tvpm

തിരുവനന്തപുരം: മന്ത്രിമാരുടെ എണ്ണത്തിൽ തലസ്ഥാനത്തിന് ട്രിപ്പിൾ നേട്ടം. ആദ്യമായാണ് തിരുവനന്തപുരത്തിന് മൂന്ന് മന്ത്രിമാരെ ലഭിക്കുന്നത്. ജില്ലയിലെ 14 മണ്ഡലങ്ങളിൽ 13നെയും ചുവപ്പണിയിച്ച വോട്ടർമാർക്ക് ലഭിച്ച സമ്മാനം കൂടിയായി ഇത്.

സി.പി.ഐയുടെ ജില്ലയിൽ നിന്നുള്ള ചോയ്സ് നെടുമങ്ങാട് നിന്ന് വിജയിച്ച ജി.ആർ. അനിലിനാണെന്നും, നേമത്ത് നിന്നും വിജയിച്ച വി.ശിവൻകുട്ടിക്ക് മന്ത്രി പദവി സാദ്ധ്യതയേറെയാണെന്നും കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. ഒറ്റ അംഗങ്ങളുള്ള പാർട്ടികൾക്ക് രണ്ടര വർഷത്തെ മന്ത്രിസ്ഥാനം വീതം വച്ചതോടെ, ജനാധിപത്യ കേരള കോൺഗ്രസിന്റെ ഏക അംഗം ആന്റണി രാജു മന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. സി.പി.എം, സി.പി.ഐ തീരുമാനങ്ങൾ ഇന്നലെ വന്നു. വി.ശിവൻകുട്ടിയും ജി.ആർ.അനിലും മന്ത്രിമാരാകും.തലസ്ഥാനത്തു നിന്ന് വി.കെ. പ്രശാന്തിന്റെ പേരും ആദ്യവട്ട ചർച്ചകളിൽ ഉയർന്നിരുന്നു. മുൻ മേയർ കൂടിയായ വി.ശിവൻകുട്ടി മന്ത്രിയാകുന്നത് തലസ്ഥാന വികസനത്തിന് വേഗത പകരുമെന്നാണ് പ്രതീക്ഷ. മന്ത്രി സ്ഥാനത്തേക്ക്. സി.പി.ഐ നേതൃത്വം ആദ്യം പരിഗണിച്ചവരിലൊരാൾ ജി.ആർ. അനിലായിരുന്നു. കഴിഞ്ഞ 12 വർഷമായി സി.പി.ഐ സംസ്ഥാന സമിതി അംഗമാണ്. ഏഴു വർഷം ജില്ലാ സെക്രട്ടറിയായിരുന്നു.

2 മന്ത്രിമാർ തന്നെ അപൂർവം

ഭരണസിരകേന്ദ്രം തിരുവനന്തപുരമാണെങ്കിലും മന്ത്രിസഭയിൽ പലപ്പോഴും ജില്ലയ്ക്ക് അർഹമായ പ്രാതിനിദ്ധ്യം കിട്ടിയിരുന്നില്ല. മന്ത്രിസ്ഥാനം ഒന്നിലൊതുങ്ങും. രണ്ടു മന്ത്രിസ്ഥാനം തന്നെ അപൂർവം.

കഴിഞ്ഞ മന്ത്രിസഭയിൽ കടകംപള്ളി സുരേന്ദ്രൻ മാത്രമാണ് തലസ്ഥാനത്തുനിന്ന് മന്ത്രിയായത്. അതിനുമുമ്പ് യു.ഡി.എഫ് മന്ത്രിസഭയിൽ വി.എസ്.ശിവകുമാറും, വി.എസ് മന്ത്രിസഭയിൽ എം.വിജയകുമാറുമായിരുന്നു തലസ്ഥാനത്തെ മന്ത്രിമാർ. സർക്കാരിന്റെ അവസാനകാലത്ത് 2010 ആഗസ്റ്റ് മൂന്നു മുതൽ വി.സുരേന്ദ്രൻ പിള്ള കൂടി മന്ത്രിയായി. 2001 2006 കാലത്തെ യു.ഡി.എഫ് മന്ത്രിസഭയിൽ ജി.കാർത്തികേയനും,1996 2001ലെ എൽ.ഡി.എഫ് മന്ത്രിസഭയിൽ ഡോ.എ.നീലലോഹിതദാസും മാത്രം മന്ത്രിയായി