ആ എന്ന അക്ഷരത്തിന് ഒരാനച്ചന്തമുണ്ട്. നിരവധി ഗ്രാഫിക് ചിത്രകാരന്മാർ 'ആ"കൊണ്ട് മനോഹരങ്ങളായ ആനകളെ എനിക്ക് വരച്ചു തന്നിട്ടുണ്ട്. പയ്യന്നൂരിലെ ഞങ്ങളുടെ പഴയ വീടിന്റെ പിന്നാമ്പുറത്തും നിരവധി ആനകളുണ്ടായിരുന്നു...! ചുവരോടുചേർന്ന് പൂഴിമണലിലായിരുന്നു അവയുടെ നില. നാലോ അഞ്ചോ വയസുള്ളപ്പോഴുള്ള ഓർമ്മയാണ്. അച്ഛൻ എന്നേയും അനിയത്തിയേയും ഒരു വൈകുന്നേരം അവിടേക്കു കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് പൂഴിമണലിടങ്ങളിലെ ചെറുചുഴികളിൽ കുഞ്ഞുറുമ്പുകളെ പിടിച്ചിട്ടു. അപ്പോഴതാ പതിയെ മണലിളകുന്നു. ഉറുമ്പുകളെ ഭക്ഷിക്കാൻ പിന്നോട്ടു നടന്നു കയറുന്ന ഇളംകറുപ്പുള്ള ചെറുജീവിയെ അച്ഛൻ തോണ്ടി പുറത്തിട്ടു കാണിച്ചു തന്നു: ''ഇതാണ് നമ്മുടെ വീട്ടിലെ ആന. കുഴിയാന!"" പയ്യന്നൂരമ്പലത്തിലോ പരിസരങ്ങളിലെ ഉത്സവങ്ങളിലോ ആനകൾ ഇല്ലാതിരുന്ന ആ കാലത്ത് എന്റെയും അനിയത്തിയുടെയും അത്ഭുതങ്ങളിൽ ആ കുഴിയാനകൾ മാത്രം നിറഞ്ഞുനിന്നു.
രണ്ട്
കുറേക്കൂടി വലിയ കുട്ടിയായപ്പോഴാണ് പാലക്കാട്ട് പത്തിരിപ്പാലയിലെ അമ്മാത്തേക്കുള്ള വേനലവധി യാത്രകൾ തുടങ്ങിയതും ചെറുപൂരങ്ങളുടെ ആനക്കാഴ്ചകൾ കണ്ടു ശീലിച്ചതും. അക്കാലത്തെപ്പോഴോ തൃശൂർപൂരത്തിനണിനിരന്ന ഗജവീരന്മാരെ കണ്ടന്തം വിടുകയും, ഗുരുവായൂരിലെ ആനപ്പന്തിയിൽച്ചെന്ന് ആനകൾക്ക് പഴക്കുല നൽകുകയും ചെയ്തു. തൃശൂർ ഒല്ലൂക്കരയിലെ പടിഞ്ഞാറെ തടത്തിൽ മനയെന്ന അമ്മയുടെ അമ്മാത്തുള്ള ഇടിഞ്ഞു പൊളിഞ്ഞ കുളപ്പുരയുടെ പഴംചുവരിൽ വലിയൊരു കരിവീരനെ കണ്ടതും ഓർക്കുന്നു. മനയിലെ ആദ്യ മരുമകനായിവന്ന ചെമ്പൂക്കാവ് നാരായണേട്ടന്റെ കരിയിലുള്ള കരവിരുതായിരുന്നു അത്! ശരിക്കും ജീവനുള്ളതെന്ന് തോന്നിക്കുന്നത്!
വളരെ മുമ്പു നടത്തിയ തേക്കടി പെരിയാർ മൂന്നാർ യാത്രകളിലൊന്നും കാട്ടാനകളുടെ വിദൂരദൃശ്യം പോലും കണ്ട ഓർമ്മയില്ല. രണ്ട് കാടോർമ്മകൾ, പക്ഷേ ഇപ്പോഴും നടുക്കമായി മനസ്സിലേക്കുയർന്നു വരുന്നുമുണ്ട്. പയ്യന്നൂർ കോളേജിലെ പ്രീഡിഗ്രി കാലത്ത്, മാനന്തവാടിക്കാരനായ സഹപാഠി വി.വി. ശ്രീനിവാസനുമൊത്ത്, മറ്റു വാഹനങ്ങളൊന്നുമില്ലാത്തതിനാൽ ഞാനും അക്കി മുരളിയും തിരുനെല്ലി വരെ കാനനപാതയിലൂടെ സന്ധ്യയിരുളും നേരത്ത് കാൽനടയായി നടത്തിയ സാഹസികയാത്രയാണൊന്ന്. തലേന്ന് ഒറ്റയാനിറങ്ങിയ വഴിത്താരയാണെന്ന് പലരും പറഞ്ഞിട്ടും മുന്നോട്ടു തന്നെ നീങ്ങിയ ഞങ്ങളുടെ നടത്തം, കാടിരുണ്ടപ്പോൾ അതിവേഗ ഓട്ടമായി, പ്രാണനും കയ്യിൽ പിടിച്ച്! വഴിയിലൊരിടത്ത് ചതഞ്ഞ മരച്ചില്ലകളും ദൂരെയായി നടന്നു മറയുന്ന ആനക്കൂട്ടവും... ശ്രീനിവാസൻ ആ സംഭവം ഓർത്ത് ഇന്നും നടുങ്ങാറുണ്ട്. മുരളി നടുക്കം മതിയാക്കി വർഷങ്ങൾക്കിപ്പുറം ഞങ്ങളെ വിട്ട് അങ്ങേലോകത്തേക്ക് നടന്നുപോയി.
2008 ഡിസംബറിൽ സുഹൃത്തുക്കളായ മസ്ക്കറ്റ് സുരേഷ് ബാബുവും ശ്രീകുമാറും ബൈജു പണിക്കരുമൊത്ത് നടത്തിയ ഗവി യാത്രയാണ് മറ്റൊരു ആനയോർമ്മ. വനംമന്ത്രിയായിരുന്ന സുഹൃത്ത് ബിനോയ് വിശ്വം വിളിച്ചു പറഞ്ഞേർപ്പാടാക്കിയ വനം വികസന കോർപ്പറേഷന്റെ ഗ്രീൻ മാൻഷൻ എന്ന അതിഥിമന്ദിരത്തിലാണ് ഞങ്ങളുടെ വാസം. പത്തനംതിട്ടയിൽ നിന്ന് കക്കി, ആനത്തോട്, പമ്പ എന്നീ ഡാമുകളുടെ മനോഹര തീരങ്ങളിലൂടെ യാത്ര ചെയ്ത് സന്ധ്യയായി ഗവിയിലെത്തുമ്പോൾ. കാട്ടിനകത്ത് ജംഗിൾ ക്യാമ്പ് തന്നെയാവാമെന്ന് പറഞ്ഞ് ബാബുവും പണിക്കരും സാഹസികത പ്രകടിപ്പിച്ചു. ഉൾക്കാട്ടിൽ താൽക്കാലികമായൊരുക്കിയ കോട്ടേജ് ടെന്റുകളിലൊന്നിൽ മെഴുകുതിരി വെട്ടത്തിൽ ഞങ്ങൾ രാപ്പാർത്തു. ''ആനകൾ വരും രാത്രിയിൽ, സൂക്ഷിക്കണം"" എന്നു മുന്നറിയിപ്പു തന്ന് ഗൈഡ് ചാമി നടന്നു മറഞ്ഞു. ടെന്റിനു ചുറ്റും കിടങ്ങുകൾ ഉണ്ടെങ്കിലും ഭയന്നു വിറച്ച് ആ രാത്രി ഞാനുറങ്ങിയില്ല. പാതിരാത്രിയിലെപ്പോഴോ ചിന്നം വിളി കേട്ടു. കാടുലയുന്നു. അധികം വൈകിയില്ല, ഒരൊറ്റയാൻ കടന്നുവന്നു. കിടങ്ങിനപ്പുറത്തെ മരങ്ങളോട് അരിശം തീർത്ത്, ടെന്റിനു നേരെ തുമ്പിക്കൈയുയർത്തി അലറി വിളിച്ചു. ഞങ്ങൾ മെഴുകുതിരി ഊതിക്കെടുത്തി. ഇരുട്ട്. ചിന്നംവിളി, കാടുലയുന്ന ശബ്ദം.
മൂന്ന്
ഫിലിം സൂപ്പർ സ്റ്റാർ പദവി വരെയെത്തിയ ഗുരുവായൂർ കേശവനാണിന്നും മലയാളികളുടെ പ്രിയപ്പെട്ട ഗജകേസരി. ഗുരുവായൂരമ്പലനടയിൽ ഇന്നും മസ്തകം വിരിച്ച് അവൻ ഉയർന്നു നിൽപ്പുണ്ട്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ, പുതുപ്പള്ളി കേശവൻ, ഈരാറ്റുപേട്ട അയ്യപ്പൻ, തൃക്കടവൂർ ശിവരാജു, കട്ടംകുളങ്ങര അർജുനൻ, ഗുരുവായൂർ പത്മനാഭൻ, മംഗലാംകുന്ന് അയ്യൻ, ചെർപ്പുളശ്ശേരി പാർത്ഥൻ.... തലയെടുപ്പുള്ള എത്രയോ കരിവീരന്മാർ ഉത്സവമേളത്തിൽ തലയുയർത്തി ചെവിയാട്ടി നിൽക്കുന്ന കാഴ്ച കണ്ണിൽ നിറയുന്നു... കൂപ്പുകളിൽ മരം വലിച്ചും സർക്കസുകളിൽ പന്തടിച്ചുതെറിപ്പിച്ചും വേറെയും പലരേയും കണ്ടിരിക്കുന്നു...!
കാട്ടാനകളെ നാട്ടാനകളാക്കുന്ന കോന്നിയിലും കോട്ടൂരുമൊന്നും ഇതേവരെ പോകാൻ സാധിച്ചിട്ടില്ല. പക്ഷേ ഏഷ്യയിലെ ഏറ്റവും വലിയ ആനത്തൊട്ടിലായ ശ്രീലങ്കയിലെ പിന്നവാല എലഫെന്റ് ഓർഫനേജിൽ ചെന്നത് 2016ലെ വസന്തകാലത്താണ്. ശ്രീലങ്കൻ വൈൽഡ് ലൈഫ് കൺസർവേഷൻ വകുപ്പിന്റെ കീഴിലുള്ള ഈ ആന പരിപാലനകേന്ദ്രം വലിയൊരു ടൂറിസ്റ്റ് സങ്കേതം കൂടിയാണ്. നൂറിലധികം ആനകൾ ഒരേസമയം മഹാ ഓയാ നദിയിൽ നീരാടുന്ന കാഴ്ചയിൽ ഞങ്ങളുടെ മനം കുളിർന്നു. ഗിരിജയും വർഷയും കുട്ടിക്കുറുമ്പന്മാർക്കരികിൽ നിന്ന് പടം പിടിച്ചു.
നാല്
രണ്ടു വർഷം മുമ്പുള്ള ഒരു നനുത്ത പകൽ. കോയമ്പത്തൂർ കോഴിക്കോട് പാസഞ്ചറിൽ മുറുക്കിച്ചുവപ്പിച്ച് മാടമ്പ് കുഞ്ഞുകുട്ടൻ. അരികിൽ ആനക്കഥകൾ കേട്ട് ഞാനും. ചെറുതുരുത്തി വിട്ട് തീവണ്ടി ഭാരതപ്പുഴയിലെ ഇളംകാറ്റിലുലഞ്ഞ് മുന്നോട്ടു നീങ്ങുന്നു
കുഞ്ഞുകുട്ടേട്ടൻ പറഞ്ഞു: ''ആനപ്രേമം എനിക്കു കുട്ടിക്കാലത്തേയുണ്ട്. നിലമ്പൂര് അച്ഛന്റെ കൂടെച്ചെന്ന് മൂവായിരം ഉറുപ്പികയ്ക്ക് രണ്ടാനകളെ വാങ്ങിയപ്പോ തുടങ്ങീതാ. ഇല്ലത്ത് എനിക്ക് സ്വന്തായി ആറാനകള്ണ്ടായിര്ന്നു. അവയുടെ തീറ്റേം ചികിത്സേം ഒക്കെ ഞാൻ തന്ന്യാ നടത്തീര്ന്നത്...'' ഞാനോർത്തു, വേദവും ഉപനിഷത്തും വിട്ട് മാതംഗലീല എന്ന ആനശാസ്ത്രം പഠിക്കാനിറങ്ങിയ ആ കുട്ടിത്തിരുമേനിയെ! ഭ്രഷ്ടും അശ്വാത്ഥാമാവുമൊക്കെ പലതവണ വായിച്ചിട്ടും എനിക്കെന്നും മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേര് ആനക്കമ്പത്തോട് ചേർത്തു വയ്ക്കാനായിരുന്നു ഇഷ്ടം. 'അവിഘ്നമസ്തു' വിന്റെ തുടക്കത്തിലെ ജീവചരിത്രക്കുറിപ്പിൽ അദ്ദേഹം എഴുതിവെച്ച ചില വരികളോർമ്മയുണ്ട്: ''പ്രത്യേക ജോലിയൊന്നുമില്ല. ആനപ്പണിയറിയാം. ഇല്ലത്ത് സ്വസ്ഥം."" ആനകളുടെ മനസറിഞ്ഞ് അവയുടെ വികാരവിചാരങ്ങൾ, എന്റെ സുഹൃത്ത് ശ്രീകുമാർ അരൂക്കുറ്റിയുടെ 'ഇ ഫോർ എലിഫെന്റ്' എന്ന ടെലിവിഷൻ സീരീസിനു വേണ്ടി വർഷങ്ങളോളം പ്രേക്ഷകരുടെ മുന്നിൽ ആധികാരികമായി അവതരിപ്പിച്ച ആ മഹാകഥാകാരൻ, മലയാളികളുടെ പ്രിയ മാടമ്പ്, മെയ് 11ന് ഈ ലോകത്തുനിന്ന് മടങ്ങിപ്പോയി... പ്രണാമം, ആ ജ്യേഷ്ഠസഹോദരനും അദ്ദേഹത്തിന്റെ മഹത്തായ ആനപ്രേമത്തിനും.
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)