ithi

മഹാവിഷ്ണുവിന് പത്ത് അവതാരങ്ങൾ ഉണ്ടെന്നാണ് ഹിന്ദു വിശ്വാസം. ഇതിൽ ഒൻപതെണ്ണവും സംഭവിച്ചുകഴിഞ്ഞു. പത്താം അവതാരമായ കല്കി കലിയുഗത്തിൽ അവതരിക്കുമെന്നും കരുതപ്പെടുന്നു. ആകെ 4,32,000 വർഷങ്ങളുള്ള കലിയുഗത്തിന്റെ ആദ്യത്തെ 5000 വർഷങ്ങൾ മാത്രമേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. ഒൻപതാം അവതാരമായ ശ്രീകൃഷ്ണൻ മരിച്ചതിന്റെ അടുത്തദിവസം മുതൽ കലിയുഗം ആരംഭിച്ചതായി പരിഗണിക്കുന്നു. മഹാവിഷ്ണുവിന്റെ ഓരോ അവതാരവും അതാത് യുഗത്തിന്റെ അവസാന നാളുകളിലാണ് സാധാരണ സംഭവിക്കാറ്. അങ്ങനെയെങ്കിൽ ഇനിയും 4,27,000 വ‌ർഷങ്ങൾ കൂടി കഴിയാറാകുമ്പോൾ മാത്രമേ കല്കി അവതാരം സംഭവിക്കാൻ ഇടയുള്ളൂ. അതുവരെ ഇന്നു ലോകത്തു നടക്കുന്ന തട്ടിപ്പും വെട്ടിപ്പും ചതിയും വ‌ഞ്ചനയും സ്നേഹമില്ലായ്മയും പലിശ സമ്പ്രദായവും ദുഷ്ടതയും പീഡനവും ഒക്കെ കാണുകയും അനുഭവിക്കുകയും മാത്രമേ നിർവാഹമുള്ളൂ. ഇപ്പോൾ ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യന്റെയും അനുഭവത്തിൽ മേൽ സൂചിപ്പിച്ചവയുടെ വ്യാപ്തി കൂടിക്കൂടി വരുന്നുണ്ടോയെന്ന് സ്വയം ചിന്തിച്ചു നോക്കാവുന്നതേയുള്ളൂ. ഇനി 4,27,000 വർഷങ്ങൾ കൂടി കഴിയാറാകുമ്പോൾ ഇലക്ട്രോണിക് സംവിധാന സഹായത്തോടെ ഇതിന്റെ വ്യാപ്തി എവിടെയെത്തുമെന്ന് ചിന്തിക്കുന്നത് നല്ല കൗതുകകരമായിരിക്കും. കല്കി അവതരിച്ച് അന്നു ജീവിച്ചിരിക്കുന്ന ദുഷ്ടന്മാരെയൊക്കെ (ഒരുപക്ഷേ മറ്റുള്ളവരെയൊക്കെ) നിഗ്രഹിച്ചാൽ മാത്രമേ ഭൂമിയിൽ സത്യവും നന്മയും സ്നേഹവും സഹിഷ്ണുതയും ഒക്കെയുള്ള ഒരു ജീവിതരീതി വീണ്ടും നടപ്പാവൂ. അത് ഒരുപക്ഷേ അടുത്ത ചതുർയുഗത്തിന്റെ കൃതായുഗത്തിലാവാം. നമ്മെ അശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യം പത്താം അവതാരത്തിന്റെ രൂപമാണ്. പുരാണഗ്രന്ഥങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന രൂപം ആയുധമേന്തിയ അശ്വാരൂഢനായ ഒരു രാജാവിന്റേതാണ്. ഇത് യുക്തിസഹമാകണമെന്നില്ല. എങ്കിലും അഞ്ചാം അവതാരമായ വാമനൻ മുതൽ എല്ലാം മനുഷ്യരൂപങ്ങളാണ്.

ബ്രഹ്മാവിന്റെ പൗത്രനായ കശ്യപ പ്രജാപതിയുടെ അദിതി എന്ന ഭാര്യയിൽ ജനിച്ച സന്തതി പരമ്പരകൾ ദേവവർഗവും മറ്റൊരു ഭാര്യയായ ദതിയിൽ ജനിച്ച സന്തതി പരമ്പരകൾ അസുരവർഗവുമായും പരിണമിച്ചു. അസുര പരമ്പരയിൽ ഏറ്റവും വലിയ വിഷ്ണു ഭക്തനായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. സത്യസന്ധതയിലൂന്നിയ ഭരണം കാരണം പ്രജകളെല്ലാം മഹാബലിയെ വാനോളം പുകഴ്ത്തിയിരുന്നു. ഭരണമികവ് കൊണ്ട് ഭൂമിയും സ്വർഗവും പാതാളവുമെല്ലാം മഹാബലിയുടെ കീഴിലായി. ഇതോടെ സ്വർഗവാസികളായിരുന്ന ദേവകൾക്ക് സ്വതന്ത്രമായി കഴിയാൻ ഒരിടമില്ലാതായി. അവർ അവിടവിടെയായി ഒളിഞ്ഞും പതുങ്ങിയും ജീവിക്കേണ്ട ഒരു പരിതസ്ഥിതിയിലായി. ഇതുകണ്ട് ദേവകളുടെ ആദിമാതാവായ അദിതിക്ക് ഏറെ മനോവിഷമമുണ്ടായി. തന്റെ പുത്ര പരമ്പരകളുടെ കഷ്ടപ്പാടുകൾ മനസിലാക്കിയ അദിതി കശ്യപനോട് തന്റെ കുട്ടികളെ രക്ഷിക്കണമെന്നപേക്ഷിച്ചു. അദിതിയുടെ സങ്കടത്തിൽ ന്യായമുണ്ടെന്നു തോന്നിയ കശ്യപൻ മഹാവിഷ്ണുവിനെ ധ്യാനിച്ചുകൊണ്ട് സ്ഥിരമായി ദ്വാദശി വ്രതം അനുഷ്ഠിക്കാൻ ഉപദേശിച്ചു. അദിതി കൃത്യമായി അനുഷ്ഠാനങ്ങളോടെ വ്രതം നോറ്റു. തൃപ്തനായ വിഷ്ണു അദിതിക്ക് മുന്നിൽ പ്രത്യക്ഷനായി. ''ദേവിയുടെ ആവലാതി എന്താണ്?" വിഷ്ണു ചോദിച്ചു.

'' എന്റെ സന്തതി പരമ്പരകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് ഒരറുതി വരുത്തിത്തരണം." ദയനീയമായി അദിതി അപേക്ഷിച്ചു.

''ദേവി, ഞാൻ തന്നെ ദേവിയുടെ ഒരു പുത്രനായി ജനിച്ച് ഇതിനൊരു പരിഹാരമുണ്ടാക്കി തരാം.ദേവി വ്രതം തുടരുക." അദിതിയെ സമാധാനിപ്പിച്ച് വിഷ്ണു മറഞ്ഞു. യഥാകാലം അദിതി ഗർഭം ധരിച്ച് ഒരു കുഞ്ഞിനെ പ്രസവിച്ചു. ജനന സമയത്ത് കുഞ്ഞിന് ശംഖ്, ചക്രം, ഗദ, പത്മം എന്നിവയേന്തിയ നാലു കൈകൾ ഉണ്ടായിരുന്നു. ഇതുകണ്ട് കുഞ്ഞ് മഹാവിഷ്ണു തന്നെയെന്ന് കശ്യപനും അദിതിയും മനസിലാക്കി. അവർ നോക്കി നിൽക്കുമ്പോൾ തന്നെ രണ്ടു കൈകളും മറ്റ് വസ്തുക്കളും അപ്രത്യക്ഷമായി ഒരു സാധാരണ ബ്രഹ്മണ കുമാരന്റെ (വടു) രൂപത്തിൽ ആയി. ശിശുവിന് പല ദേവന്മാരും ആഗതരായി പലതരം വസ്തുക്കൾ സമ്മാനമായി നൽകി.