ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതിനോടൊപ്പം വാക്സിൻ കുത്തിവെപ്പുകളുടെ എണ്ണവും കുറയുന്നതായി റിപ്പോർട്ട്. കൊവിഡ് മൂന്നാം തരംഗത്തിന്റെ വരവിനെക്കുറിച്ചുളള ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലാണ് വാക്സിനേഷൻ കണക്കുകളെന്ന് ദേശീയ മാദ്ധ്യമങ്ങൾ പറയുന്നു. മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കാൻ സാദ്ധ്യതയേറെയാണെന്നാണ് വിദഗ്‍ദ്ധരുടെ അഭിപ്രായം.
കൊവിഡ് പരിശോധനയുടെ എണ്ണത്തിലും കുറവുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണെമെന്നാണ് ലോകമെമ്പാടുമുളള വിദഗ്‍ദ്ധർ പറയുന്നത്. എന്നാൽ ഇന്ത്യയിലെ സ്ഥിതി വിപരീതമാണ്. നിലവിലെ ടെസ്റ്റ് സ്ഥിതിവിവരക്കണക്കുകൾ രാജ്യത്തെ നിലവിലെ ശേഷിയേക്കാൾ കുറവാണ്.
കഴിഞ്ഞ മാസത്തെ വാക്സിനേഷൻ കണക്കുകളിൽ നാലാഴ്ചത്തെ ഇടിവ് കാണിക്കുന്നു. ഇത് 32.7 ലക്ഷത്തിൽ നിന്നും 6.9 ലക്ഷമായി കുറഞ്ഞു. നിലവിലെ പ്രതിദിനം 1.8 ദശലക്ഷം പ്രതിരോധ കുത്തിവെപ്പുകൾ എന്ന കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം പേർക്ക് വാക്സിനേഷൻ നടത്താൻ മൂന്ന് വർഷത്തിലധികം എടുക്കും. ഡിസംബർ 31നകം രാജ്യത്തെ 1.112 ബില്യൻ ആളുകൾക്ക് വാക്സിൻ കുത്തിവയ്പ്പ് നൽകുകയെന്ന ലക്ഷ്യം കെെവരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. എന്നാൽ ഇതിനായി പ്രതിദിനം 8.95 ദശലക്ഷം ആളുകൾക്ക് വാക്സിൻ നൽകേണ്ടതുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡൽഹിയിലുൾപ്പെടെ പല സംസ്ഥാനങ്ങളിലും വാക്സിൻ ക്ഷാമം നേരിടുന്നുണ്ട്. മഹാരാഷ്ട്രയിലെ പല വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. ഡൽഹിയിൽ മൂന്നു ദിവസത്തേക്കുളള വാക്സിൻ മാത്രമേ അവശേഷിക്കുന്നുളളുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ തിങ്കളാഴ്ച പറഞ്ഞു. 18നും 44നും ഇടയിൽ പ്രായമുളളവർക്ക് ഈ മാസം കൂടുതൽ വാക്സിൻ അയക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ വാക്സിൻ നിർമ്മാതാക്കളാണ് പ്രധാനമായും ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യുന്നത്. ഇതിനുപുറമെ, റഷ്യൻ വാക്സിൻ സ്പുട്നിക് വിയും അടുത്തിടെ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി നൽകി. ജൂലൈയിലോ ഓഗസ്റ്റിലോ കൊറോണ വാക്സിൻ വിതരണം മെച്ചപ്പെടുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. കൊവിഡ് മഹാമാരിയിൽ നിന്നും കരകയറാൻ വാക്സിനേഷന്റെ എണ്ണം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.