govindan

കണ്ണൂർ: കര്‍ഷക പോരാട്ടത്തിന്‍റെ മണ്ണായ മോറാഴയില്‍ നിന്നും സി പി എം കേന്ദ്രകമ്മിറ്റിയിലേക്ക് ഉയര്‍ന്ന എം വി ഗോവിന്ദന്‍ കേരള മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ അരനൂറ്റാണ്ട് കാലത്തെ തെളിമയാര്‍ന്ന പൊതുപ്രവര്‍ത്തനത്തിന് ലഭിക്കുന്ന അംഗീകാരമാണത്. ബാലസംഘം പ്രവര്‍ത്തകനായും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ ഭാഗമായും തന്നിലെ പൊതുപ്രവര്‍ത്തകനെ അടയാളപ്പെടുത്തിയ ഗോവിന്ദൻ മാസ്റ്റർ കെ എസ് എഫിന്‍റെ പ്രവര്‍ത്തകനും കണ്ണൂര്‍ ജില്ലാ യുവജന ഫെഡറേഷന്‍ ഭാരവാഹിയുമായിരുന്നു.

ഡി വൈ എഫ് ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഗോവിന്ദൻ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്‍റായും പ്രവർത്തിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭങ്ങളില്‍ ഉരുകിത്തെളിഞ്ഞ കമ്മ്യൂണിസ്റ്റാണ്‌ ഗോവിന്ദൻ. കൊടിയ പൊലീസ് മര്‍ദ്ദനത്തിനിരയായി നാല് മാസമാണ് ജയിലിൽ കിടന്നത്.

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയാണ് പതിനഞ്ചാം കേരള നിയമസഭയിലേക്ക് അദ്ദേഹം എത്തിയത്. 2002ല്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഗോവിന്ദൻ മാസ്‌റ്റർ എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2006ല്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും 2018ല്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

അറുപത്തിയേഴുകാരനായ എം വി ഗോവിന്ദൻ തളിപ്പറമ്പ്‌ പരിയാരം ഇരിങ്ങൽ യു പി സ്‌കൂളിൽ കായികാദ്ധ്യാപകനായിരിക്കേ രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. 1986ൽ മോസ്‌കോ ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയ അദ്ദേഹം നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്നു.

സി പി എമ്മിന്‍റെ ത്വാത്വിക പ്രചാരകനും ഇ എം എസ് അക്കാദമിയുടെ ചുമതലക്കാരനുമാണ്‌. മാര്‍ക്‌സിസ്റ്റ് സംവാദത്തിന്‍റെ എഡിറ്ററും ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്നു. കര്‍ഷക തൊഴിലാളി മാസികയുടെ ചീഫ് എഡിറ്ററാണ്‌. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യൻ ദർശനത്തിൽ, സ്വത്വരാഷ്ട്രീയത്തെ പറ്റി, ചൈനീസ് ഡയറി, യുവജനപ്രസ്ഥാനത്തിന്‍റെ ചരിത്രം, ആശയ സമരങ്ങളുടെ പശ്ചാത്തലത്തിൽ, കർഷക തൊഴിലാളി യൂണിയൻ ചരിത്രവും വർത്തമാനവും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം എന്നീ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ മൊറാഴയിലെ പരേതരായ കെ കുഞ്ഞമ്പുവിന്‍റെയും എം വി മാധവിയമ്മയുടെയും മകനാണ്‌. സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ ഭാര്യ പി കെ ശ്യാമളയും മക്കളായ ശ്യാംജിത്തും രംഗീതും മരുമകള്‍ സിനിയും പേരക്കുട്ടി വിഥാര്‍ത്ഥും ഉള്‍പ്പെടുന്നതാണ് എം വി ഗോവിന്ദന്‍റെ കുടുംബം.