കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം
ന്യൂഡൽഹി : മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നേരിടുന്ന ഒളിമ്പിക് മെഡൽ ജേതാവ് സുശീൽകുമാറിന് മുൻകൂർ ജാമ്യം നിഷേധിച്ച് ഡൽഹി രോഹിണി കോടതി. അഡിഷണൽ സെഷൻസ് ജഡ്ജി ജഗദീഷ് കുമാറാണ് ജാമ്യഹർജി തള്ളിയത്. അതേസമയം ഒളിവിൽ തുടരുന്ന സുശീലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡൽഹി പോലീസ് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു.
മേയ് നാലിന് ന്യൂഡൽഹിയിലെ ചത്രസാൽ സ്‌റ്റേഡിയത്തിന് പുറത്ത് ഗുസ്തിക്കാർ തമ്മിലുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും വെടിവെപ്പിലുമാണ് ഇരുപത്തിമൂന്നുകാരനായ സാഗർ റാണ കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സുശീൽകുമാർ ഉൾപ്പടെയുള്ളവർക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി വ്യക്തിഗത ഇനങ്ങളിൽ രണ്ട് ഒളിമ്പിക് മെഡൽ നേടിയ ഏക താരമാണ് സുശീൽകുമാർ. 2008 ബെയ്ജിംഗ് ഒളിമ്പിക്‌സിൽ വെങ്കലവും 2012 ലണ്ടൻ ഒളിമ്പിക്‌സിൽ വെള്ളിയുമാണ് സുശീൽ നേടിയത്.