delhi-covid

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ദിവസേനയുളള കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതോടെ നഗരത്തിലെ ആശുപത്രികളിലെ കിടക്കകളുടേയും തീവ്രപരിചരണ വിഭാ​ഗത്തിലെയും (ഐ.സി.യു) എണ്ണത്തിൽ വർദ്ധനവ്. ചെവ്വാഴ്ച ഡൽഹിയിൽ 14,805 കിടക്കകളിൽ രോഗികൾ ഉണ്ടായിരുന്നപ്പോൾ തന്നെ 12,907 കിടക്കകൾ ഒഴിഞ്ഞുകിടന്നു. കേസുകളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും ക്രമാനുഗതമായി കുറഞ്ഞതോടെ സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്.

ഡൽഹിയിൽ ചെവ്വാഴ്ച പുതുതായി 4482 കേസുക​ളാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 6.89 ശതമാനമായി കുറഞ്ഞതായും സർക്കാർ പുറത്തുവിട്ട ആരോ​ഗ്യ ബുളളറ്റിനിൽ പറയുന്നു. കൊവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിലും ​ഗണ്യമായ വർദ്ധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കൊവിഡ് ചികിത്സാ സംവിധാനങ്ങളിലെ ഒഴിവുകളും ദിനംപ്രതി വർദ്ധിച്ചിട്ടുണ്ട്.

നേരത്തെ ദിവസവും സഹായമഭ്യർത്ഥിച്ച് രണ്ടായിരത്തോളം കോളുകൾ വരാറുണ്ടായിരുന്നെന്നും പക്ഷേ ഇപ്പോൾ ശരാശരി 500-600 കോളുകളാണ് ലഭിക്കുന്നതെന്നും കൊവിഡ് കെയർ സംവിധാനങ്ങളുടെ ചുമതലയുളള ഐ.ടി.ബി.പി ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഐ.സി.യു ബെഡുകൾ ആവശ്യപ്പെട്ടാണ് കൂടുതൽ കോളുകൾ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ കൊവിഡ് കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.