തിരുവനന്തപുരം: മട്ടന്നൂരില്‍ നിന്ന് ചരിത്ര ഭൂരിപക്ഷവുമായിട്ടാണ് കെ കെ ശൈലജ ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. അത് മട്ടന്നൂർ മാത്രമല്ല കേരളമാകെ ആ നേതാവിൽ അർപ്പിച്ച വിശ്വാസമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ നെടുംതൂണായിരുന്നു ആരോഗ്യമന്ത്രിയായി പ്രവർത്തിച്ച ശൈലജ.
മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം പുതുമുഖങ്ങളായിരിക്കണമെന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തില്‍ കെ കെ ശൈലജക്കും മാറിനില്‍ക്കേണ്ടി വന്നിരിക്കുകയാണ്. പാര്‍ട്ടി വിപ്പ് എന്ന പദവിയിലേക്ക് ശൈലജ ഒതുക്കപ്പെടുമ്പോൾ അത് സി പി എമ്മിലും രണ്ടാം പിണറായി സർക്കാരിലും ഉണ്ടാക്കുന്ന പ്രത്യാഘതങ്ങളെന്തെല്ലാമെന്ന് കണ്ടറിയണം.
കെ കെ ശൈലജയെ ഒഴിവാക്കിയ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി വേദികളിലും സമൂഹ മാദ്ധ്യമങ്ങളിലും ചര്‍ച്ചകള്‍ സജീവമാണ്. തീരുമാനം അപ്രതീക്ഷിതമാണെങ്കിലും പുതിയ നേതൃനിര കെട്ടിപ്പെടുക്കാന്‍ തീരുമാനം സഹായിക്കുമെന്ന വാദമാണ് പാർട്ടി ഉയർത്തുന്നത്. എന്നാല്‍, കെ ആര്‍ ഗൗരിയമ്മയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനോട് ഉപമിച്ചാണ് മറുവശത്തിന്‍റെ പ്രതികരണങ്ങള്‍. കേരളം തിങ്ങും കേരള നാട് കെ ആർ ഗൗരി ഭരിച്ചീടും എന്ന പഴയ മുദ്രാവാക്യം ഇതിനോടകം പല ഇടത് പ്രൊഫൈലുകളിലും നിറഞ്ഞുകഴിഞ്ഞു.
രണ്ടാം പിണറായി മന്ത്രിസഭയുടെ അധികാര തുടർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് തന്നെ ശൈലജയുടെ പ്രവർത്തന മികവായിരുന്നു. ആദ്യവര്‍ഷത്തിൽ പാര്‍ട്ടി തലത്തില്‍ തന്നെ ശൈലജയുടെ പ്രവർത്തനങ്ങളിൽ അതൃപ്‌തിയുണ്ടായിരുന്നു. എന്നാല്‍, നിപ്പയുടെ വരവിനെ ഫലപ്രദമായി തടുക്കാനും മികച്ച ഭരണാധികാരിയെന്ന നിലയില്‍ പേരെടുക്കാനും അവര്‍ക്കു കഴിഞ്ഞു. കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം അവരെ ലോകശ്രദ്ധയിലേക്കുയര്‍ത്തി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശൈലജ ഇരുപത്തിനാല് മണിക്കൂറും കർമ്മനിരതയായാണ് കഴിഞ്ഞ ഒന്നരവർഷം പ്രവർത്തിച്ചത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും എത്തുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും സ്‌നേഹത്തോടെയും കരുതലോടെയുമാണ് അവർ മറുപടി നല്‍കിയതും പരിഹാരമുണ്ടാക്കിയതും. ടീച്ചറമ്മയെന്ന വിളിപ്പേര് കേരളത്തിലൊരു മന്ത്രിക്കു കിട്ടുന്നതും ആദ്യമായിരുന്നു.
ഉദ്യോഗസ്ഥരോടുള്ള മന്ത്രിയുടെ സമീപനവും ശ്രദ്ധേയമായിരുന്നു. കൊവിഡിന്‍റെ ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യമന്ത്രിയുടെ മുകളിലേക്ക് ആരോഗ്യമന്ത്രിയുടെ പ്രതിച്ഛായ വളര്‍ന്നത് നേരത്തെ സി പി എമ്മിനകത്തും പുറത്തും വലിയ ചർച്ചവിഷയമായിരുന്നു.
സംസ്ഥാന സമിതി യോഗത്തില്‍ കോടിയേരി ബാലകൃഷ്‌ണനാണ് മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നും കെ കെ ശൈലജയ്ക്കു മാത്രം ഇളവു വേണ്ടെന്നുമുള്ള നിലപാട് അറിയിച്ചത്. തുടർന്ന് മന്ത്രിമാരുടെ പട്ടികയും അദ്ദേഹം വായിച്ചു. കമ്മിറ്റിയില്‍ ഭൂരിപക്ഷവും നിര്‍ദേശത്തെ പിന്തുണച്ചു. ഏഴ് പേര്‍ ശൈലജയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. മുതിര്‍ന്ന നേതാവ് എം വി. ജയരാജൻ ശൈലജയെ പിന്തുണയ്‌ക്കുകയാണ് ചെയ്‌തത്. വ്യക്തിപ്രഭാവത്തിനു മുന്‍തൂക്കം നല്‍കേണ്ടതില്ലെന്ന് ചര്‍ച്ചയില്‍ പൊതു അഭിപ്രായമുയരുകയായിരുന്നു.