barges

മുംബയ്: ടൗക്‌തേ ചുഴലിക്കാറ്റിൽപ്പെട്ട് മുംബയ് കടലിൽ ഒ.എൻ.ജി.സി ബാർജുകൾ മുങ്ങി 127പേരെ കാണാതായി. മൂന്നു ബാർജുകളിലായി നാനൂറിലേറെപ്പേരുണ്ടായിരുന്നു. 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനം തുടരുകയാണ്. ബാർജ് പി 305ലെ 136 പേരെ രക്ഷപ്പെടുത്തിയതായി നാവികസേനാ വക്താവ് പറഞ്ഞു.

എൻജിൻ തകരാറിനെ തുടർന്ന് 137 പേരുള്ള ഗാൽ കൺസ്ട്രക്ടർ എന്ന ബാർജും 297പേരുള്ള എസ്.എസ്-3 എന്ന ബാർജും അപകടത്തിൽപ്പെട്ടിരുന്നു. ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് കൊൽക്കത്ത എന്നീ യുദ്ധക്കപ്പലുകൾ രക്ഷാപ്രവർത്തനം തുടരുകയാണ്.

അതേസമയം,​ ടൗക്‌തേയുടെ സംഹാരതാണ്ഡവത്തിൽ ഗുജറാത്തിൽ ഏഴ് പേർ മരിച്ചു. മണിക്കൂറിൽ 190 കിലോ മീറ്റർ വേഗതയിൽ വീശിയ കാറ്റിലും കനത്ത മഴയിലും സൗരാഷ്ട്ര മേഖലയിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായി. 16,000 വീടുകൾ തകർന്നു. ഇന്നലെ രാവിലെ 12ന് ടൗ‌ക്‌തേ ദുർബലമായതായി കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു.