ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് മുതൽ മുംബയ്‌യിൽ ക്വാറന്റൈനിലേക്ക്
മുംബയ് : അടുത്ത മാസം 18ന് തുടങ്ങുന്ന ന്യൂസിലാൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും തുടർന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യാത്രയ്ക്ക് മുന്നോടിയായുള്ള ക്വാറന്റൈൻ ഇന്ന് മുംബയ്‌യിൽ തുടങ്ങുന്നു. ഇന്ത്യയിൽ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയുന്ന താരങ്ങൾക്ക് ഇംഗ്ളണ്ടിൽ 10 ദിവസത്തെ ക്വാറന്റൈൻ കൂടിയുണ്ടാകും.
നിലവിൽ മുംബൈയിലുള്ള താരങ്ങളാണ് ഇന്ന് ക്വാറന്റൈനിൽ പ്രവേശിക്കുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് വരുന്നവർ ഈ മാസം 24ന് ഉള്ളിൽ ക്വാറന്റൈനിലാവണം. മുംബയ്‌യിൽനിന്ന് ഇംഗ്ലണ്ടിലേക്കു പോകുന്നതിനു മുൻപ് താരങ്ങൾക്ക് മൂന്നു പരിശോധന നടത്തും. മൂന്നിലും നെഗറ്റീവാകുന്നവർക്ക് മാത്രമാകും യാത്രാനുമതി. കർശനമായ കൊവിഡ് പരിശോധനയ്ക്ക് ശേഷം ജൂൺ രണ്ടിന് യാത്ര തിരിക്കുന്ന ടീം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്ന സതാംപ്ടണിലാണ് 10 ദിവസം ക്വാറന്റൈനിൽ കഴിയുക. ഈ സമയത്ത് താരങ്ങൾക്ക് പരിശീലിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും. ടെസ്റ്റ് ഫൈനലിനു വേദിയാകുന്ന സ്റ്റേഡിയത്തിനു തൊട്ടടുത്താണ് ടീമിന് താമസമൊരുക്കിയിരിക്കുന്നത്. ന്യൂസീലൻഡ് ടീം നിലവിൽ ഇംഗ്ലണ്ടിലുണ്ട്.
സാഹ നെഗറ്റീവായി
ഇംഗ്ലണ്ട് പര്യടനത്തിനായി വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ 20 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഇതിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയെ കൊവിഡ് പോസിറ്റീവായിരിക്കെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനാ ഫലം നെഗറ്റീവായതോടെ സാഹ ടീമിനൊപ്പം ചേരും. പര്യടനത്തിനു പോകുന്ന ടീമിൽ ഉൾപ്പെടുത്തിയ നാലു റിസർവ് താരങ്ങളിൽ കൊവിഡ് പോസിറ്റീവായിരുന്ന പ്രസിദ്ധ് കൃഷ്ണയും വൈറസിൽനിന്ന് മുക്തനായിട്ടുണ്ട്. ഇംഗ്ളണ്ട് പര്യടനം നടത്തുന്ന വനിതാ ടീമും പുരുഷ ടീമിനാെപ്പം യാത്രതിരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.
കുടുംബം കൂടെയുണ്ടാവും
മൂന്നര മാസത്തോളം നീളുന്ന പര്യടനത്തിനായി കുടുംബാംഗങ്ങളെ കൂടെ കൊണ്ടുപോകാൻ ടീമംഗങ്ങൾക്ക് ബി.സി.സി.ഐ അനുമതി നൽകിയിരുന്നു. ഇവർക്ക് ബ്രിട്ടീഷ് സർക്കാരിൽനിന്ന് ബി.സി.സി.ഐ പ്രത്യേക യാത്രാനുമതി വാങ്ങും. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചിരുന്ന താരങ്ങൾ ബയോ സെക്യുർ ബബിളിലായിരുന്നെങ്കിലും കൊവിഡിനെ തുടർന്ന് ടൂർണമെന്റ് പാതിവഴിയിൽ നിർത്തിയതോടെ എല്ലാവരും വീടുകളിലേക്ക് മടങ്ങിയിരുന്നു.
പര്യടന ഫിക്സ്ചർ
ജൂൺ 18-22
Vs ന്യൂസിലാൻഡ്
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ
സതാംപ്ടൺ
ആഗസ്റ്റ് 4-8
Vs ഇംഗ്ലണ്ട്
ഒന്നാം ടെസ്റ്റ് , നോട്ടിംഗ്ഹാം
ആഗസ്റ്റ് 12-16
Vs ഇംഗ്ലണ്ട്
രണ്ടാം ടെസ്റ്റ് , ലണ്ടൻ
ആഗസ്റ്റ് 25-29
Vs ഇംഗ്ലണ്ട്
മൂന്നാം ടെസ്റ്റ് ,ലീഡ്സ്
സെപ്തംബർ 2-6
Vs ഇംഗ്ലണ്ട്
നാലാം ടെസ്റ്റ് , ലണ്ടൻ
സെപ്തംബർ 10-14
Vs ഇംഗ്ലണ്ട്
അഞ്ചാം ടെസ്റ്റ് , മാഞ്ചസ്റ്റർ
ഇന്ത്യൻ ടീം : വിരാട് കൊഹ്‌ലി (ക്യാപ്ടൻ),രോഹിത് ശർമ്മ,ശുഭ്മാൻ ഗിൽ,മായാങ്ക് അഗർവാൾ,ചേതേശ്വർ പുജാര,അജിങ്ക്യ രഹാനെ,ഹനുമ വിഹാരി,റിഷഭ് പന്ത്,ആർ.അശ്വിൻ,രവീന്ദ്ര ജഡേജ,അക്ഷർ പട്ടേൽ,വാഷിംഗ്ടൺ സുന്ദർ,ജസ്പ്രീത് ബുംറ,ഇശാന്ത് ശർമ്മ,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ശാർദ്ദൂൽ താക്കൂർ,ഉമേഷ് യാദവ്,കെ.എൽ രാഹുൽ,സാഹ.
റിസർവ് കളിക്കാർ : അഭിമന്യു ഈശ്വരൻ,പ്രസിദ്ധ് കൃഷ്ണ,ആവേഷ് ഖാൻ,അർസാൻ നാഗ്‌വാസ്‌വാല