കുഞ്ഞിനാടാത്തി കരയുന്നതു കണ്ടുകൊണ്ടാണ്, അപ്പു സ്‌ക്കൂളിൽ നിന്നും വന്നത്. കുഞ്ഞിനാടാത്തിക്ക് പ്രായം അറുപതോ എഴുപതോ ആയിരിക്കും. ചിലപ്പോ അൻപത് ആവാനും മതി. സ്‌ക്കൂളി പഠിക്കാത്തോണ്ടും ജാതകം എഴുതാത്തോണ്ടും പ്രായം അറിയില്ല. കറുത്ത നിറം ചുളുങ്ങിയ തൊലി അഞ്ചടിപ്പൊക്കം. പൊക്കിളിനു മുകളീന്ന് മുട്ടിന് താഴെവരെ കള്ളിമുണ്ട്. അയഞ്ഞ ജംബർ മുഷിഞ്ഞ തോർത്ത്. ജംബറിനും കള്ളിമുണ്ടിനുമിടയ്‌ക്ക് കറുത്ത റിബൺ പോലെ ഒട്ടിയ വയർ.
സാധാരണ അപ്പു സ്‌ക്കൂളീന്നു വരുമ്പം കുഞ്ഞിനാടാത്തി വാഴേടെ മൂട്ടിൽ കുന്തിച്ചിരുന്ന് ചാമ്പലും ചകിരീം കൊണ്ട് പാത്രം കഴുകുകയായിരിക്കും. ചിലപ്പോ വെള്ളരിമാവിൻ ചോട്ടിലിരുന്ന് മീൻ വെട്ടുന്നതു കാണാം. അപ്പോൾ പൂച്ചേടെ കരച്ചിൽ കേട്ടാണ് അപ്പു കുഞ്ഞിനാടാത്തിയെ നോക്കാറുള്ളത്. മറ്റു ചിലപ്പോ വിറകുപുരയിൽ ചാരിയിരുന്ന് പേനാക്കത്തികൊണ്ട് ഈർക്കിലിൽ നിന്നും പച്ചയോല രാകിയെടുക്കുകയായിരിക്കും. 'എലക്കെടുക്കുക"" എന്നാണ് അതിനെ കുഞ്ഞിനാടാത്തി പറയുന്നത്. ഈർക്കിലിൻ പറ്റിയിരിക്കുന്ന ഓലനൂൽ ഒന്നൂടി രാകി പച്ചീർക്കിൽ 'തൊറപ്പ"" യുണ്ടാക്കാനും ഓല പശൂനു കൊടുക്കാനും ഇടത്തും വലത്തുമായി വയ്‌ക്കും.
ശനീം ഞായറും സ്‌ക്കൂളി പോണ്ടാത്ത ദിവസങ്ങളിലും കുഞ്ഞിനാടാത്തി വേറേം ചില ജോലികൾ ചെയ്യുന്നത് അപ്പു കാണാറുണ്ട്. ഒരു കുഞ്ഞൻ ഉളികൊണ്ട് തോടുകളഞ്ഞ പുളിയുടെ പള്ളയ്‌ക്കു കുത്തി കുരു പുറത്തുചാടിക്കുന്ന പണിയാണ് അതിലൊന്ന്. എന്നിട്ട് നാരും വലിച്ചൂരും. കുരുവും നാരുമില്ലാത്ത പുളി ആനപ്പിണ്ടത്തിന്റെ വലിപ്പത്തിൽ കൂട്ടി വയ്‌ക്കും. പുളിങ്കുരു വറുത്ത് അപ്പൂന് തിന്നാൻ തരും. അതും വായിലിട്ടോണ്ട് അപ്പു കളിക്കാമ്പോവും.
വളഞ്ഞ വലിയ ഉളി കൊണ്ട് കൊപ്രാതേങ്ങേന്ന് ചിരട്ടയെ വേർപെടുത്തുന്നതും കാണാം. പിന്നീട് തേങ്ങ പീസ് പീസായി മുറിക്കുമ്പോ അപ്പൂന് തിന്നാൻ കിട്ടും.
കുഞ്ഞിനാടാത്തി പാവാണ്. ആർക്കും ഒരു ശല്യോമില്ല. നമ്മുടെ വീട്ടിലും കനകന്റെ വീട്ടിലും ജോലിക്ക് പോകും. രണ്ടിടത്തുന്നും ചോറ് കിട്ടും. നമ്മുടെ ചോറ് തിന്നും. കനകന്റെ ചോറ് കോഴിക്ക് കൊടുക്കും. വർഷംതോറും ഓണത്തിന് നമ്മള് മുണ്ടും ജംബറും കൊടുക്കും. കനകൻ കൈലീം തോർത്തും കൊടുക്കും. അടുത്ത ഓണം വരുമ്പം കഴിഞ്ഞ ഓണത്തിന് കിട്ടിയ മുണ്ട് ഉടുക്കും. എപ്പോഴും ഒരെണ്ണം റിസർവിൽ കാണും. കനകന്റെ കൈലീം തോർത്തും വർഷം മുഴുവൻ ഉടുക്കും. കുളിക്കാത്തോണ്ട് മാറ്റേണ്ട കാര്യമില്ല. കുളിച്ചില്ലങ്കിലും കുഞ്ഞിനാടാത്തിക്ക് നാറ്റമൊന്നുമില്ല.
കോഴിമുട്ട വിറ്റ കാശ് കൂട്ടിക്കുട്ടി വച്ച് ചിലപ്പോ അഞ്ഞൂറ് രൂപയൊക്കെ കാണും. അച്‌ഛന്റെ ശമ്പളം പതിനഞ്ചാം തീയതിയാവുമ്പം തീരും. ചിലപ്പോ കുഞ്ഞിനാടാത്തീടേന്ന് കടം വാങ്ങും. കുഞ്ഞിനാടാത്തിക്ക് ചെലവൊന്നുമില്ലാത്തോണ്ട് എപ്പോഴും അഞ്ഞൂറ് രൂപ മിച്ചം കാണും.
കുഞ്ഞിനാടാത്തി ചിരിക്കുന്നത് അപ്പു കണ്ടിട്ടേയില്ല. കരയുന്നതും.
''ആരാ കുഞ്ഞി നാടാത്തിയെ കരയിച്ചത്?""
അപ്പു ദേഷ്യത്തോടെ ചോദിച്ചു.
''ആരും കരയിച്ചതല്ല. ഉണ്ണിയപ്പം കൊടുത്തതിനാ!""
അപ്പു വീണ്ടും വന്ന് കുഞ്ഞിനാടാത്തിയെ നോക്കി. കണ്ണുനീര് കവിളിലൂടെ ഒലിച്ച് ജംബറിലൂടെ ഇഴഞ്ഞ് വയറുവരെയെത്തി. കൈ ചെറുതായി വിറയ്‌ക്കുന്നുണ്ട്. കറുത്ത രണ്ട് കൈകളിലും രണ്ട് കറുത്ത ഉണ്ണിയപ്പങ്ങൾ!
ചൂട് കാരണം കൈ പൊള്ളിക്കാണുമോ?അപ്പു വീണ്ടും അടുക്കളയിലെത്തി. അപ്പക്കാരയിൽ നീണ്ട കമ്പികൊണ്ട് കുത്തി ഉണ്ണിയപ്പം മറിച്ചിടുന്നതിനിടയിൽ അമ്മ പറഞ്ഞു.
''അവർക്ക് ആദ്യായിട്ടാ ആരെങ്കിലും ഉണ്ണിയപ്പം കൊടുക്കുന്നത്!""
ആദ്യായിട്ട് ഉണ്ണിയപ്പം കിട്ടുമ്പം ആളുകള് കരയോ? അപ്പൂന് ആദ്യായിട്ട് കിട്ടിയപ്പം അപ്പു കരഞ്ഞോ? അപ്പൂന് ഒന്നും മനസ്സിലായില്ല.
ബൈക്ക് കിട്ടാത്തതിന് ആത്മഹത്യ ചെയ്ത ചേട്ടന്റെ ഫോട്ടോയിലേക്ക് നോക്കിയിട്ട് അമ്മ പറഞ്ഞു.
''ഇഗ്‌നൊറൻസ് ഈസ് ബ്ലിസ്സ്.""