കോളിഫ്ളവർ കറി
ചേരുവകൾ
കോളഫ്ളവർ: 1 വലുത്
ഉരുളക്കിഴങ്ങ്: 2 എണ്ണം പുഴുങ്ങി തൊലി കളഞ്ഞത്
മല്ലിയില അരിഞ്ഞത്: 1 ടേബിൾ സ്പൂൺ
പച്ചമുളക്: 1 എണ്ണം ചെറുതായരിഞ്ഞത്
സവാള: 1 എണ്ണം
മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ
മല്ലിപ്പൊടി: അര ടീസ്പൂൺ
നാരങ്ങാനീര്: 1ടീസ്പൂൺ
ജീരകം: അര ടീസ്പൂൺ
തൈര്: 2 ടേബിൾ സ്പൂൺ
എണ്ണ: 3
ഉപ്പ്: പാകത്തിന്
അരപ്പിന്
ചുരണ്ടിയ തേങ്ങ: 2 ടേബിൾ സ്പൂൺ
മല്ലിയില അരിഞ്ഞത്: കാൽക്കപ്പ്
പച്ചമുളക്: 3 എണ്ണം
ഇഞ്ചി ഗ്രേറ്റ് ചെയ്തത്: അരടീസ്പൂൺ
വെളുത്തുള്ളി:1ടീസ്പൂൺ
ഗോതമ്പുപൊടി: അരടീസ്പൂൺ
സവാള: 1
തയ്യാറാക്കുന്ന വിധം:
കോളിഫ്ളവർ പൂക്കളായടർത്തി തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ട് മൂന്നു, നാല് മിനുറ്റ് വയ്ക്കുക. അതിനുശേഷം വെള്ളം കളയുക. ഉരുളക്കിഴങ്ങ് ഇടത്തരം വലിപ്പമുള്ള കഷണങ്ങളാക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ജീരകം ഇട്ട് വറുക്കുക. പൊട്ടുമ്പോൾ സവാളയും പച്ചമുളകും ഇട്ട് വഴറ്റി പിങ്ക് നിറമാക്കുക. അരയ്ക്കാനുള്ളവ നന്നായരച്ച് ഇതിൽ ചേർക്കുക. ഒപ്പം മഞ്ഞളും മല്ലിപ്പൊടിയും ചേർത്ത് രണ്ടുമൂന്നു മിനുറ്റ് വഴറ്റുക. തൈരൊഴിച്ച് തുടരെ ഇളക്കുക. ഉരുളക്കിഴങ്ങ്, കോളിഫ്ളവർ, ഉപ്പ് എന്നിവ ചേർന്ന് വേവിക്കുക. ഇടയ്ക്ക് മാത്രം ഇളക്കുക. ചുവട്ടിൽ പിടിക്കാതിരിക്കാനാണിത്. ചാറ് കുറുകിയാൽ എണ്ണ മീതെ തെളിയും, നാരങ്ങാനീരൊഴിച്ച് വഴറ്റുക, മല്ലിയില വിതറി ചൂടോടെ വിളമ്പുക.
പൊട്ടറ്റോ മസാലക്കറി
ചേരുവകൾ
ഉരുളക്കിഴങ്ങ്: 500ഗ്രാം
തക്കാളി: ഒരെണ്ണം
കാപ്സിക്കം: ഒരെണ്ണം
സവാള: ഒരെണ്ണം
മല്ലിപ്പൊടി: രണ്ടു ടേബിൾ സ്പൂൺ
തൈര്: മുക്കാൽ ടീസ്പൂൺ
കുരുമുളക് പൊടി: ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ
ജീരകം, വെളുത്തുള്ളി, ഇഞ്ചി: അര ടീസ്പൂൺ
എണ്ണ: മൂന്ന് ടേബിൾ സ്പൂൺ
ഉപ്പ്: പാകത്തിന്
ബേലീഫ്: ഒരെണ്ണം
തയ്യാറാക്കുന്നവിധം:
എണ്ണ ഒരു പാനിലൊഴിച്ച് ചൂടാക്കുക. ഇതിൽ സവാളയും ബേലീഫും ഇട്ട് മൂന്ന്, നാലു മിനുറ്റ് വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ഗ്രേറ്റ് ചെയ്തശേഷം ഒരു മിനുറ്റ് കൂടി വയ്ക്കുക. പിന്നെ കടുകും ജീരകവും ഇടുക. ഉരുളക്കിഴങ്ങ് ചുരണ്ടി കഴുകി ചെറുസമചതുരക്കഷണങ്ങൾ ആക്കി വയ്ക്കുക. തക്കാളിയും കാപ്സിക്കവും കഴുകി ചെറുതായി അരിഞ്ഞിടുക. നന്നായിളക്കി 4-5 മിനുറ്റ് വേവിക്കുക. തുടരെ ഇളക്കുക. മഞ്ഞൾ, മല്ലിപ്പൊടി, മുളകു പൊടി എന്നിവ ചേർക്കുക. നന്നായടിച്ച തൈരും ഉപ്പും ചേർക്കുക. പതിയെ ഇളക്കി പത്തുമിനുറ്റടച്ചു വച്ച് ചെറുതീയിൽ വച്ച് വേവിക്കുക, വാങ്ങി ചൂടോടെ വിളമ്പുക.
പൊട്ടറ്റോ പാലക് കറി
ചേരുവകൾ
ഉരുളക്കിഴങ്ങ്: 2 വലുത്,
പാലക്ക് ചീര: ചെറുതായരിഞ്ഞത് കപ്പ്
സവാള: 2 വലുത്, ചെറുതായരിഞ്ഞത്
തക്കാളി: 1
പച്ചമുളക്: 2 എണ്ണം
ഇഞ്ചി: 1 കഷണം
നാരങ്ങാനീര്:അര ടീസ്പൂൺ
ഗോതമ്പുപൊടി: അര ടീ സ്പൂൺ
മുളകുപൊടി: ഒരു ടീസ്പൂൺ
പട്ട, ഗ്രാമ്പു പൊടി: ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ
ജീരകം: അര ടീ സ്പൂൺ
ഗരം മസാലപ്പൊടി: അര ടീ സ്പൂൺ
എണ്ണ: നാലര ടേബിൾ സ്പൂൺ
ഉപ്പ്: ആവശ്യത്തിന്
കായപ്പൊടി: രണ്ട് നുള്ള്
തയ്യാറാക്കുന്നവിധം:
പാലക്ക് ചീര ഒരു പാത്രത്തിലിടുക. ഉപ്പിട്ട് കുറച്ചു വെള്ളം തളിക്കുക. രണ്ടു മിനുറ്റ് ഉയർന്ന തീയിൽ അടച്ചുവച്ച ശേഷം വാങ്ങുക. ഇതിന് മീതെ വെള്ളം ഒഴിച്ച് വെള്ളം തോർത്തി വയ്ക്കുക. ഇതൊരു മിക്സി ജാറിലാക്കുക. പച്ചമുളകും ചേർത്തരയ്ക്കുക. തരുതരുപ്പായരച്ചാൽ മതിയാകും. ഇത് മാറ്റിവയ്ക്കുക.
ഉരുളക്കിഴങ്ങ് വലിയ കഷണങ്ങൾ ആയി അരിയുക, ചൂടെണ്ണയിൽ വറുത്ത് ഇളം ബ്രൗൺ നിറമാക്കുക. കോരി വയ്ക്കുക. ഇതേ എണ്ണയിൽ ജീരമിട്ട് വറുക്കുക, ഇഞ്ചിയും സവാളയും ചേർന്ന് വഴറ്റി മയമാക്കുക. എല്ലാ മസാലകളും ചേർക്കുക. എണ്ണ മീതെ തെളിയും വരെ വറുക്കുക. പാലക് ചീരയും ഉരുളക്കിഴങ്ങും നന്നായിളക്കുക. രണ്ടു മൂന്ന് മിനുറ്റ് തിളപ്പിക്കുക. നാരങ്ങാനീര് ഒഴിക്കുക. അൽപ്പം എണ്ണയിൽ കായപ്പൊടിയിട്ട് വറുത്ത് കറിക്ക് മീതെ ചേർത്ത് പതിയെ ഇളക്കുക.
പൊട്ടറ്റോ പീസ് കറി
ചേരുവകൾ
ഗ്രീൻപീസ്: ഒരു കപ്പ്
ഉരുളക്കിഴങ്ങ്, തക്കാളി, പച്ചമുളക്: 2 എണ്ണം വീതം
ഉള്ളി: 1
മഞ്ഞൾപ്പൊടി: ഒരു നുള്ള്
ഉപ്പ്: പാകത്തിന്
മല്ലിയില അരിഞ്ഞത്:അരക്കപ്പ്
വെളുത്തുള്ളി:1 വലുത്
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളി, മല്ലിയില, തക്കാളി, ഉപ്പ്, പച്ചമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവ അരയ്ക്കുക. പ്രഷർ കുക്കറിൽ എണ്ണ ഒഴിക്കുക. ചൂടായാൽ അരപ്പിട്ട് എണ്ണ മീതെ തെളിയും വരെ വറുക്കുക, ഉരുളക്കിഴങ്ങ് കഷണങ്ങൾ, പീസ് എന്നിവയിട്ട് ഇളക്കി വെള്ളം ഒഴിച്ചടച്ച് വേവിച്ച് വിളമ്പുക.