രണ്ടര പതിറ്റാണ്ട് നീളുന്ന തിരഞ്ഞെടുപ്പ് ചരിത്രമുണ്ട് കേരളകോൺഗ്രസ് പ്രതിനിധിയായി മന്ത്രിസഭയിലെത്തുന്ന റോഷി അഗസ്‌റ്റിന്. ഇരുപത്തിയാറാം വയസിൽ നിയമസഭയിലേക്കുള്ള കന്നിയങ്കം പേരാമ്പ്രയിൽ നിന്ന്. കന്നിയങ്കത്തിൽ പരാജയപ്പെട്ടെങ്കിലും 2001ൽ തന്റെ രാഷ്‌ട്രീയ ഗുരുവായ പാലായുടെ സ്വന്തം കെ.എം മാണിയുടെ ആവശ്യപ്രകാരം ഇടുക്കിയിൽ നിന്നും മത്സരിച്ച് അന്നത്തെ സിറ്റിങ് എം.എൽ.എ യെ തറപറ്റിച്ച് ത്രികോണ മത്സരത്തിൽ മികച്ച വിജയം നേടി. തുടർന്നിങ്ങോട്ട് കഴിഞ്ഞ 20 വർഷക്കാലം ഇടുക്കിയ്‌ക്ക് വേണ്ടതെല്ലാം നൽകി ചങ്കായി കൂടെയുണ്ട് റോഷി അഗസ്‌റ്റിൻ.
പാലാ ചക്കാമ്പുഴയിൽ ചെറുനിലത്തുചാലിൽ വീട്ടിൽ അഗസ്റ്റിൻ ലീലാമ്മ ദമ്പതികളുടെ മകനായി 1969 ജനുവരി 20 ന് ജനനം. സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നേതൃത്വത്തിലേക്ക് ഇടക്കോലി ഗവ. ഹൈസ്‌കൂൾ ലീഡറായി തുടക്കം. പിന്നീട് കെ.എസ്.സി (എം) യൂണിറ്റ് പ്രസിഡന്റായും പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്റായും യൂണിയൻ ഭാരവാഹിയായും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ നേതൃനിരയിലേക്കെത്തി. കേരളാ കോൺഗ്രസ് (എം) ന്റെ ഭാരവാഹിയായി മാറി.
കേരളാ ലീഗൽ എയ്ഡ് അഡ്വൈസറി ബോർഡ് മെമ്പറായും രാമപുരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായി ആദ്യകാല പ്രവർത്തനം. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകൾക്കുമെതിരെ 1995 ൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനിൽക്കുന്ന വിമോചന പദയാത്രയും 2001 ൽ വിമോചന യാത്രയും നടത്തി ശ്രദ്ധേയമായി.
കേരളാ കോൺഗ്രസ് (എം) പാർട്ടി ഉന്നതാധികാര സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. 'കെ.എം മാണി പൊതുപ്രവർത്തകർക്ക് ഒരു മാതൃക' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് റോഷി. ഇരുപത് വർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ റോഷിയെ ശ്രദ്ധേയനാക്കി ഇടുക്കി മെഡിക്കൽ കോളേജും പുതിയ താലൂക്കും നിരവധിയായ റോഡുകളും പാലങ്ങളും ഹൈടെക് സൗകര്യങ്ങളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഷിയുടെ ഇച്ഛാശക്തിയുടെ ഭാഗമായാണ് യാഥാർത്ഥ്യമായത്.കെ എം മാണി ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെയാണ് ഇടുക്കിയിൽ മെഡിക്കൽ കോളേജിന് അനുമതി നൽകി പ്രാരംഭ പ്രവർത്തനം ആരംഭിച്ചു. ഇടുക്കിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കാൽനട സമരം നടത്തി കർഷകരുടെ ശബ്ദമായി മാറി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 5573വോട്ട് ഭൂരിപക്ഷം നേടി മികച്ച വിജയാമാണ് റോഷി നേടിയത്.
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നേഴ്സ് ആയ റാണിയാണ് ഭാര്യ. മൂത്തമകൾ ആൻമരിയ വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. രണ്ടാമത്തെ മകൾ എയ്ഞ്ചൽ മരിയ എട്ടാം ക്ലാസിലും ഇളയ മകൻ അഗസ്റ്റിൻ രണ്ടാം ക്ലാസിലും തിരുവനന്തപുരത്ത് പഠനം നടത്തുന്നു.
നിയമസഭയിലേക്കുള്ള ആദ്യവരവിൽതന്നെ മന്ത്രിയായ ചരിത്രമാണ് അഹമ്മദ് ദേവർകോവിലിന് സ്വന്തമാകുന്നത്. രണ്ടര പതിറ്റാണ്ടോളമായി ഇടത് മുന്നണിയ്‌ക്കൊപ്പം നിൽക്കുന്ന ഐ.എൻ.എലിന് ലഭിക്കുന്ന ആദ്യ മികച്ച അവസരവും.
വിദ്യാർഥി ജീവിതകാലത്ത് അടിയന്തരാവസ്ഥയ്‌ക്കെതിരേ സ്‌കൂൾ മാഗസിനിൽ പ്രബന്ധമെഴുതിയതിന്റെ പേരിൽ അറസ്റ്റിലായിട്ടുണ്ട് അഹമ്മദ്. 1977ൽ കുറ്റിയാടി ഹൈസ്‌കൂളിൽ എസ്.എസ്.എൽ.സിക്ക് പഠിക്കുമ്പോഴാണ് സംഭവം. സ്‌കൂൾ ലീഡറാണ് അന്ന്. അക്കൊല്ലം പരീക്ഷയെഴുതാനാവാതെ ജീവിതംതന്നെ മാറ്റിമറിച്ചു. എങ്കിലും അടിയുറച്ച രാഷ്ട്രീയബോധ്യങ്ങൾ മാറിയില്ല. പിന്നീട് തലശ്ശേരി ബ്രണ്ണൻ സ്‌കൂളിലാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതി ജയിച്ചത്.
സ്‌കൂൾ കാലത്ത് എം.എസ്.എഫിൽ തുടങ്ങിയ രാഷ്ട്രീയപ്രവർത്തനം മുംബൈയിലും സജീവമായി. മുസ്ലിം ലീഗിലെ തിരുത്തൽപക്ഷത്തായിരുന്നു എന്നും സ്ഥാനം. അഖിലേന്ത്യാ ലീഗിന്റെ കാലത്ത് അതിനൊപ്പമായി. എം.എസ്.എഫ്. കോഴിക്കോട് ജില്ലാ സെക്രട്ടറിയായിട്ടുണ്ട്. ബോംബെ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി, ബോംബെ മലയാളി സമാജം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മഹാരാഷ്ട്ര മുസ്ലിം ലീഗിന്റെ സെക്രട്ടറിയുമായിരുന്നു. ഇബ്രാഹിം സുലൈമാൻ സേഠിന്റെ നേതൃത്വത്തിൽ ഐ.എൻ.എൽ. രൂപവത്കരിച്ച കാലം മുതൽ സംഘടനയ്‌ക്കൊപ്പമുണ്ടായി. ഇപ്പോൾ ഐ.എൻ.എൽ. ദേശീയ ജനറൽ സെക്രട്ടറിയാണ്.
ഭാര്യ സാബിറയ്ക്കും മകൻ ഷഫി മോനിഷ് അഹമ്മദിനും മകൾ തൻസിഹ ഷെർവിനുമൊപ്പം കോഴിക്കോട് ജവഹർനഗറിലെ താജ് എന്ന വീട്ടിലാണ് താമസം.