adar-poonevala

ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങളെ അവ​ഗണിച്ചുകൊണ്ട് തങ്ങളുടെ കമ്പനി ഒരിക്കലും വാക്സിനുകൾ കയറ്റുമതി ചെയ്തിട്ടില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ മേധാവി അദാർ പൂനാവാല. രാജ്യത്തെ വാക്സിൻ ഡ്രെെവിനെ പിന്തുണയ്ക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

അസ്ട്രാ സെനെക്കയുടെ കൊവിഡ് വാക്സിൻ ഉത്പാദനം തുടരുമെന്നും വർഷാവസാനത്തോടെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കുമെന്നും പൂനാവാല അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തെ പ്രധാന വാക്സിൻ നിർമാതാക്കളാണ്. നേരത്തെ സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് വാക്സിനു നിശ്ചയിച്ച വില ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കാന്‍ നിശ്ചയിച്ച വില ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്നതെന്നായിരുന്ന റിപ്പോർട്ടാണ് വിവാദങ്ങൾക്ക് കാരണമായത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ ഒരു മാസം മുൻപാണ് മറ്റുരാജ്യങ്ങളിലേക്കുളള വാക്സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചത്. അതിനു മുൻപ് 60 ​​ദശലക്ഷത്തോളം ഡോസ് വാക്സിൻ ഡോസുകൾ മറ്റു രാജ്യങ്ങൾക്ക് വിൽക്കുകയോ സംഭാവന നൽകുകയോ ചെയ്തിട്ടുണ്ട്.