harry-kane

ലണ്ടൻ : താൻ ഗോളുകൾ അടിച്ചുകൂട്ടിയിട്ടും ക്ളബിന് പ്രധാന ട്രോഫികളൊന്നും നേടാനാകാത്തതിന്റെ നിരാശയിൽ സൂപ്പർ താരവും ഇംഗ്ളണ്ട് നായകനുമായ ഹാരി കേൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻഹാം ഹോട്‍സ്പർ വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ സീസണിനൊടുവിൽ ക്ലബ് വിടാനുള്ള താൽപര്യം കേൻ അധികൃതരെ അറിയിച്ചെന്നാണ് വിവരം. ഇതോടെ പകരക്കാരനായി ടോട്ടൻഹാം അന്വേഷണം ആരംഭിച്ചതായും അറിയുന്നു.

വ്യക്തിപരമായി നേട്ടങ്ങൾ ഒട്ടേറെ സ്വന്തമാക്കിയപ്പോഴും ക്ലബ്ബിന് പ്രധാന കിരീടങ്ങളൊന്നും നേടിക്കൊടുക്കാനാകാത്ത സാഹചര്യത്തിലാണ് കേൻ പുതിയ തട്ടകം തേടുന്നത്. 2008നുശേഷം ഒരു പ്രധാന കിരീടം സ്വന്തമാക്കാനുള്ള അവസരം ടോട്ടൻഹാമിന് ഇക്കുറി ലഭിച്ചെങ്കിലും കഴിഞ്ഞ മാസം നടന്ന ലീഗ് കപ്പ് ഫൈനലിൽ അവർ മാഞ്ചസ്റ്റർ സിറ്റിയോടു തോറ്റിരുന്നു.

ഡിസംബറിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടോട്ടൻഹാം പിന്നീട് താഴേക്കിറങ്ങിയിരുന്നു. പ്രകടനം തീർത്തും മോശമായതോടെ പരിശീലകൻ ഹോസെ മൗറീന്യോയെ ക്ലബ് പുറത്താക്കുകയും ചെയ്തു. നിലവിൽ 59 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്തുള്ള ടോട്ടനത്തിന് ആദ്യ നാലിൽ തിരിച്ചെത്തി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത കുറവാണ്. ഇതും കേൻ ക്ലബ് വിടാനുള്ള കാരണമാണ്.

22

ഈ സീസണിൽ രണ്ടു മത്സരങ്ങൾ വീതം എല്ലാ ടീമിനും ശേഷിക്കെ 22 ഗോളുമായി ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ ലിവർപൂൾ താരം മുഹമ്മദ് സലായ്ക്കൊപ്പം ഒന്നാം സ്ഥാനത്താണ് കേൻ. 13 ഗോളുകൾക്ക് കേൻ അസിസ്റ്റും നൽകി. 27കാരനായ കേൻ മുൻപ് രണ്ടു തവണ ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ട് .