vijayaraghavan

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പാർട്ടിയുടെ തീരുമാനം അന്തിമമെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. കെ കെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി സ്വീകരിച്ച തീരുമാനമാണ് വ്യക്തമാക്കിയത്. ​ഗൗരവമായി ആലോചിച്ച ശേഷമായിരുന്നു പ്രഖ്യാപനം. എല്ലാം പരി​ഗണിച്ചായിരുന്നു പാർട്ടിയുടെ തീരുമാനം. അതാണ് ജനങ്ങൾക്ക് മുമ്പിലുള്ളത്. ഇത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനങ്ങളാണെന്നും വിജയരാഘവൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ വലിയ വിജയമാണ് എൽ ഡി എഫ് നേടിയത്. ജനങ്ങളുടെ അം​ഗീകാരമാണ് ഇത്. വലിയ പ്രതീക്ഷയാണ് ജനങ്ങൾക്ക് സർക്കാരിലുള്ളത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.