riyas-veena


തിരുവനന്തപുരം:വ്യക്തിഹത്യകളിൽ വേദനയുണ്ടെന്ന് നിയുക്തമന്ത്രി പി എ മുഹമ്മദ് റിയാസ്. തനിക്കും കുടുംബത്തിനുമെതിരായ വിമർശനങ്ങൾ വേദനയുണ്ടാക്കിയെന്നും, അസത്യങ്ങളും അസംബന്ധങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്റെ പച്ചമാംസം തിന്നുന്നതുപോലെയാണ് വിമർശനങ്ങൾ.മക്കളെപ്പോലും വിമർശനങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം ഭാര്യ വീണ പക്വതയോടെയാണ് നേരിടുന്നതെന്നും റിയാസ് കൂട്ടിച്ചേർത്തു.

'ഇപ്പോൾ പുതിയൊരു ഉത്തരവാദിത്തം കൂടി പാർട്ടി നൽകിയിരിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വരുന്നതിന് കഠിനശ്രമം നടത്തിയ ലക്ഷക്കണക്കിന് സഖാക്കളുണ്ട്. മറ്റെല്ലാ വ്യക്തിപരമായ പ്രശ്‌നങ്ങളും മാറ്റിവച്ചുകൊണ്ട് കഠിന ശ്രമം നടത്തിയ ലക്ഷക്കണക്കിന് സഖാക്കൾ, അവർ ആഗ്രഹിക്കാത്ത ഒന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളായിരിക്കും നടത്തുക. ജനങ്ങളെയാണ് നമ്മൾ എപ്പോഴും ഓർക്കേണ്ടത്. ജനങ്ങൾക്ക് ഇഷ്ടപ്പെടാത്തതൊന്നും ചെയ്യാതിരിക്കും.'- അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റിയാസ്. ബേപ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വക്കേ‌റ്റ് പി.എം നിയാസിനെ 28,747 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മുഹമ്മദ് റിയാസ് സഭയിലെത്തുന്നത്.