sandpaper-gate

സിഡ്‌നി: 2018-ലെ കേപ്ടൗൺ ടെസ്റ്റിലെ വിവാദമായ പന്തുരയ്ക്കലിനെപ്പറ്റി ടീമിലെ ബൗളർമാർക്കെല്ലാം അറിയാമായിരുന്നുവെന്ന മുൻ ഓസീസ് താരം കാമറൂൺ ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തലിനെതിരേ സംയുക്ത പ്രസ്താവനയുമായി അന്ന് ടീമിലുണ്ടായിരുന്ന ബൗളർമാരായ പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചർ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവർ രംഗത്തെത്തി.

ടെസ്റ്റിനിടെ സാൻഡ്പേപ്പർ ഉപയഗിച്ച് പന്തിൽ മാറ്റംവരുത്താനുള്ള ബാൻക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരുടെ പദ്ധതിയെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയാമായിരുന്നില്ലെന്ന് ബൗളർമാർ പ്രസ്താവനയിൽ വ്യക്തമാക്കി. ഇനി ഇതിൻമേലുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും അവർ അഭ്യർഥിച്ചു.

പന്തുചുരണ്ടലിനെപ്പറ്റി ടീമിലെ ബൗളർമാർക്കെല്ലാം അറിയാമായിരുവെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ബാൻക്രോഫ്റ്റ് വെളിപ്പെടുത്തിയതോടെയാണ് ഈ വിവാദം വീണ്ടും ചൂടുപിടിച്ചത്.