സ്ത്രീ ശക്തിയാണ്, കാരുണ്യമാണ്, മാതൃത്വമാണ് എന്നീ മഹദ് തത്വങ്ങൾ സ്വജീവിതത്തിലൂടെ സാക്ഷാത്കരിച്ചു നൂറ്റി രണ്ടുവർഷക്കാലം പ്രകാശം പരത്തി കൊണ്ട് ജീവിച്ചിരുന്ന മഹതിയായ കെ.ആർ. ഗൗരിയമ്മ എന്ന ജ്യോതിസ് അണഞ്ഞു പോയിരിക്കുന്നു. കേരളത്തിന്റെഝാൻസി റാണിയായിരുന്ന അവർ രാഷ്ട്രീയത്തിലൂടെ അറിയപ്പെടുകയും ദയയും സ്നേഹവും തന്റെ ചുറ്റും ചൊരിയുകയും ചെയ്തിരുന്നു. നിസ്സഹായരും അശണരുമായിരുന്ന സ്ത്രീ സമൂഹത്തെ തന്റെ ചിന്തകളിലും കഴിവുകളിലും കൂടെ ഉദ്ധരിച്ച് സാന്ത്വനം നൽകാൻ ഒരായുഷ്ക്കാലം മുഴുവൻ ത്രികരണങ്ങളിലൂടെ യത്നിച്ചു കൊണ്ടേയിരുന്നു.
കൈയുയർത്തി മുദ്രാവാക്യം വിളിക്കാൻ മാത്രമല്ല, ജനനന്മയ്ക്കായി അശ്രാന്തം പ്രവർത്തിക്കാനും തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. ഭൂമിയിൽ സ്വന്തമായി ഒരിടം ഓരോ മനുഷ്യന്റെയും ജന്മാവകാശമാണെന്ന് അവർ ഉറക്കെ ഉദ്ഘോഷിച്ചു. തന്റെ മന്ത്രി പദം മണിമേടയിൽ സുഖിച്ചു ജീവിക്കാനും ആർഭാട വാഹനങ്ങളിൽ പറന്നു നടക്കാനും ഉള്ളതല്ല എന്ന് നേതാക്കന്മാർക്കും പൊതുജനങ്ങൾക്കും കാണിച്ചു കൊടുത്തു. കാരുണ്യം ഉള്ളിലൊതുക്കി കൊണ്ട് തെറ്റുകൾക്ക് നേരെ കാർക്കശ്യത്തോടെ സംസാരിക്കാൻ മറ്റാർക്ക്കഴിയും. കാപട്യം ലേശവുമില്ലാതെ മനസിൽ തോന്നുന്നത് അതേപടി പ്രകടമാക്കാൻ സന്നദ്ധയായായിരുന്ന നേതാവ്, അതാണ് ഗൗരിയമ്മ.
ഗൗരിയമ്മയുടെ വലിയ മനസ് കാണാൻ കഴിഞ്ഞ ചില സന്ദർഭങ്ങൾ ഞാനിപ്പോൾ ഓർത്തു പോകുന്നു. എന്റെ അന്തരിച്ചു പോയ ഭർത്താവ് സി.കെ. സീതാറാം, ജെ. എസ്. എസ് രൂപീകരണം മുതലങ്ങോട്ടു ഗൗരിയമ്മയോടൊപ്പം പ്രവർത്തിച്ചിരുന്നു. അക്കാലത്ത് 1996 ൽ ഞങ്ങളുടെ ഇളയമകൻ അരുൺറാമിന് ഹൈദരാബാദിൽ വച്ചൊരു അപകടം പറ്റിയതിനെ തുടർന്ന് , ഞങ്ങൾ കുടുംബസമേതം ആറു മാസക്കാലം അവനോടൊപ്പം ഹൈദരാബാദിൽ തന്നെ തങ്ങി. അവനെയും കൊണ്ട് തിരിച്ച് തിരുവനന്തപുരത്തെ വീട്ടിൽ എത്തിയ ഗൗരിയമ്മ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. സി.കെ. ആറുമാസക്കാലം മാറി നിന്നതല്ലേ, അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ട് തന്നെയാണ് ഗൗരിയമ്മ അന്ന് വന്നത്. പലതും സംസാരിച്ച കൂട്ടത്തിൽ എന്നോടവർ പറഞ്ഞു.
''എനിക്ക് ഒരിക്കൽ ഒരു നെഞ്ചു വേദന വന്നു. വീട്ടിൽ അന്ന് വേറെ ആരും ഉണ്ടായിരുന്നില്ല. ഞാൻ വേഗം എഴുന്നേറ്റു അലമാരയിൽ നിന്നും ഒരു നല്ല സാരി നോക്കിയെടുത്തു ഉടുത്തു.""
അതിശയത്തോടെ ഞാൻ ചോദിച്ചു.
''അയ്യോ അതെന്തിനായിരുന്നു?""
അപ്പോൾ ചെറിയ ചിരിയോടെ പുള്ളിക്കാരത്തി പറഞ്ഞു.
''അതു പിന്നെ എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ, കാണാൻ വരുന്നവർ എന്നെ നല്ല വൃത്തിയിൽ കണ്ടോട്ടെ എന്ന് കരുതി.""
ഞങ്ങൾ ഇത് കേട്ട് ചിരിച്ചു പോയി. ഇതാണ് ഗൗരിയമ്മ. അന്ന് മടങ്ങും നേരം അവർ അനിമോന്റെ കയ്യിൽ ഒരു കവർ കൊടുത്തു. അതിൽ അയ്യായിരം രൂപ ഉണ്ടായിരുന്നു. മറ്റുള്ളവരെ പോലെ, സി.കെ. എന്നോ സീതാറാം എന്നോ പേര് വിളിക്കാതെ ഒരമ്മയുടെ സ്നേഹ സ്വാതന്ത്ര്യത്തോടെ ''എടാ""... എന്ന് വിളിച്ചിരുന്ന ആ വാത്സല്യത്തിന്റെ കരുതൽ ആണ് ആ കവറിൽ എന്ന് അന്ന് ഞങ്ങൾ മനസിലാക്കി. സി. കെ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്, ഗൗരിയമ്മ എനിക്കെന്റെ അമ്മയെ പോലെയാണ്. ശാസിക്കാനും കോപിക്കാനും ഒട്ടും മടിക്കാത്ത സ്നേഹമയിയായ അമ്മ.
ഞാനും സി.കെയും കൂടി ഞങ്ങളുടെ മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ ഗൗരിയമ്മയുടെ ഔദ്യോഗിക വസതിയിൽ പോയതും ഓർമ്മയിലുണ്ട്. വീട്ടിനുള്ളിലേക്ക് കയറിച്ചെല്ലാൻ പറഞ്ഞതനുസരിച്ച് ഞാൻ അകത്തേയ്ക്കു ചെന്നപ്പോൾ കാണുന്നത്, നിലത്തു കാൽ നീട്ടിയിരുന്ന് ഫയൽ പരിശോധിക്കുന്ന മന്ത്രിയെയാണ്. ഞങ്ങളെ കണ്ടിട്ടു തീരെ ശ്രദ്ധിക്കാതെ കുറച്ചു നേരമിരുന്നു. എന്നിട്ടു, ഫയൽ മാറ്റി വച്ച് പറഞ്ഞു, എടാ എനിക്ക് നിലത്തിരുന്നു ജോലികൾ ചെയ്യാനാണ് ഇഷ്ടം. മന്ത്രിയെ പ്രതീക്ഷിച്ച മാതൃഭവനത്തിൽ പോയ ഞാൻ കണ്ടത് എന്നെ പോലെയും മറ്റേതൊരു സ്ത്രീയെ പോലെയും സാധാരണക്കാരിയായ ഒരു സ്ത്രീയെയാണ്. ചായ തന്നു സൽക്കരിച്ചു, ഞങ്ങൾ ഇറങ്ങും നേരം, പടിവാതിൽ വരെ വന്നു യാത്രയാക്കി. അന്ന് അമ്മയുടെ ശബ്ദം വല്ലാതെ അടഞ്ഞിരുന്നു. ആ ഇടറിയ ശബ്ദം ഇന്ന് എനിക്കോർമ്മയുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അവർക്കു മേലെ നിൽക്കാൻ കഴിവുള്ള ഭരണാധികാരികൾ ഉണ്ടായിരുന്ന തായി തോന്നുന്നില്ല. എന്നിട്ടും സ്ത്രീയായത് കൊണ്ടോ ഈഴവസമുദായത്തിൽ ജനിച്ചത് കൊണ്ടോ, ഗൗരിയമ്മയ്ക്ക് എത്തേണ്ട സ്ഥാനത്തിൽ എത്താൻ കഴിഞ്ഞില്ല എന്ന ദുഃഖം ഇന്നും കേരളത്തിനുണ്ട് എന്ന് ഞാൻ കരുതുന്നു.
മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തന്റെ ജീവന്റെ സ്പന്ദനമായി കരുതി ബാല്യം മുതൽ വാർദ്ധക്യം വരെ അതിന്റെ വികാസത്തിനും വളർച്ചയ്ക്കും ഒപ്പം ജനനന്മയ്ക്കും വേണ്ടി തന്റെ ഊർജം മുഴുവൻ ചെലവഴിച്ച ആ ഉദ്ദേശശുദ്ധിയേയും അർപ്പണബോധത്തെയും സ്വാർത്ഥരും അധികാരമോഹികളുമായ കുബുദ്ധികൾ പാർട്ടിയിൽ നിന്നും പുറംതള്ളാൻ ധൈര്യപ്പെട്ടു. എന്നിട്ടും ശക്തയായ ആ സ്ത്രീ തളർന്നില്ല. തന്റെ നിശ്ചയദാർഢ്യത്തിനു ഒരു പുതുമുഖം സൃഷ്ടിച്ചു കൊണ്ട് മുന്നോട്ടു തന്നെ പോയി. അതാണ് അന്ന് രൂപം കൊണ്ട ജെ.എസ്.എസ്.
വികൃതമായ ചിന്തകളും ചാണക്യസൂത്രങ്ങളും മാത്രം കൈമുതലാക്കിയിരുന്ന നേതാക്കന്മാരുടെ മുന്നിൽ കൈകൂപ്പി നിൽക്കാൻ കഴിയാത്ത ബൗദ്ധികഅടിമത്തം ബാധിക്കാത്ത പ്രതിഭാധനരും കമ്മ്യൂണിസ്റ്റുകളും ആയ ചിലർ അന്ന് ഗൗരിയമ്മയ്ക്കൊപ്പം പാർട്ടിയിൽ നിന്നും പടിയിറങ്ങി. സി.കെയും അവരിൽപ്പെടും. ഇന്ന് ഉയരങ്ങളിൽ വിരാജിക്കുന്ന പലരേക്കാളും ധിഷണയും പ്രഭാഷണപടുത്വവും ഉദ്ദേശശുദ്ധി യും നിറഞ്ഞ സി. കെ യെ മനസിലാക്കിയ പാർട്ടിയിലെ ചുരുക്കം ചിലരിൽ ഒരാളായിരുന്നു ഗൗരിയമ്മ. ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ പറയുമായിരുന്ന ചിലതിന്റെ വളരെ ചെറിയ അംശങ്ങൾ ആണ് ഈ കുറിപ്പ്. ഒരുപക്ഷേ ഒരു മുദ്രാവാക്യത്തോടെ ആ സ്വതസിദ്ധമായ ചിരിയോടെ തിളങ്ങുന്ന കണ്ണുങ്ങളോടെ സി.കെ. ഗൗരിയമ്മയെ കൈപിടിച്ചു കയറ്റിയിട്ടുണ്ടാകും, ആ മേഘമേടയിലേയ്ക്ക്.
(ലേഖികയുടെ ഫോൺ: 08129873118)