gst

കൊച്ചി: കൊവിഡ് വ്യാപനവും കനത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മൂലം രാജ്യത്ത് ഇ-വേ ബില്ലുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. 50,000 രൂപയ്ക്കുമേലുള്ള സംസ്ഥാനാന്തര ചരക്കുനീക്കത്തിന് അനിവാര്യമായ രേഖയാണ് ഇ-വേ. സാമ്പത്തിക പ്രവർത്തനങ്ങൾ (ആഭ്യന്തര വ്യാപാരം) സജീവമാകുമ്പോൾ ഇ-വേ ബില്ലുകളുടെ എണ്ണം കൂടുകയും ആ മാസത്തെ ചരക്കു-സേവന നികുതി (ജി.എസ്.ടി) സമാഹരണം ഉയരുകയുമാണ് പതിവ്. ലോക്ക്ഡൗൺ മൂലം ഈ മാസത്തെ പ്രതിദിന ശരാശരി ഇ-വേ ബില്ലുകളുടെ എണ്ണം 12.15 ലക്ഷമാണ്.

കഴിഞ്ഞ ഒരുവർഷത്തെ ഏറ്റവും മോശം കണക്കാണിത്. ഏപ്രിലിൽ എണ്ണം പ്രതിദിനം ശരാശരി 19.58 ലക്ഷമായിരുന്നു. ഏപ്രിലിൽ ജി.എസ്.ടി സമാഹരണം 1.41 ലക്ഷം കോടി രൂപയെന്ന സർവകാല റെക്കാഡ് കുറിച്ചിരുന്നു. മാർച്ചിലെ ഇടപാടുകളുടെ സമാഹരണമാണ് ഏപ്രിലിൽ നടന്നത്. മേയിൽ സമാഹരണം (ഏപ്രിൽമാസ ഇടപാടുകൾ) 90,000 കോടി രൂപയ്ക്കും 1.10 ലക്ഷം കോടി രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് കരുതപ്പെടുന്നു. സമാഹരണം ഒരുലക്ഷം രൂപയ്ക്ക് താഴെയാണെങ്കിൽ, അത് തുടർച്ചയായ ഏഴ് മാസത്തിന് ശേഷമുള്ള വീഴ്‌ചയായിരിക്കും. മേയിലെ ഇടപാടുകളുടെ സമാഹരണം ജൂണിലാണ് നടക്കുക.

ജൂലായ് ഒന്നിന് കണക്കുകൾ പുറത്തുവിടും. ഇടപാടുകൾ ലോക്ക്ഡൗൺ മൂലം നിർജീവമായതിനാൽ, ജൂണിലെ സമാഹരണം (മേയ് മാസ ഇടപാടുകൾ) ഒരുലക്ഷം കോടി രൂപയ്ക്ക് താഴെയായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഈമാസം ഇതുരെ 1.94 കോടി ഇ-വേ ബില്ലുകളാണ് ജനറേറ്റ് ചെയ്യപ്പെട്ടത്. ഏപ്രിലിൽ ഇത് 1.95 കോടിയായിരുന്നു. മാർച്ചിൽ ശരാശരി പ്രതിദിന ഇ-വേ ബിൽ 23 ലക്ഷമായിരുന്നു. കഴിഞ്ഞവർഷം മേയിൽ പ്രതിദിന ഇ-വേ ബിൽ ജനറേഷൻ ശരാശരി 8.50 ലക്ഷമായിരുന്നു.