ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ദിവസേനയുളള കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതോടെ നഗരത്തിലെ ആശുപത്രികളിലെ കിടക്കകളുടേയും തീവ്രപരിചരണ വിഭാഗത്തിലെയും (ഐ.സി.യു) എണ്ണത്തിൽ വർദ്ധനവ്. ചെവ്വാഴ്ച ഡൽഹിയിൽ 14,805 കിടക്കകളിൽ രോഗികൾ ഉണ്ടായിരുന്നപ്പോൾ തന്നെ 12,907 കിടക്കകൾ ഒഴിഞ്ഞുകിടന്നു. കേസുകളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും ക്രമാനുഗതമായി കുറഞ്ഞതോടെ സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്.
ഡൽഹിയിൽ ചെവ്വാഴ്ച പുതുതായി 4482 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 6.89 ശതമാനമായി കുറഞ്ഞതായും സർക്കാർ പുറത്തുവിട്ട ആരോഗ്യ ബുളളറ്റിനിൽ പറയുന്നു. കൊവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കൊവിഡ് ചികിത്സാ സംവിധാനങ്ങളിലെ ഒഴിവുകളും ദിനംപ്രതി വർദ്ധിച്ചിട്ടുണ്ട്.
നേരത്തെ ദിവസവും സഹായമഭ്യർത്ഥിച്ച് രണ്ടായിരത്തോളം കോളുകൾ വരാറുണ്ടായിരുന്നെന്നും പക്ഷേ ഇപ്പോൾ ശരാശരി 500-600 കോളുകളാണ് ലഭിക്കുന്നതെന്നും കൊവിഡ് കെയർ സംവിധാനങ്ങളുടെ ചുമതലയുളള ഐ.ടി.ബി.പി ഉദ്യോഗസ്ഥൻ പറഞ്ഞു. ഐ.സി.യു ബെഡുകൾ ആവശ്യപ്പെട്ടാണ് കൂടുതൽ കോളുകൾ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ കൊവിഡ് കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.