. മഞ്ഞിൽ ജീവിക്കുന്ന ജീവികൾക്ക് പ്രകൃതിതന്നെ മഞ്ഞുകുപ്പായം കൊടുത്തിട്ടുണ്ട്. പ്രകൃതി ജീവികളോട് എല്ലാ രീതിയിലും പൊരുത്തത്തിലാണ്. എന്നാൽ, മനുഷ്യൻ മാത്രം പ്രകൃതിയെ ചോദ്യം ചെയ്യുന്നു. ഈ ഏറ്റുമുട്ടലുകൾ മനുഷ്യനെ പ്രകൃതിയിൽനിന്ന് അകറ്റി. മനുഷ്യനും പ്രകൃതിയും രണ്ടാണെന്ന തെറ്റിദ്ധാരണ അവനുണ്ടാക്കി. ഭൂമിയിൽ എത്രയോ ജീവജാലങ്ങൾ വസിക്കുന്നു.

അവയ്‌ക്കൊക്കെയും അവകാശപ്പെട്ടതാണ് ഈ മണ്ണ്. അതിനാൽ, പ്രകൃതിക്ക് അതിന്റേതായ സന്തുലന സംവിധാനങ്ങളുണ്ട്. ഒരു പ്രത്യക വംശം മറ്റൊന്നിനുമേൽ കടന്നാക്രമണം നടത്തുമ്പോൾ, അതിനെ നിലയ്‌ക്കുനിർത്താനുള്ള വഴികൾ പ്രകൃതിതന്നെ കണ്ടെത്തും. അതാണ് പ്രകൃതിയുടെ നീതിശാസ്ത്രം. പരസ്പരം ഇരയായും ഇരയാക്കപ്പെട്ടും ഈ സമതുലിതാവസ്ഥ പാലിക്കപ്പെടും. ഒരു കാലത്ത് ദിനോസറുകൾ ഭൂമി അടക്കി ഭരിച്ചു. സഹസ്രാബ്ദങ്ങളോളം ഈ ഭൂമി അവരുടെ മാത്രമായിരുന്നു. എന്നാൽ പ്രകൃതിതന്നെ അതിന്റെ വംശനാശത്തിനു കാരണമായി. ഇതുപോലെ ഒട്ടനവധി ജീവജാലങ്ങൾ ഈ ഭൂമുഖത്തുനിന്ന് തുടച്ചു മാറ്റപ്പെട്ടിട്ടുണ്ട്. ഈ ഗതി നാളെ മനുഷ്യരാശിക്ക് വരരുത്.പ്രകൃതി മനുഷ്യനും, മനുഷ്യൻ പ്രകൃതിക്കും പരസ്‌പരം കാവലാകുകയാണ് വേണ്ടിയിരുന്നത്. പ്രകൃതിയും മനുഷ്യനും രണ്ടല്ല, ഒന്നാണ്. മനുഷ്യൻ മനസിലാക്കാൻ മറന്നുപോയത് ഈ പാരസ്‌പര്യമാണ്.