മുഖസൗന്ദര്യത്തിൽ ഏറെ പ്രധാനമാണ് കവിളുകൾ. കവിളുകൾക്ക് സൗന്ദര്യം ഉണ്ടാകണമെങ്കിൽ ടെൻഷൻ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
* ദിവസവും രാവിലെ എഴുന്നേറ്റയുടൻ കൈകൾ കൊണ്ട് കവിളുകൾ മുകളിലേക്ക് തടവണം. ഇതുവഴി രണ്ടു പ്രയോജനമുണ്ട്. രക്തയോട്ടം വർദ്ധിക്കും. പേശികൾ ഊർജ്ജസ്വലമാകും.
* പച്ചവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയുള്ള ടൗവൽ കൊണ്ട് മുഖം കൂടെക്കൂടെ തുടയ്ക്കുന്നത് കവിളുകൾക്ക് നല്ലത്.
* ഉറങ്ങുന്നതിന് മുമ്പ് ശുദ്ധമായ വെണ്ണ മുഖത്ത് പുരട്ടി രാവിലെ എഴുന്നേറ്റാലുടൻ ആദ്യം പച്ചവെള്ളത്തിലും പിന്നീട് ചൂട് വെള്ളത്തിലും കഴുകിയാൽ മുഖം മൃദുലവും മിനുസവും ആയിരിക്കും.
കവിളൊട്ടിയാൽ
തൂങ്ങിയ കവിളുകളും കുഴിഞ്ഞ കവിളുകളും സൗന്ദര്യം കെടുത്തും. കുഴിഞ്ഞ കവിളിലേക്ക് കൊഴുപ്പ് കുത്തിവച്ചും തൂങ്ങിയ കവിളിൽ നിന്നും കൊഴുപ്പ് വലിച്ചെടുത്തും മനോഹരവും യുവത്വമുള്ളതുമായ കവിളുകളുടെ ആകൃതി വരുത്താം.
ചുണ്ടുകളുടെ ഭംഗി
നല്ല ചുണ്ടുകൾ മുഖത്ത് വരുത്തുന്ന മാറ്റത്തെക്കുറിച്ച് പറയേണ്ടതില്ല. ചുണ്ടുകൾ പൊട്ടിപ്പൊളിഞ്ഞതും തൊലിവരണ്ടതും കറുത്തതുമായാൽ അവയുടെ ആകർഷണം കുറയും. പ്രത്യേകിച്ച് വേനൽക്കാലത്ത്. മഞ്ഞുകാലത്തും ചുണ്ടുകളിൽ പ്രശ്നമാണ്.
ചുണ്ടുകളുടെ പരിരക്ഷ
* ചുണ്ടുകൾ വൃത്തിയായി കഴുകുകയാണ് പ്രധാന ആവശ്യം. രാത്രി കിടക്കുന്നതിനുമുമ്പ് ചുണ്ടുകളിൽ ഗ്ലിസറിൻ പുരട്ടുക.
* തൊലി പൊളിയുന്ന ചുണ്ടുകളിൽ ദിവസവും രണ്ടുനേരം പാൽപ്പാട പുരട്ടുക.
* യാത്ര ചെയ്യുമ്പോൾ ചുണ്ടുകളിൽ വാസലിൻ അഥവാ പെട്രോളിയം ജെല്ലി പുരട്ടുക.
* ചുണ്ടുകൾക്ക് സാധാരണ മഞ്ഞുകാലത്ത് പൊട്ടൽ സംഭവിക്കാറുണ്ട്. ഇത് ഉണ്ടാകാതിരിക്കാൻ ഇളം ചൂട് വെള്ളത്തിൽ ചുണ്ടുകൾ നല്ലവണ്ണം കഴുകിയശേഷം നെയ്യ്, തേൻ എന്നിവ ചുണ്ടിൽ തടവുക. ചുണ്ട് ഇടയ്ക്കിടെ നാവ് കൊണ്ട് നനയ്ക്കാൻ പാടില്ല. പകരം കോലരക്ക് ചുണ്ടിൽ പുരട്ടാം.
* സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി ലിപ്സ്റ്റിക് പോലുള്ള ബ്യൂട്ടികോസ്മെറ്റിക് വാങ്ങി സ്ഥിരമായി ചുണ്ടിൽ പുരട്ടരരുത്. എന്തെങ്കിലും വിശേഷാവസരങ്ങളിൽ മാത്രം ലിപ്സ്റ്റിക് ഉപയോഗിക്കുക. അതും ലളിതമായി മാത്രം.
* ചുണ്ടുകൾക്ക് പൊരിച്ചിൽ മാറ്റി നല്ല നിറം കിട്ടാൻ ദിവസവും തേൻ പുരട്ടുക.
ചുണ്ടുകളുടെ അഭംഗി മാറ്റാൻ
ആധുനിക വൈദ്യശാസ്ത്രത്തിൽ ചുണ്ടുകൾക്ക് കൂടുതൽ ഭംഗിയേകാനും മുച്ചിറി തുടങ്ങിയ വൈകൃതങ്ങൾ മാറ്റാനും ശസ്ത്രക്രിയകളുണ്ട്. തടിച്ച ചുണ്ടും കനം കുറഞ്ഞ ചുണ്ടും സുന്ദരമാക്കാൻ മാർഗങ്ങളുണ്ട്.
കഴുത്തിനഴക്
മുഖസൗന്ദര്യത്തെപ്പോലെ തന്നെ ശ്രദ്ധ കൊടുക്കേണ്ടതാണ് കഴുത്തിനും. മുഖത്ത് ഉപയോഗിക്കുന്ന എല്ലാ കോസ്മെറ്റിക്കുകളും കഴുത്തിലും ഉപയോഗിക്കാം. കഴുത്തിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. മുഖത്ത് മാത്രമുള്ള തിളക്കവും മിനുപ്പും കഴുത്തിലും കണ്ടില്ലെങ്കിൽ കാഴ്ചയ്ക്ക് അഭംഗിയാണ്. പ്രായം നമ്മിലേൽപ്പിക്കുന്ന ചുളിവുകളും ജരാനരകളും ആദ്യം പ്രത്യക്ഷപ്പെടുന്നത് തലയിലും കഴുത്തിലുമാണ്. അന്തരീക്ഷവുമായി കഴുത്തും തലയും എപ്പോഴും സമ്പർക്കത്തിലാണ്. മാത്രമല്ല, സോപ്പ് വെള്ളം ഉപയോഗിച്ച് നാം കഴുത്ത് കഴുകാറുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് കഴുത്തിൽ എളുപ്പം ചുളിവ് വരാൻ സാദ്ധ്യതയേറെയാണ്.
അതുകൊണ്ടാണ് മുഖചർമ്മത്തിന് നൽകുന്ന സംരക്ഷണം കഴുത്തിനും നൽകണമെന്ന് പറയുന്നത്. സാധാരണ മോയ്്സ്ചറൈസർ കഴുത്തിലെ ചർമ്മസംരക്ഷണത്തിന് മതിയാകും. മോയ്സ്ചറൈസർ ഉപയോഗിച്ച് കഴുത്ത് മസാജ് ചെയ്യുകയാണെങ്കിൽ ചർമ്മസംരക്ഷണം മാത്രമല്ല, കഴുത്തിനുണ്ടാകുന്ന അസ്വസ്ഥതകൾ ഒഴിവാക്കാനും സാധിക്കും.
കഴുത്തിന്റെ ആരോഗ്യത്തിന്
* പതിവായി, കഴുത്തിൽ താഴെനിന്ന് മുകളിലേക്ക് കൈകൾ കൊണ്ട് അമർത്തി സാവധാനം മസാജ് ചെയ്യുക.
* ദിവസവും ഏതെങ്കിലും നറീഷിംഗ് ക്രീം ഉപയോഗിച്ചോ പാൽപ്പാട, മഞ്ഞൾപ്പൊടി, നാരങ്ങാനീര് എന്നിവയുടെ മിശ്രിതം ഉപയോഗിച്ചോ മസാജ് ചെയ്യുക. ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയുക. ചുളിവുകൾ വീഴാതിരിക്കാൻ ഇത് ഉപകരിക്കും.
* പുറത്ത് പോകുമ്പോൾ കഴുത്തിൽ സൂര്യപ്രകാശം ഏൽക്കാതിരിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. അൾട്രാവയലറ്റ് രശ്മികൾ കഴുത്തിലെ ചർമ്മത്തിന് ദോഷം ചെയ്യും.
* ഏതെങ്കിലും ക്രീമിൽ ഒരു വിറ്റാമിൻ ഇ കാപ്സ്യൂളിനുള്ളിലെ വസ്തുക്കൾ ചേർത്ത് മസാജ് ചെയ്യുക. ചർമ്മത്തെ മിനുക്കാനും മൃദുലമാക്കാനും വിറ്റാമിൻ ഇയ്ക്ക് കഴിയും.
* കഴുത്തിന് ദിവസവും വ്യായാമം നൽകിയാൽ കഴുത്തിലെ പേശികളെ ബലപ്പെടുത്താം.
വ്യായാമം കഴുത്തിനും
കഴുത്തിന് വണ്ണം കൂടാതിരിക്കാൻ അതിന് വ്യായാമം നൽകുന്നത് അത്യാവശ്യമാണ്.
* മുഖം മുകളിലേക്ക് ഉയർത്തുക. അത്ര തന്നെ താഴേക്കും കുനിക്കുക.
* കമഴ്ന്ന് കിടന്നുകൊണ്ട് മുഖം ഉയർത്തി ഇടവും വലവും കഴുത്ത് തിരിക്കുക.
* കഴുത്ത് വച്ച് എട്ട് എന്ന് വായുവിൽ എഴുതുക.