ee

സിദ്ദു ആലോചിക്കുകയായിരുന്നു. എല്ലാ കാര്യങ്ങൾക്കും പതിവിലും ഉന്മേഷമുണ്ട്. ഇപ്പോൾ മുഖത്ത് ഒരു തെളിച്ചം വന്നതായി കണ്ണാടിയിൽ നോക്കുമ്പോൾ കാണാൻ കഴിയുന്നു. അവൾ വന്നത് അച്‌ഛനും ഒരു ആശ്വാസമായിട്ടുണ്ടാവും.

വൈകുന്നേരം. സിത്താര ഫോണിൽ പറഞ്ഞു കൊടുത്ത കഫെയിൽ, പറഞ്ഞ സമയത്ത് തന്നെ സിദ്ദുവും ഷർമിയും എത്തിച്ചേർന്നു. അവരിരുവരും ഒരു കോർണർ ടേബിളിൽ സ്ഥാനം പിടിച്ചു. അവിടെ ഇരുന്നാൽ കഫെയുടെ വാതിൽ തുറന്ന് വരുന്നവരെ കാണാനാവും. മാത്രവുമല്ല സംസാരിക്കുന്നത് മറ്റു ടേബിളുകളിൽ ഇരിക്കുന്നവർക്ക് കേൾക്കാനുമാവില്ല. സിദ്ദു ചുറ്റിലും കണ്ണോടിച്ചു. സിത്താര എത്തിയിട്ടില്ല. അവൻ തനിക്കും ഷർമിക്കുമായി ഒരു കോഫി ഓർഡർ ചെയ്തു.

''നീ എന്താ താരചേച്ചിയോട് പറഞ്ഞിരിക്കുന്നത്?""

ഷർമി കസേര അല്പം മുന്നിലേക്ക് നീക്കിയിട്ട് ചോദിച്ചു.

''ഏയ് ഒന്നുമില്ല...ചേട്ടനെ കുറിച്ച് ഒരു കാര്യം ചോദിക്കാനെന്നേ പറഞ്ഞിട്ടുള്ളൂ...""

''ഉം...""

അവർ കോഫി പതിയെ സിപ്പ് ചെയ്‌തു കൊണ്ടിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ, ചുറ്റിലും കണ്ണുകൾ കൊണ്ട് പരതിക്കൊണ്ട് സിത്താര അകത്തേക് വരുന്നത് കണ്ടു. വന്നയുടൻ അവൾ സിദ്ദുവിനോട് സോറി പറഞ്ഞു.

''ഇത്...?""

ഷർമിയെ ഉദ്ദേശിച്ച് ചോദിച്ചു.

''ഫ്രണ്ടാ...ഡൽഹിയിലെ പരിചയമാണ്...ഹോളിഡെ ആയത് കൊണ്ട്...ഇവിടെയെല്ലാം ഒന്നും കാണാൻ വന്നതാണ്.""

അവർ പരസ്‌പരം ചിരിച്ചു. ഹായ് പറഞ്ഞു കൊണ്ടു കൈ കൊടുത്തു.

''ഷർമി ഡൽഹിയിൽ പഠിക്കുകയാണ്. നാട് ബംഗാൾ ആണ്...""

താര ഷർമിയെ നോക്കി സൗഹാർദ്ദപൂർവ്വം ചിരിച്ചു. സിദ്ദു താരയ്‌ക്കും ഒരു കോഫി ഓർഡർ ചെയ്തു.

വിശേഷങ്ങൾ ചോദിച്ച ശേഷം സിദ്ദു പതിയെ കാര്യത്തിലേക്ക് കടന്നു.

''ചേട്ടനെ...ചേച്ചിക്ക് കുറേ നാളായി അറിയാലോ...ചേട്ടന്റെ കുറെ കവിതകളും എഴുത്തുകളുമൊക്കെ എനിക്ക് ഈയിടെ കിട്ടി...ചേട്ടൻ കവിത എഴുതുമായിരുന്നു എന്ന്...സത്യത്തിൽ എനിക്കറിയില്ലായിരുന്നു...ഈ കവിതകളൊക്കെ സമാഹരിച്ച് ഒരു ബുക്ക് ആക്കണമെന്നുണ്ട്...ചേട്ടൻ ഫ്രെണ്ട്സിനൊക്കെ കവിത എഴുതി ഗിഫ്റ്റ് ചെയ്യാറുണ്ടെന്നൊക്കെ കേട്ടു...ചേച്ചീടെ കൈയ്യിൽ ചേട്ടനെഴുതിയ എന്തെങ്കിലും...""

അതിനു താര എന്തോ പറയാൻ ഒരുങ്ങുമ്പോൾ കോഫി എത്തി. അവൾ ഒരു സിപ്പ് എടുത്ത ശേഷം എന്തോ ഓർത്തെടുക്കുന്നത് പോലെ ഇരുന്ന ശേഷം പറഞ്ഞു,

''സുധി എനിക്ക്... അങ്ങനെ ഗിഫ്റ്റ് ആയിട്ട് ഒന്നും എഴുതി തന്നിട്ടൊന്നുമില്ല...പിന്നെ പഠിക്കണ കാലത്ത് പുസ്തകം വാങ്ങി എന്തെങ്കിലുമൊക്കെ എഴുതി വയ്‌ക്കണ ഒരു സ്വഭാവമുണ്ടായിരുന്നു...അത് ചിലതൊക്കെ ഞാൻ പകർത്തി വച്ചിട്ടുണ്ട്...സുധി അതൊന്നും അറിഞ്ഞിരിക്കാൻ വഴിയില്ല...പിന്നെ...അന്നു കോളേജ് ലാസ്റ്റ് ഡേ...ഓട്ടോഗ്രാഫിൽ എന്തൊക്കെയോ എഴുതി തന്നിട്ടുണ്ട്...അങ്ങനെ ചിലതല്ലാതെ വേറെ ഒന്നും എന്റെ കൈയ്യിലില്ല...""

''ഓ...അതു മതി...ഞാൻ എല്ലാരോടും ചോദിച്ചു കൊണ്ടിരിക്കുകയാണ്...എല്ലാം കളക്ട് ചെയ്ത്...ഗ്രൂപ്പ് ചെയ്ത്...എടുക്കണം...പിന്നെ ഫ്രെണ്ട്സിന്റെയൊക്കെ ഒരു ഓർമ്മക്കുറിപ്പും...""

അതുകേട്ട് താരയുടെ കണ്ണ് നിറഞ്ഞു.

''സോറി...ചേച്ചിക്ക്...വിഷമം ആവുമെന്ന്...എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ...എന്തെങ്കിലും എഴുതി തന്നാൽ...""

''ഉം...""

''ഞാനെന്തെങ്കിലും സ്‌നാക്‌സ് ഓർഡർ ചെയ്യട്ടെ?...അതു ചോദിക്കാൻ വിട്ടു പോയി.""

വിഷയം മാറ്റാനെന്നവണ്ണം സിദ്ദു പറഞ്ഞു. അതിനു മറുപടി കാക്കാതെ, ബെയററെ വിളിച്ചു ഒരു പ്ലേറ്റ് കട്ട്ലറ്റ് പറഞ്ഞു.

മൂന്നുപേരും ഒന്നും സംസാരിക്കാതെ കോഫി കുടിച്ചു കൊണ്ടിരുന്നു. കുറച്ച് നിമിഷങ്ങൾക്കകം കട്ട്ലറ്റുകൾ അടുക്കിനു വച്ച ഒരു പാത്രം അവരുടെ മുന്നിലെത്തി. ഒരോ ചെറിയ കഷണങ്ങൾ എടുത്ത് അവർ കഴിച്ചു തുടങ്ങി.

''ചേട്ടനെ...അവസാനമായി കണ്ട ആ ദിവസം...ആ ട്രിപ്പിൽ...ചേട്ടനെങ്ങനെ ആയിരുന്നു?""

''ഹീ വാസ്...ഹാപ്പി...അറിയാല്ലോ...സുധി മൂഡ് ഔട്ട് ആയിട്ട് ഇരിക്കാറേയില്ല...""

''അന്ന്...നിങ്ങളെല്ലാരും...ആറു പേരല്ലെ പോയത്?""

''ങാ""

''ഞാനൊരു കാര്യം ചോദിച്ചോട്ടെ...""

ചോദിക്കാൻ മടിക്കും മട്ടിൽ സിദ്ദു ചോദിച്ചു,

''ചേട്ടൻ ആ ഭാഗത്ത്...പോകുമ്പോൾ...വീഴുന്നതിനു മുൻപ്..ആരെങ്കിലും എന്തെങ്കിലും ശബ്‌ദമോ മറ്റോ കേട്ടിരുന്നോ?""

താര സിദ്ദുവിനെ സംശയഭാവത്തിൽ നോക്കി ഇരുന്നു. അവൾ കുടിക്കാൻ ഉയർത്തിയ കപ്പ് ടേബിളിൽ വെച്ചു.

''ഞാൻ ചോദിക്കുന്നത്...ചേച്ചി അവിടെ വച്ച് എപ്പോഴാണ് ചേട്ടനെ...അവസാനമായി കണ്ടത്?""

''അത്...നമ്മളെല്ലാരും അവിടെ ചെന്നിട്ട് കുറച്ച് നേരം വട്ടം കൂടി ഇരുന്നു...പിന്നെ...എല്ലാരും കാഴ്‌ച കാണാനെന്നും പറഞ്ഞ് പലയിടത്തേക്കായി നടന്നു...""

''എല്ലാരും പോയോ?""

''കിഷോറും...അല്ല...ഫ്രാൻസിസും ഫിറോസും...സിഗററ്റും വലിച്ച് അവിടെ ഇരുന്നു...അവന്മാർക്ക് എവിടെ ചെന്നാലും വലിക്കണം...അവര് പിന്നെ കറങ്ങാൻ ഇറങ്ങിയോ എന്നറിഞ്ഞൂടാ...""

''വെങ്കി ചേട്ടനോ?""

''വെങ്കിയോ?...പോയിട്ടുണ്ടാവുമോ എന്നറിയില്ല...പുള്ളി വയറ് വേദന എന്നും പറഞ്ഞ് ഇരിക്കുവായിരുന്നു...""

''അങ്ങനെ നടന്നപ്പോൾ ചേച്ചി ചേട്ടനെ കണ്ടിരുന്നോ?""

''ഉം..ഞാൻ കണ്ടിരുന്നു...നമ്മളെന്തൊക്കെയോ പറഞ്ഞു...പിന്നീട് സുധി എന്നേയും കടന്ന് പോയി...""

താര ഓർത്തെടുക്കും പോലെ പറഞ്ഞു.

''ആ സമയം...അവിടെ...വേറെ ആരെങ്കിലും...ഉണ്ടായിരുന്നോ?""

അത് കേട്ട് താരയുടെ മുഖം പെട്ടെന്ന് വിളറി. അവൾ 'അയ്യോ" എന്നും പറഞ്ഞ് സ്വന്തം വാ പൊത്തി പിടിച്ചു. കണ്ണുകൾ നിറയുകയും ചെയ്തു. താരയുടെ വിരലുകൾ ചെറുതായി വിറയ്‌ക്കുന്നത് സിദ്ദു ശ്രദ്ധിച്ചു.

''എന്താ ചേച്ചി...""

'സിദ്ദു...എന്തിനാ ഇങ്ങനെയൊക്കെ ചോദിക്കുന്നത്?...സത്യത്തിൽ സുധി താഴെ വീണതല്ലേ?""

താര കരയുന്ന മട്ടിൽ ചോദിച്ചു.

''അല്ല ചേച്ചി...ഞാൻ...അവിടെ നിങ്ങളെ കൂടാതെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നറിയാൻ...""

അവൻ അതും പറഞ്ഞ് ചുറ്റിലും നോക്കി. പ്രായമായ ഒരു സ്ത്രീയും ഒരു കൊച്ചു കുട്ടിയും മാത്രമെ അവരെ കൂടാതെ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. സിദ്ദു അവരെ നോക്കി. അവർ കുറച്ചപ്പുറത്തെ ടേബിളിൽ ആണ്. അതു കൊണ്ട് ഈ സംസാരം കേൾക്കാൻ സാധ്യതയില്ല.

''എനിക്കെന്തോ ഒരു ബാഡ് ഫീലിംഗ്...സിദ്ദു...അന്ന് സുധിയെ കണ്ട് സംസാരിക്കുമ്പോൾ ഞങ്ങൾ രണ്ടു പേരെ കൂടാതെ വേറെ ആരോ അവിടെ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നു. തിരിച്ചു നടക്കുമ്പോൾ...ആരോ എന്നെ ഫോളോ ചെയ്യുന്നത് പോലെ തോന്നി...ആരോ നടക്കുന്ന ശബ്‌ദം കേട്ടതാ...പക്ഷേ തിരിഞ്ഞു നോക്കിയപ്പോൾ ആരേയും കണ്ടില്ല...പിന്നെ ഞാൻ ആ കാര്യം മറക്കുകയും ചെയ്തു...ഇപ്പോ തോന്നുന്നു...ആരോ അവിടെ ഉറപ്പായും ഉണ്ടായിരുന്നെന്ന്...""

''എങ്കിലത്...ആരായിരിക്കും?...നിങ്ങളുടെ കൂടെ വന്ന ആരെങ്കിലുമാണോ അതോ...വേറെ ആരെങ്കിലും?""

''അറിഞ്ഞൂടാ...അവിടെ ഞങ്ങളെ കൂടാതെ അന്ന് വേറേ ആരേയും കണ്ടില്ല...ഇനി വേറേ ആരെങ്കിലും വന്നിരുന്നോ എന്നും അറിഞ്ഞൂടാ...ഞങ്ങളുടെ കൂട്ടത്തിലെ ആരെങ്കിലും ആണെങ്കിൽ...എന്തിനെന്നെ ഫോളോ ചെയ്യണം?...അതിന്റെ ആവശ്യമില്ലല്ലോ...""

''തിരിച്ചു വന്നപ്പോ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ?""

''ങാ...അവിടെ വെങ്കി മാത്രം ഉണ്ടായിരുന്നു...അവൻ ആകെ വയ്യാതായി ഇരിക്കുകയായിരുന്നു...പിന്നെ ഒരോരുത്തരായി എത്തി...അപ്പോഴേക്കും അവൻ വൊമിറ്റ് ചെയ്യാൻ തുടങ്ങി...ആകെ കൊളമായി...""

''ഉം.""

സിദ്ദു അതു കേട്ട് ശരി വയ്‌ക്കും മട്ടിൽ തല കുലുക്കി.

സിദ്ദൂന് വേറേയും ചിലത് ചോദിക്കണമെന്നുണ്ടായിരുന്നു. താഴെ ആരൊക്കെ പോയെന്നും, ആരാണ് ആദ്യം കണ്ടതെന്നും...ആരൊക്കെ ആംബുലൻസിൽ ഉണ്ടായിരുന്നു എന്നും. പക്ഷേ ചുവന്നു കലങ്ങിയ കണ്ണുമായി ഇരിക്കുന്ന താരയുടെ മുഖം കണ്ടപ്പോൾ അതൊക്കെയും വേണ്ടെന്നു വച്ചു.

അവൻ ദീഘമായി നിശ്വസിച്ചു. പിന്നെ പുറത്തേക്ക് നോക്കി ഇരുന്നു. പുറത്ത് ഒരു മഴക്കാറ് കൂടുന്നുണ്ട്..

''ചേച്ചീ...ഒരു മഴേടെ കോളുണ്ട്...ശ്ശോ...ഞാനാണേൽ...കുടയോ റെയ്ൻ കോട്ടോ എടുത്തിട്ടുമില്ല...""

താരയും പുറത്തേക്ക് നോക്കി. ശരിയാണ്...

''എന്നാൽ ഞാൻ ഇറങ്ങട്ടെ...മഴ പെയ്താൽ ഇന്നത്തെ പരിപാടി ഒക്കെ പ്രശ്നമാവും...ഇപ്പൊ വല്ല പനിയും പിടിച്ചാൽ...അതും പാടാ...""

അതും പറഞ്ഞ് അവൾ എഴുന്നേറ്റു. കൂടെ സിദ്ദുവും ഷർമിയും.

യാത്ര പറഞ്ഞ് പിരിയുമ്പോഴും, ബൈക്കിൽ തിരികെ ഷർമിയുമൊത്ത് വീട്ടിലേക്ക് പോകുമ്പോഴും സിദ്ദു താര പറഞ്ഞതൊക്കെയും ഒന്നു കൂടി ഓർത്തെടുത്തു. വീട്ടിൽ ചെന്നിട്ട് ഷർമിയോട് എല്ലാം വിശദമായി സംസാരിക്കണം. എന്തായിരിക്കും ഷർമിക്ക് പറയാനുണ്ടാവുക?

വീട്ടിലെത്തും വരെ സിദ്ദുവും ഷർമിളയും മൗനം പാലിച്ചു. രണ്ടു പേരും താര പറഞ്ഞതിനെ കുറിച്ചു തന്നെ തിരിച്ചും മറിച്ചും ചിന്തിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തിയതും നല്ല ക്ഷീണം എന്നും പറഞ്ഞു ഷർമി കിടക്കയിലേക്ക് ചാഞ്ഞു. ഇതെന്താ പെട്ടെന്നൊരു ക്ഷീണം എന്നു സിദ്ദു അത്ഭുതപ്പെട്ടു. പുറത്ത് അപ്പോഴേക്കും മഴ ചെറുതായി ചാറാൻ തുടങ്ങിയിരുന്നു. അവൻ പൂമുഖത്ത് ചെന്നു നിന്ന്, ചിതറി പറന്നു വീഴുന്ന ദുർബ്ബലമായ മഴത്തുള്ളികളെ കുറച്ചു നേരം നോക്കി നിന്നു.

രാത്രി ഭക്ഷണം കഴിച്ച് തിരികെ മുറിയിൽ വന്ന ശേഷമാണ് ഷർമി സിദ്ദുവിനോട് താര പറഞ്ഞതിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. ഷർമി ചെന്നു മുറിയടച്ചിട്ട് വന്ന് സിദ്ദുവിനു സമീപം ഇരുന്നു.

അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.

''നീ ചേച്ചി ഇട്ടിരുന്ന ഡ്രസ്സ് ശ്രദ്ധിച്ചോ?""

''ഇല്ല...""

''നെയിൽ പോളീഷ്?...ഇയർ റിംഗ്സ്...ചേച്ചിയുടെ കണ്ണുകൾ...""

''ഇല്ല...എന്താ കാര്യം?""

''ഒരു പെണ്ണ് എപ്പോഴാണ് അല്ലെങ്കിൽ എന്തിനാണ് മേക്കപ്പ് ചെയ്യുന്നതെന്ന് അറിയാമോ?""

''എല്ലാരും ശ്രദ്ധിക്കാനായിരിക്കും...""

''സുന്ദരിയാവാനും മേക്കപ്പ് ചെയ്യാം...എന്തെങ്കിലും ഹൈഡ് ചെയ്യാനും...""

''നിനക്കെന്തു തോന്നി?""

''ഷീ ഈസ് ഹൈഡിംഗ് സംതിംഗ്...ഷീ ഈസ് വെരി അട്രാക്‌ടീവ്...എനിക്ക് തോന്നുന്നു...താരചേച്ചിക്ക്...സുധിച്ചേട്ടനോട്...ഒരു ക്രഷ് ഉണ്ടായിരുന്നുവെന്ന്...""

''ങെ?...അതെങ്ങനെ നിനക്കറിയാം?""

''അത് പെണ്ണുങ്ങളുടെ കാര്യമാണ്...നിനക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല...നിങ്ങൾ ആണുങ്ങൾക്ക് ആ ജീനില്ല!...'

'തെളിച്ചു പറ...""

''കോളേജിൽ പഠിക്കുമ്പോൾ...പുസ്തകത്തിൽ എഴുതി കൊടുത്തതും...പിന്നീട് ഓട്ടോഗ്രാഫിൽ എഴുതിയതുമൊക്കെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെങ്കിൽ...അതിനു ആ ഒരു കാരണം മാത്രമേ ഉള്ളൂ...അതു മനസ്സിലാക്കാൻ വലിയ ജീനിയസ് ഒന്നും ആവേണ്ട കാര്യമില്ല...""

''പക്ഷെ ചേട്ടനു താരചേച്ചിയോട് തിരിച്ചും അതു പോലെ ഒരു ഫീലിംഗ് ഉണ്ടെന്ന് എങ്ങനെ അറിയാം?""

''ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല...എങ്കിൽ അവർ അവിടെ ഒന്നിച്ചേ നടക്കാൻ പോകുമായിരുന്നുള്ളൂ...ഒരുപക്ഷെ അങ്ങനെ ആയിരുന്നെങ്കിൽ ചേട്ടൻ...അപകടത്തിൽ പെടുകയുമില്ലായിരുന്നു...""

''ഇനി പ്രതീക്ഷിച്ച സ്‌നേഹം തിരിച്ചു കിട്ടാത്തത് കൊണ്ട്...""

''പെണ്ണുങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യില്ല...ആണുങ്ങളല്ലെ...കിട്ടിയില്ലെങ്കിൽ...അതു വരെ സ്‌നേഹിച്ചിരുന്ന പെണ്ണിന്റെ മുഖത്ത് ആസിഡ് ഒഴിക്കുന്നതും...വീട്ടിൽ കയറി കഴുത്തു വെട്ടുന്നതും...""

സിദ്ദു അതിനൊന്നും പറഞ്ഞില്ല.

'' ചേച്ചി പറഞ്ഞത് വെച്ചു നോക്കുമ്പോൾ ഇതുവരെ കേട്ടതെല്ലാം ശരിയാണ്...സത്യമാണ്...ചെന്നതും, വട്ടം കൂടി ഇരുന്നതും...പിന്നീട് എഴുന്നേറ്റ് നടന്നതും...തിരികെ ചെന്നപ്പോൾ വെങ്കിച്ചേട്ടനെ കണ്ടതും...പിന്നീട് ഒരോരുത്തരായി മടങ്ങി വന്നതും...ആ കൂട്ടത്തിൽ ആരാണ് അവസാനം വന്നത് എന്നറിഞ്ഞാൽ...ഇല്ല...അത് അറിഞ്ഞിട്ടും കാര്യമില്ല...അവർ ആരു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാം...പിന്നെ ഒരു സംശയം...""

''എന്ത്?""

''ആരോ ഫോളോ ചെയ്യുന്നു എന്ന സംശയം തോന്നിയത്...ആ പറഞ്ഞത് സത്യം തന്നെ ആവണം...തോന്നിയതാവില്ല...ചേച്ചി കള്ളം പറയുന്നതാണെന്ന് എനിക്ക് തോന്നിയില്ല...""

''പക്ഷേ എന്തിന് ഒരാൾ ചേച്ചിയെ ഫോളോ ചെയ്യണം? ഇനി...ചേച്ചിയെ അപായപ്പെടുത്താൻ ചെയ്തതാവുമോ?!""

''അതു ചിലപ്പോൾ ചേച്ചിയെ ഉപദ്രവിക്കാൻ നോക്കിയതാവും...അല്ലെങ്കിൽ ചേച്ചി തിരികെ പോയെന്നു ഉറപ്പു വരുത്താൻ ചെയ്തതുമാവാം...""

''ഉം...""

''ഒരു കാര്യം ഉറപ്പാണ്...എവിടെയോ ഒരു കള്ളക്കളി നടന്നിട്ടുണ്ട്...ചേച്ചി സംശയിക്കുന്നത് പോലെ അത് വെറുമൊരു വീഴ്ച്ചയുമല്ല...""

''അപ്പോൾ നമ്മൾ രണ്ടു പേരുമല്ലാതെ മൂന്നാമതൊരാൾക്ക് കൂടി സംശയം തോന്നിയിട്ടുണ്ട്!""

''സത്യത്തിൽ...നീ ഇങ്ങനെയൊക്കെ പറയുമ്പോഴും...എനിക്ക്...അസ്വാഭാവികമായി എന്തെങ്കിലും നടന്നു എന്ന കാര്യത്തിൽ നൂറു ശതമാനം വിശ്വാസമുണ്ടായിരുന്നില്ല...ഇതു വരെ...എന്നാലിപ്പോൾ...ദേർ ഈസ് സംതിങ്ക് ഫിഷി...""

അല്പനേരം എന്തോ ആലോചിച്ചിരുന്ന ശേഷം സിദ്ദു ആവേശത്തോടെ പറഞ്ഞു,

''ഏയ്! ഷർമി, എനിക്കൊരു ഐഡിയ...നമ്മുടെ ലിസ്റ്റിൽ ഉള്ളവരെയൊക്കെ ഞാൻ രഹസ്യമായി ഫോളോ ചെയ്താലോ? അവർ ആരെയൊക്കെ കാണുന്നു, എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ അറിയാമല്ലോ? ചിലപ്പോൾ ഇതിൽ നമ്മളറിയാത്ത അല്ലെങ്കിൽ നമുക്ക് ക്ലൂ തരുന്ന അനോണിമസിനു പോലും അറിയാത്ത ഒരു നാലാമനോ, അഞ്ചാമനോ ഉണ്ടെങ്കിലോ? ചിലപ്പോൾ വൈറ്റലായിട്ടുള്ള എന്തെങ്കിലും ഒരു എവിഡൻസ് എവിടെ നിന്നെങ്കിലും വീണു കിട്ടിയാലോ?""

ഷർമി അവനെ നോക്കി വേണ്ട എന്നർത്ഥത്തിൽ തലയാട്ടി.

''നിനക്ക് ഷാഡോ ചെയ്ത് ശീലമുണ്ടോ? ഇല്ലല്ലോ?...അറിഞ്ഞൂടാത്ത പണിക്ക് പോകുന്നത് ബുദ്ധിയല്ല...പോരെങ്കിൽ നീ ഈ വിധത്തിൽ ഒരു അന്വേഷണം നടത്തുന്നു എന്ന കാര്യം പുറത്ത് പോയാൽ...പിന്നീട് അവരൊക്കെ വളരെ കെയർഫുൾ ആയി ഇരിക്കും...നിനക്ക് അവരുടെ അടുത്ത് നിന്ന് ഇൻഫർമേഷനൊന്നും കിട്ടാതെയും പോവും...അതു കൊണ്ട് അതൊരു നല്ല ഐഡിയ ആണെന്ന് തോന്നുന്നില്ല...വേറൊരു കാര്യം...""

അവൾ സംസാരിക്കുന്നത് നിർത്തി എന്തോ ആലോചിച്ച് ഇരുന്നു.കുറച്ചു കഴിഞ്ഞ് അവൾ അവനെ സൂക്ഷിച്ചു നോക്കി പറഞ്ഞു,

''ഇനി ഇത് നമ്മൾ സംശയിക്കുന്ന പോലെ അസ്വാഭാവികമായ ഒരു മരണമാണെങ്കിൽ...ഇത് നീ സ്വയം അന്വേഷിക്കുകയാണെന്ന്...ഇതിന്റെ പിന്നിലുള്ളവർ അറിഞ്ഞാൽ...ചിലപ്പോൾ...അവർ നിന്നേയും ടാർഗറ്റ് ചെയ്യാൻ ചാൻസുണ്ട്...ബീ കേർഫുൾ...""

സിദ്ദു ഷർമിയെ തന്നെ തുറിച്ചു നോക്കി ഇരുന്നു.

അവൾ തന്റെ കണ്ണാടി മുഖത്ത് നിന്നും എടുത്ത് അതിന്റെ ഫ്രെയിമിൽ കടിച്ചു പിടിച്ച് ജനൽ വഴി ദൂരേക്ക് നോക്കി ഇരുന്നു.

പിറ്റേ ദിവസം. രാവിലത്തെ ഭക്ഷണം കഴിഞ്ഞ് ഇരിക്കുമ്പോൾ ഷർമി ചോദിച്ചു.

''ഇന്നെന്താ നിന്റെ പ്ലാൻ?""

''എനിക്ക് ഫിറോസേട്ടനെ കാണണം...""

''ഇതുവരെ കണ്ടു സംസാരിച്ചതൊക്കെ ചേർത്തു വെച്ച് നോക്കിയാൽ നിനക്ക് ആരേയെങ്കിലും സംശയിക്കാൻ പറ്റുമോ?""

''എനിക്ക് താരചേച്ചിയെ സംശയമുണ്ട്...""

''എന്തു സംശയം?""

ഷർമി വളരെ നിഷ്‌ക്കളങ്കമായി ചോദിച്ചു.

''താരചേച്ചി എന്തോ മറയ്ക്കാൻ ശ്രമിക്കുന്നത് പോലെ...?""

''നീ താരചേച്ചിയോട് ഒരു പ്രധാനപ്പെട്ട കാര്യം ചോദിക്കാൻ വിട്ടു പോയി. ഞാൻ പരിചയപ്പെട്ടതല്ലെ ഉള്ളൂ? പിന്നെ...ഈ കാര്യത്തിൽ എനിക്കൊന്നും ചോദിക്കാനും പറ്റില്ലല്ലോ...ഞാൻ നിന്റെ സൈലന്റ് അസ്സിസ്റ്റന്റ് അല്ലെ?!""

''എന്തു കാര്യം?""

''താരചേച്ചി സുധിയെ കണ്ടപ്പോൾ എന്താണ് സംസാരിച്ചതെന്ന്...""

''ഓ...അതു ശരിയാണല്ലോ...ചിലപ്പോൾ ചേട്ടനെ അവസാനമായി കണ്ടത് താരചേച്ചി ആവാൻ ചാൻസുണ്ടല്ലോ...ശ്ശെ...ഞാൻ വീണ്ടും ഒരു ഫൂളായി.. എനിക്ക് ഈ ഡിറ്റക്‌ടീവ് പണി പറഞ്ഞിട്ടില്ല...""

അവൻ തലയിൽ കൈയ്യും വെച്ചിരുന്നു.

''ഹാ...നീ അങ്ങനെ അങ്ങ് പറഞ്ഞു കളയാതെ...ഇപ്പോഴും ശരിയായ റൂട്ടിൽ തന്നെയാണ് നീ...ഇവരെയൊക്കെ നമുക്ക് വീണ്ടും വീണ്ടും കാണേണ്ടി വരും...അപ്പോഴും ഇവരൊക്കെ മുൻപ് പറഞ്ഞതൊക്കെ തന്നെയാണോ പറയുന്നതെന്ന് അറിയാമല്ലോ...എല്ലാ ചോദ്യങ്ങളും ഒറ്റയടിക്ക് ഒരാളോട് ചോദിക്കുന്നതും ശരിയല്ല..ഒരാൾ പറയുന്നതൊക്കെ ഓർത്തു വയ്‌ക്കുന്നുണ്ടോ...നേരത്തെ തന്നെ മനസ്സിൽ തയ്യാറാക്കിയത് അതു പോലെ പറയുകയാണോ...കള്ളം പറയുകയാണോ എന്നൊക്കെ മനസ്സിലാക്കണമെങ്കിൽ അയാളെ പലപ്പോഴായി കണ്ട് ഒരേ കാര്യം പല രീതിയിൽ ചോദിക്കണം.""

''നീ ഈ ടെക്‌നിക്കൊക്കെ എവിടന്നു പഠിച്ചു?!""

സിദ്ദു അത്ഭുതത്തോടെയും അല്പം ബഹുമാനത്തോടു കൂടിയും അവളെ നോക്കി.

''നീ ഇതുവരെ ആരേയാണ് സംശയം എന്നു പറഞ്ഞില്ലല്ലോ...'""

സിദ്ദു ചോദിച്ചു.

''ഉം പറയാം...ഇനിയും കുറച്ചു പേരെ കൂടി കാണാനുണ്ടല്ലോ...ഇതു വരെ കണ്ടതും കേട്ടതും വെച്ച് ഒരു കാര്യം പറയാം...പക്ഷേ അതു കേട്ട് നീ വിഷമിക്കരുത്...""

''ഏയ്...ഇല്ല...നിനക്ക് എന്തും പറയാം...""

''എനിക്ക് സംശയം...നിന്റെ ചേട്ടനെ തന്നെയാണ്...""

സിദ്ദു അതു കേട്ട് സ്‌തബ്‌ധനായി ഇരുന്നു.

''സുധിയേയോ?!""

''ഉം...നിന്റെ ചേട്ടൻ...നീ വിചാരിക്കുന്ന പോലെയുള്ള ഒരാളല്ല...ചേട്ടനു ഒരുപാട് രഹസ്യങ്ങളുണ്ട്...ചേട്ടന്റെ ഒരു കാരക്ടർ മാത്രമെ നിനക്കറിയൂ...""

''എന്താ അങ്ങനെ പറയാൻ കാര്യം?""

''അതിന്റെ ഉത്തരം ഞാൻ ഇപ്പോ പറയില്ല...പക്ഷെ എനിക്കുറപ്പാണ്...നിന്റെ ചേട്ടന്റെ ലൈഫിൽ എന്തോ ചില രഹസ്യങ്ങളുണ്ടെന്ന്...ഞാൻ ഡിറ്റേയിലായിട്ട് നിനക്ക് പറഞ്ഞു തരാം...അതിനൊരു സമയം വരും...ജസ്റ്റ് വെയ്റ്റ്.""

സിദ്ദുവും ഷർമിയും കുറെ നേരം മൗനമായി ഇരുന്നു.

''ശരി...നമുക്ക് ലിസ്റ്റിലുള്ള അടുത്ത ആളെ വിളിച്ചു നോക്കാം...ഫിറോസ്.""

''ഈ പ്രാവശ്യം ഞാൻ കൂടെ വരണോ?""

അവൻ കുറച്ച് നേരം ആലോചിച്ചിട്ട് പറഞ്ഞു,

''വേണോന്നില്ല...ഞാനൊറ്റയ്‌ക്ക് പോവാം...""

''ഉം...""

സിദ്ദു വിളിച്ചു ചോദിച്ചപ്പോൾ ഫിറോസ് അവനെ ഓഫീസിൽ വന്നു കാണാനാണ് പറഞ്ഞത്. ഈവനിംഗ് എന്തോ പ്രോഗ്രാമുണ്ട്. പിന്നെ അടുത്ത രണ്ടു മൂന്ന് ദിവസങ്ങൾ നല്ല തിരക്കിലായിരിക്കും എന്ന് പറഞ്ഞപ്പോൾ, ഫിറോസിനെ എത്രയും വേഗം ഓഫീസിൽ ചെന്നു കാണുന്നത് തന്നെയാണ് നല്ലതെന്ന് സിദ്ദു ഉറപ്പിച്ചു.

ലഞ്ച് ബ്രേക്ക് ടൈമിനാണ് ചെല്ലാൻ പറഞ്ഞിരുന്നത്. സിദ്ദു അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ഫിറോസിന്റെ ഓഫീസ് കണ്ടെത്തി. മുന്നിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം സെൽ ഫോണിൽ ഫിറോസിനു ഒരു മെസേജ് അയച്ചു. ഉടൻ തന്നെ മറുപടി വരികയും ചെയ്തു.

''നീ അവിടെ തന്നെ നിന്നാൽ മതി. ഞാനുടനെ അവിടേക്ക് വരാം.""

ഫിറോസ് ഉടനെ തന്നെ താഴേക്ക് വന്നു. സിദ്ദൂനേയും കൂട്ടി സമീപത്തുള്ള ഹോട്ടലിലേക്ക് നടന്നു.

''എന്തൊരു വിശപ്പ്...എന്തെങ്കിലും കഴിക്കണം...""

'''അയ്യോ...ഞാൻ ലഞ്ച് കഴിച്ചിട്ടാ വരുന്നെ...""

''എന്നാലും കുഴപ്പമില്ല...ഒരു ചായ എങ്കിലും ആവാമല്ലോ...""

അവർ ഒരു ടേബിളിൽ ചെന്നിരുന്നു. അകത്തേക്ക് കയറിയപ്പോൾ സിദ്ദൂനു നല്ല ആശ്വാസം തോന്നി. പുറത്തെ കഠിനമായ ചൂടും, ഹെൽമറ്റ് ധരിച്ച് ബൈക്കിൽ വന്നതിന്റെ അസ്വസ്ഥതയും അവനെ വല്ലാതെ വലച്ചു തുടങ്ങിയിരുന്നു. ഫാനിന്റെ കുളിർമ്മ ആസ്വദിച്ച് അവൻ ഇരുന്നു. ഫിറോസ് തനിക്ക് ഊണും സിദ്ദുവിനു ഒരു ടീയും ഓർഡർ ചെയ്തു.

''സിദ്ദൂന്...സുധീടെ കവിതകളൊക്കെ കിട്ടിയോ?...പുസ്തകമാക്കാൻ പോകുന്നെന്ന് കേട്ടു.""

അതു കേട്ട് സിദ്ദു അത്ഭുതത്തോടെ കണ്ണു മിഴിച്ചു. താൻ അവതരിപ്പിക്കാൻ ഉദ്ദേശിച്ചത് ഇതാ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു.

''ചേട്ടൻ അതെങ്ങനെ അറിഞ്ഞു?""

''ഓ...ഫ്രാൻസി പറഞ്ഞിരുന്നു...സിദ്ദു അവനെ പോയി കണ്ടെന്ന്...""

''ഓ...ഓക്കെ...ശരിയാ...ചേട്ടനെ കുറിച്ച് എല്ലാം കളക്ട് ചെയ്യാന്ന് വിചാരിച്ചു...ഫ്രാൻസിസ് ചേട്ടനെ കാണാറുണ്ടോ?""

''ഓ ഇടയ്‌ക്കൊക്കെ...കഴിഞ്ഞ ദിവസം അല്പം ടയേർഡായി...അപ്പോ കുറച്ച് റിലാക്സ് ചെയ്യാൻ...ഞാനും അവനും ഒന്നു കൂടി...അപ്പോ പറഞ്ഞതാ.""

''സുധിച്ചേട്ടനെ കുറിച്ച് ചേട്ടന് എന്താ പറയാനുള്ളത്?""

''ഉം...അവൻ...ബേസിക്കലി ഒരു നല്ല ചാപ്പാണ്...എനിക്കിഷ്ടമാണവനെ...പക്ഷേ .എപ്പോഴും തോന്നിയിട്ടുണ്ട് അവൻ എല്ലാരോടും എന്തോ മറയ്‌ക്കുന്നുണ്ടെന്ന്...ചിലപ്പോ വെറുതെ തോന്നുന്നതാവും...ഈ കാരക്ടർ സ്റ്റഡി ചെയ്യാൻ ഞാനത്ര മിടുക്കനൊന്നുമല്ല കേട്ടോ!""

''മറയ് ക്കുന്നു എന്നു പറഞ്ഞത്...ചേട്ടന്...വല്ല അഫയറുമുള്ള കാര്യമാണോ?""

''ഇപ്പോ അവൻ അതു കണ്ടിന്യൂ ചെയ്യുന്നുണ്ടോ എന്നറിയില്ല...അവനേതോ ഒരു റിലേഷനുണ്ടായിരുന്നു..അത് പണ്ടാ..കോളേജിൽ വെച്ച്.""

''ഓഹോ...അത് ആരുമായിട്ടാന്ന് ചേട്ടനു അറിയാമോ?""

''ബെസ്റ്റ്!...അതല്ലെ?...അവന്റെ ചില കാര്യങ്ങൾ ആർക്കും അറിയാൻ പറ്റില്ല...അതങ്ങനാ!""

(തുടരും)