വൈകുന്നേരം ഗോവിന്ദൻ നായർ നീലകണ്ഠന്റെ ചായക്കടയിൽ ചെന്നു. ഇപ്പോഴത് നീലകണ്ഠന്റെ ചായക്കടയല്ല, 'മഹാദേവാ ഹോട്ടലാ" ണ്. നീലകണ്ഠന്റെ മകൻ പ്രശാന്ത് ചായക്കടയുടെ കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയശേഷമുള്ള മാറ്റമാണത്. പ്രശാന്തിന് പഠിപ്പുണ്ട്. ജോലി കാത്തു നിൽക്കുകയാണ്. മകൻ ഉദ്യോഗസ്ഥനാവണമെന്നു തന്നെയാണ് നീലകണ്ഠന്റെ ആഗ്രഹം. എങ്കിലും തന്റെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണമായ ചായക്കട നിർത്താൻ പാടില്ലെന്നാണ് അയാളുടെ ആഗ്രഹം. പ്രശാന്തും അങ്ങനെ തന്നെ ചിന്തിക്കുന്നു. താൻ ജോലിക്കുപോയാലും ആളെ വച്ച് ഹോട്ടൽ നടത്തണമെന്നാണയാൾ വിചാരിക്കുന്നത്. നീലകണ്ഠന് ആരോഗ്യമുള്ള കാലത്തോളം ഇത്തരത്തിലുള്ള ആലോചനകളൊന്നും ആവശ്യമില്ലെന്ന് അവർക്കറിയാം. ഉദ്യോഗത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ എല്ലാം ആലോചിച്ചുപോകുന്നു എന്ന് മാത്രം.
പണ്ട് നീലകണ്ഠന്റെ ചായക്കടയ്ക്ക് ബോർഡൊന്നുമുണ്ടായിരുന്നില്ല.പലഹാരങ്ങൾ അടുക്കിയ കണ്ണാടിപ്പെട്ടിയായിരുന്നു അതിന്റെ വിളംബരപ്പലക. കുറേക്കാലം നാട്ടിലെ ഏക ഹോട്ടലായിരുന്നു അത്. പിന്നെപ്പിന്നെ ഒന്നുരണ്ടു ഹോട്ടലുകൾ വേറെയും വന്നു. സായാഹ്നങ്ങളിൽ മാത്രം തുറക്കുന്ന ഒരു തട്ടുകടയും അവിടെയുണ്ടായി. ഏതു ഹോട്ടൽ വന്നാലും നീലകണ്ഠന് ചില സ്ഥിരം കസ്റ്റമേഴ്സുണ്ട്. അയാളുടെ പുട്ടും കടലയും കപ്പയും മീൻകറിയുമൊക്കെ പ്രസിദ്ധമാണ്. ഇപ്പോൾ ഭാസ്കരനല്ല പാചകക്കാരൻ. ഭാസ്കരന്റെ മകൻ ഗൾഫിൽ പോകുകയും അവർ നല്ല നിലയിലാകുകയും ചെയ്തപ്പോൾ അയാൾ ചായക്കട വിട്ടു പോയി. എങ്കിലും, പിന്നീട് വന്നവരും നീലകണ്ഠന്റെ ചായക്കടയുടെ പാരമ്പര്യം കെടാതെ സൂക്ഷിച്ചു. ''അതൊന്നും പാചകക്കാരന്റെ കൈപ്പുണ്യമല്ല, നീലകണ്ഠന്റെ കൈപ്പുണ്യമാണ്."" എന്നാണ് നാട്ടുകാർ പറയുക.
ഗോവിന്ദൻ നായർ കയറിച്ചെന്നപ്പോൾ നീലകണ്ഠൻ അവിടെയുണ്ടായിരുന്നില്ല. കൗണ്ടറിലിരുന്ന പ്രശാന്ത് അയാളെക്കണ്ട് ഓടിച്ചെന്ന് സ്വീകരിച്ചിരുത്തി. തോളിൽ തൂക്കിയിരുന്ന സഞ്ചി ബഞ്ചിൽ വച്ചുകൊണ്ട് അയാൾ ചോദിച്ചു:
''അച്ഛനില്ലേ കുഞ്ഞേ?""
''ഉടൻ വരും.""
അവൻ മറുപടി നൽകി.
''സാറിനെന്താ കഴിക്കാൻ വേണ്ടത്?""
''ഒന്നും വേണ്ട. നീലകണ്ഠനെ ഒന്ന് കണ്ടാൽ മതി.""
പ്രശാന്ത് ഉള്ളിലേക്ക് കയറിപ്പോയി.
വാമദേവൻ ഗോവിന്ദൻ നായരുടെയടുത്തേക്ക് ഓടിവന്നു.ഇപ്പോൾ ഹോട്ടലിൽ വേറേ വിളമ്പുകാരുണ്ട്.കാര്യങ്ങളെല്ലാം അവർ നോക്കിക്കൊള്ളും. തുടക്കത്തിലേ ഉള്ള ആളെന്ന നിലയിൽ നീലകണ്ഠൻ അയാളെ നിലനിർത്തിയിരിക്കുന്നുവെന്നു മാത്രം. മകളുടെ കാര്യങ്ങൾ കഴിഞ്ഞിട്ടേ ഇപ്പോൾ അയാൾ ഹോട്ടൽകാര്യങ്ങളിലേർപ്പെടാറുമുള്ളൂ.
''വാമദേവാ, ഇപ്പോൾ ഇറങ്ങാൻ പറ്റുമോ? എനിക്ക് ജാനകിയെ ഒന്ന് കാണണം."
''അതിനെന്താ ഞാൻ വരാം.""
ധൃതിപ്പെട്ട് അയാൾ പിന്തിരിഞ്ഞു.
''തിരക്ക് വേണ്ട.""
ഗോവിന്ദൻ നായർ അയാളോട് പറഞ്ഞു.
''നീലകണ്ഠൻ വന്നിട്ടേ ഞാൻ പോകുന്നുള്ളൂ.""
പ്രശാന്ത് ചായ കൊണ്ടുവന്ന് ഗോവിന്ദൻ നായരുടെ മുൻപിൽ വച്ചു.
''ഇതെങ്കിലും കുടിക്കണം.""
അവൻ പറഞ്ഞു.ചായ കുടിക്കാൻ തീരെ താല്പര്യമില്ലായിരുന്നെങ്കിലും ആ ചെറുപ്പക്കാരനോട് നിഷേധം കാട്ടാൻ അയാൾക്ക് കഴിയുമായിരുന്നില്ല. അയാൾ ഗ്ലാസ് ചുണ്ടോടു ചേർത്തു.
അപ്പോൾത്തന്നെ നീലകണ്ഠനും അവിടെയെത്തി. കുശലപ്രശ്നങ്ങൾ കഴിഞ്ഞപ്പോൾ ഗോവിന്ദൻ നായർ പറഞ്ഞു:
''ഞാൻ നാളെ കാശിയിലേക്കു പോകുന്നു. കുറച്ചു ദീർഘമായ യാത്രയാണ്. അതുകൊണ്ട് നീലകണ്ഠനോട് പറഞ്ഞിട്ട് പോകാമെന്നു കരുതി.""
അതുകേട്ടപ്പോൾ നീലകണ്ഠന് അദ്ഭുതമൊന്നും തോന്നിയില്ല. ഗോവിന്ദൻ നായരുടെ സ്വഭാവമാണത്. ഇടയ്ക്കിടെ തീർത്ഥയാത്ര ചെയ്യും.തിരിച്ചെത്താൻ ചിലപ്പോൾ വൈകാറുമുണ്ട്.
ഗോവിന്ദൻ നായർ ചായ കുടിച്ചു കഴിഞ്ഞപ്പോൾ വാമദേവനുമെത്തി.നീലകണ്ഠൻ ഗോവിന്ദൻ നായരെ നമസ്കരിച്ചു. അവർ അവിടെ നിന്നിറങ്ങി.
മുറ്റമടിച്ചുകൊണ്ടു നിൽക്കുകയായിരുന്നു ജാനകി.കൊച്ചുകുടിലിലാണ് താമസമെങ്കിലും കുടിലിനകവും പുറവുമൊക്കെ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിൽ അവൾ പ്രത്യേക നിഷ്കർഷ പുലർത്തുന്നുണ്ട് വീട്ടിൽ മുതിർന്ന സ്ത്രീകളില്ലെന്ന് വരുന്ന ആർക്കും തന്നെ തോന്നുകയില്ല.
അച്ഛനും ഗോവിന്ദൻ നായരും കൂടി വരുന്നതുകണ്ട് അവൾ ചൂൽ ഒരരികിലിട്ട് കിണറ്റിന്കരയിൽ കോരിവച്ചിരുന്ന വെള്ളം കൈയിലേക്കൊഴിച്ചു കഴുകി ഓടിവന്ന് ഗോവിന്ദൻ നായരുടെ കാൽക്കൽ തൊട്ട് വന്ദിച്ചു. അവരെല്ലാം അകത്തേക്ക് കയറി.
''ചായയെടുക്കട്ടെ?""
ഗോവിന്ദൻ നായർ കസേരയിലിരുന്ന ഉടനെ ജാനകി ചോദിച്ചു.
''വേണ്ട വേണ്ട. ഇപ്പോൾ നീലകണ്ഠന്റെ ചായക്കടയിൽ നിന്ന് കുടിച്ചതേയുള്ളൂ.ഇനി എന്തായാലും ചായ വേണ്ട. നീ ഇവിടെയിരിക്ക്. സംസാരിക്കട്ടെ. വാമദേവനും ഇരിക്ക്.""
അവരിരുവരും ആസനസ്ഥരായപ്പോൾ ഗോവിന്ദൻ നായർ തുടർന്നു:
''ഞാനൊരു യാത്ര പോകുന്നു . പോകുന്നതിനു മുമ്പ് നിങ്ങളെ കാണാൻ വേണ്ടി വന്നതാണ്.""
''എങ്ങോട്ടാണ്?""
വാമദേവൻ മടിച്ചു മടിച്ചു ചോദിച്ചു.അദ്ദേഹം പോകുന്ന സ്ഥലങ്ങളെപ്പറ്റി വാമദേവന് ഒന്നും അറിഞ്ഞുകൂടാ. എങ്കിലും ഒരു കുശലം ചോദിക്കാതെയെങ്ങനെ?
''കാശിയിലേക്കാണ്. വേറെയും പലേടത്തും പോകാനുണ്ട്.""
ഗോവിന്ദൻ നായർ സഞ്ചിയിൽ നിന്ന് കുറെ പുസ്തകങ്ങൾ പുറപ്പെടുത്തു.
ഭഗവദ്ഗീതയും ശ്രീരാമകൃഷ്ണ വചനാമൃതവും ഭഗവതരഹസ്യവും പിന്നെ കുറെ ചെറിയ പുസ്തകങ്ങളും... അവ ജാനകിക്കു നേരെ നീട്ടി.
''പാഠപുസ്തകങ്ങൾക്കൊപ്പം ഇതും വായിക്കണം.""
ജാനകി ആദരവോടെ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
''മിടുക്കിയാണ് നീ എന്നെനിക്കറിയാം.നിന്നെപ്പറ്റി പലരും ആ കുട്ടി പാവമാണ് എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആർക്കും ഉപദ്രവം ചെയ്യാത്ത ആൾ എന്ന നിലയ്ക്ക് പാവമാകുന്നത് നല്ലതു തന്നെ. പക്ഷേ, തന്റേടവും ധൈര്യവും വേണം. ഒരു പെൺകുട്ടിക്ക് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരും. അതെല്ലാം ധൈര്യത്തോടെ നേരിടണം.ശ്രീരാമകൃഷ്ണദേവൻ പറഞ്ഞ ഒരു കഥയുണ്ട്. ഒരു സ്ഥലത്ത് ഒരു വലിയ പാമ്പുണ്ടായിരുന്നു. കുട്ടികളൊക്കെ പോകുമ്പോൾ അതിങ്ങനെ പത്തിയെടുത്ത് ചെല്ലും.ആളുകൾ പേടിച്ചോടും.ഒരിക്കൽ ഒരു സന്യാസി അതുവഴി പോയപ്പോൾ ചിലർ അദ്ദേഹത്തോട് ഈ പാമ്പിനെപ്പറ്റി പരാതി പറഞ്ഞു. സന്യാസി പാമ്പിന്റെയടുത്തു ചെന്നു. സന്യാസിയെക്കണ്ട് പാമ്പ് ഫണം വിടർത്തി. എന്നാൽ, സന്യാസിയുടെ ദിവ്യത്വം കാരണം അത് വേഗം പത്തി മടക്കി. അപ്പോൾ സന്യാസി അതിനോട് പറഞ്ഞു, ഇനി മേൽ ആരെയും ഉപദ്രവിക്കരുതെന്ന്. പാമ്പത് സമ്മതിച്ചു. കുറേക്കാലം കഴിഞ്ഞു സന്യാസി ആ വഴി വന്നു.അപ്പോൾ ദേഹമാകെ പരിക്കുപറ്റി മെലിഞ്ഞുണങ്ങിയ പാമ്പിനെക്കണ്ടു.
''നിനക്കെന്തുപറ്റി?"" സന്യാസി ചോദിച്ചു. അവശനായ പാമ്പ് ക്ഷീണസ്വരത്തിൽ പറഞ്ഞു:
''അങ്ങയുടെ ഉപദേശം കേട്ട് ഞാനാരെയും ഭയപ്പെടുത്താതെ മര്യാദക്കാരനായി കഴിഞ്ഞു. അപ്പോഴേക്ക് സർവരും വന്ന് എന്നെ കല്ലെറിയാനും അടിക്കാനും തുടങ്ങി.എന്ത് ചെയ്തിട്ടും ഞാനാരെയും ഉപദ്രവിച്ചില്ല. ഇപ്പോൾ എന്റെ സ്ഥിതി ഇതായി."" അപ്പോൾ സന്യാസി പറഞ്ഞു: ''ഞാൻ നിന്നോട് ആരെയും ഉപദ്രവിക്കരുതെന്നല്ലേ പറഞ്ഞുള്ളൂ?ചീറ്റരുതെന്നു പറഞ്ഞില്ലല്ലോ. കടിക്കരുത്.പക്ഷേ, ചീറ്റണം. മോളിത് എപ്പോഴുമോർക്കണം.ദുഷ്ടന്മാരുടെ നേരെ വേണ്ടിവന്നാൽ ചീറ്റണം. അവർ ഉപദ്രവിക്കാതിരിക്കാൻ അവരെ ഭയപ്പെടുത്തണം. എന്നാൽ, ഒരിക്കലും അങ്ങോട്ടുകയറി ഉപദ്രവിക്കരുത്.""
ശിരസ് കുനിച്ചു എല്ലാം കേട്ടുകൊണ്ട് നിന്നു ജാനകി.
ഗോവിന്ദൻ നായർ എഴുന്നേറ്റു. ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു കുത്ത് നോട്ടെടുത്തു. അവൾക്കു നേരെ നീട്ടി. ഒട്ടൊന്നു ശങ്കിച്ച ആ നോട്ടുകളിലേക്ക് നോക്കിയശേഷം അവൾ അച്ഛന്റെ നേർക്ക് കണ്ണയച്ചു. അയാൾ വാങ്ങിക്കൊള്ളാൻ കണ്ണുകൾ വഴി അനുജ്ഞ നൽകി. അവൾ പണം വാങ്ങിയ ശേഷം ഗോവിന്ദൻ നായരുടെ കാൽക്കൽ തൊട്ട് വന്ദിച്ചു. അയാളാകട്ടെ, വാമദേവന്റെ അടുത്തേക്ക് ചെന്ന് ഏതാനും നോട്ടുകൾ അയാൾക്ക് കൊടുത്തിട്ടു പറഞ്ഞു:
''ഇതിരിക്കട്ടെ.""
വാമദേവൻ ആശയക്കുഴപ്പത്തിൽ അയാളെ നോക്കി.
''യാത്ര പോകുകയല്ലേ? പണം ഒരുപാട് വേണ്ടി വരും.അങ്ങുന്ന് തന്നെ അത് കൈയിൽ വച്ചുകൊള്ളൂ.""
''എന്റെ യാത്രയ്ക്ക് പണം വേണ്ട. അങ്ങനെയുള്ള യാത്രയല്ല ഞാൻ ചെയ്യുന്നത്. മടിക്കാതെ ഇത് വാങ്ങിക്കൊള്ളൂ.""
ഗോവിന്ദൻ നായർ വീണ്ടും നീട്ടിയപ്പോൾ അയാൾ കുനിഞ്ഞു തൊഴുത് അത് വാങ്ങി. ഗോവിന്ദൻ നായർ നടന്നുനീങ്ങി. അദ്ദേഹം ഇനി എപ്പോഴായിരിക്കും വരിക എന്നോർത്തപ്പോൾ ജാനകിക്ക് സങ്കടം വന്നു.
ഗോവിന്ദൻ നായർ ക്ഷേത്രത്തിലേക്കാണ് പോയത്. പതിവിലേറെ സമയം അയാൾ ക്ഷേത്രത്തിനകത്ത് ചെലവഴിച്ചു. അത് കഴിഞ്ഞു കുറേനേരം ആൽത്തറയിലുമിരുന്നു. അവിടെയിരുന്ന് തന്റെ അതുവരെയുള്ള ജീവിതം അയാൾ നോക്കിക്കണ്ടു. എന്തൊക്കെയോ അപൂർണ്ണതകൾ അയാളവിടെ കണ്ടു.
സാഹിത്യം പേപ്പറിന്റെ ഭാഗമായി പഠിക്കാനുള്ള ' വിക്രമോർവശീയം " വായിച്ചുകൊണ്ടിരിക്കുകയായിരുന്നു രാമഭദ്രൻ.വാച്യാർത്ഥങ്ങൾക്കുപരിയായ സാഹിത്യപരിചയം ക്ലാസിൽ നിന്നു ലഭിക്കാഞ്ഞതിന്റെ പ്രയാസമുണ്ടായിരുന്നു അവന്. അതുകൊണ്ടുതന്നെ, കാളിദാസഭാവനയുടെ അനന്തവിഹായസുകൾ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു അവൻ. പബ്ലിക് ലൈബ്രറിയിൽ നിന്നെടുത്ത കാളിദാസനെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചശേഷം വീണ്ടും 'വിക്രമോർവശീയ " ത്തിലേക്ക് കടക്കുകയായിരുന്നു ചാരിയിരുന്ന വാതിൽ മെല്ലെത്തുറന്ന് ഗോവിന്ദൻ നായർ അടുത്തേക്ക് കടന്നു. രാമഭദ്രൻ ചാടിയെഴുന്നേറ്റു. അപൂർവമായി മാത്രമേ അച്ഛൻ മുറിയ്ക്കകത്തേക്ക് വരാറുള്ളൂ. പഠിത്തത്തെക്കുറിച്ചു വല്ലതും സംസാരിച്ചിട്ട് അവിടെനിന്നു പോകുകയും ചെയ്യും.എന്നാൽ, ഇന്ന് അയാൾ അകത്തേക്ക് കടന്ന ശേഷം ഒന്നും സംസാരിക്കാതെ രണ്ടു നിമിഷം നിന്നു.പിന്നെ രാമഭദ്രന്റെ കട്ടിലിൽ പോയിരുന്നു.
''ഇരിക്ക്.""
ഗോവിന്ദൻ നായർ പറഞ്ഞു.
രാമഭദ്രൻ കസേരയിൽ ഒതുങ്ങിയിരുന്നു.
''നിന്റെ പഠനമൊക്കെ എങ്ങനെ പോകുന്നു?""
''നന്നായി പഠിക്കുന്നുണ്ട്.""
''എന്നും സമരമാണല്ലോ.""
''മിക്കപ്പോഴും സമരമുണ്ട്. അപ്പോഴൊക്കെ ഞാൻ പബ്ലിക്ക് ലൈബ്രറിയിൽ ചെന്നിരുന്ന് വായിക്കും.""
ഗോവിന്ദൻ നായർ ചിരിച്ചു.
''താൻ പിടിച്ച മുയലിനു മൂന്നു കൊമ്പെന്നു വിശ്വസിക്കുന്നവരാണ് മനുഷ്യരധികവും. എന്റെ വിശ്വാസം ശരി, മറ്റവന്റെത് തെറ്റ് എന്നാണ് എല്ലാവരുടെയും ചിന്ത. മനുഷ്യൻ ഒന്നാണെന്ന് പറയും. പക്ഷേ, ജാതി,മതം, രാഷ്ട്രീയം,ഭാഷ എന്നിങ്ങനെ എല്ലാത്തിന്റെയും പേരിൽ മനുഷ്യൻ പരസ്പരം പോരടിക്കുന്നു."
ഗോവിന്ദൻ നായർ ഒരു നിമിഷം നിർത്തി. പിന്നെ തുടർന്നു:
''ധർമ്മവ്യാധന്റെ കഥ നീ കേട്ടിട്ടില്ലേ? വെറുമൊരു ഇറച്ചിവെട്ടുകാരൻ. പക്ഷേ മുനിമാരെക്കാൾ ജ്ഞാനി. അച്ഛനമ്മമാരെ ശുശ്രൂഷിക്കുന്നതാണ് അയാളുടെ ജീവിതധർമ്മം. ഒരിക്കൽ കൗശികൻ എന്ന ഒരു ബ്രാഹ്മണൻ തപസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മുകളിലെ മരക്കൊമ്പിൽ വന്നിരുന്ന ഒരു വെള്ളിൽപ്പക്ഷി അയാളുടെ തലയിൽ കാഷ്ടമിട്ടു. അരിശത്തോടെ ബ്രാഹ്മണൻ ഒന്ന് നോക്കിയതും പക്ഷി ചാമ്പലായി. അത് കണ്ട് ബ്രാഹ്മണന്റെ അഹങ്കാരം വർധിച്ചു. അതുകഴിഞ്ഞു ഒരു വീട്ടിൽ ചെന്ന് ഭിക്ഷ യാചിച്ചു. വീട്ടിലെ സ്ത്രീ പറഞ്ഞു, ഭർത്താവിനെ പരിചരിച്ചുകൊണ്ടിരിക്കുകയാണ്,അത് കഴിയുന്നതുവരെ കാക്കണമെന്ന്. ബ്രാഹ്മണൻ നീരസത്തോടെ സ്ത്രീയെ നോക്കി. അപ്പോൾ സ്ത്രീ ചിരിച്ചുകൊണ്ട് പറഞ്ഞു, ആ വെള്ളിൽപ്പക്ഷിയെപ്പോലെ ഞാൻ ചാമ്പലാകുകയൊന്നുമില്ല. അതുകേട്ട് ബ്രാഹ്മണൻ അദ്ഭുതപ്പെട്ടു. എങ്ങനെ തപസ്വിയായ തന്നെക്കാളും അറിവ് വെറുമൊരു വീട്ടമ്മയായ നിങ്ങൾക്കുണ്ടായി എന്നയാൾ ചോദിച്ചു.. ഇറച്ചിവെട്ടുകാരന്റെ അറിവ് വച്ച് നോക്കുമ്പോൾ താൻ ഒന്നുമല്ല എന്ന് സ്ത്രീ മറുപടി പറഞ്ഞു.ബ്രാഹ്മണൻ ഇറച്ചിവെട്ടുകാരനെ അന്വേഷിച്ചു പോയി. ധർമ്മവ്യാധനെ ഏറെക്കാലം നിരീക്ഷിച്ചുനിന്ന ബ്രാഹ്മണൻ ഒടുവിൽ അയാളുടെ ശിഷ്യനായി മാറി.""
രാമഭദ്രൻ ശ്രദ്ധയോടെ അച്ഛൻ പറയുന്നത് കേട്ടുകൊണ്ടിരുന്നു.
ഗോവിന്ദൻ നായർ തുടർന്നു:
''വിശ്വാസികളും അവിശ്വാസികളും തമ്മിൽ എക്കാലത്തും തർക്കമുണ്ട്. സംശയാലുവായ വിശ്വാസിയെക്കാൾ എനിക്കിഷ്ടം സ്വന്തം കർമ്മം ഏറ്റവും ആത്മാർത്ഥതയോടെ ചെയ്യുന്ന അവിശ്വാസിയെയാണ്. പക്ഷേ, ഒന്നുണ്ട്.വിശ്വാസിക്ക് കുറേക്കൂടി എളുപ്പത്തിൽ ലക്ഷ്യത്തിലേക്ക് നീങ്ങാൻ കഴിയും.സാക്ഷാൽ ശ്രീരാമന് കടൽ കടക്കണമെങ്കിൽ പാലം ആവശ്യമായിരുന്നു. പക്ഷേ, ഹനുമാന് ശ്രീരാമനിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ട് ഒറ്റച്ചാട്ടത്തിന് കടൽ കടക്കാൻ കഴിഞ്ഞു.""
സംഭാഷണം നിർത്തി ഒട്ടുനേരം ഗോവിന്ദൻ നായർ നിശബ്ദനായിരുന്നു.രാമഭദ്രനും അച്ഛന്റെ സംഭാഷണം കേട്ട്
''ഞാൻ നാളെ ഒരു തീർത്ഥയാത്ര പോകുകയാണ്. കാശിയാണ് ലക്ഷ്യം. വെളുപ്പിനെ പോകും. അച്ഛന്റെ മുറിയിലെ പുസ്തകങ്ങളിൽ നിനക്കാവശ്യമുള്ളതൊക്കെ നീയിങ്ങോട്ടു മാറ്റണം.അവിടെയിരുന്നാൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല.""
''അച്ഛൻ എപ്പോൾ മടങ്ങിവരും?""
ആകാംക്ഷയോടെ രാമഭദ്രൻ ചോദിച്ചു.
''നിശ്ചയമില്ല.""
എന്നു മാത്രമായിരുന്നു അയാളുടെ മറുപടി.
ഗോവിന്ദൻ നായർ എഴുന്നേറ്റു. മടിക്കുത്തിൽ നിന്ന് ഒരു പൊതിയെടുത്ത് രാമഭദ്രനു കൊടുത്തു.
''കുറച്ചു കാശുണ്ട്. പുസ്തകങ്ങളോ മറ്റോ വാങ്ങിക്കൊള്ളൂ.""
ഗോവിന്ദൻ നായർ വാതിൽ കടന്നപ്പോൾ രാമഭദ്രൻ പിന്നാലെ ചെന്ന് അദ്ദേഹത്തിന്റെ കാലിൽ വീണ് നമസ്കരിച്ചു.
***********
പിറ്റേന്ന് ഏഴരവെളുപ്പിന് ഗോവിന്ദൻ നായർ യാത്രയായി. തോളിൽ ഒരു സഞ്ചി തൂക്കി കൈയും വീശി അയാൾ നടന്നുപോയി.
(തുടരും)