തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാനായി ഇന്നലെ ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും വൈത്തലിംഗവും എം.എൽ.എമാരിൽ നിന്നും എം.പിമാരിൽ നിന്നും അഭിപ്രായ ശേഖരണത്തിൽ വി.ഡി. സതീശന് കൂടുതൽ പിന്തുണ. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ നാണം കെട്ട തോൽവിയിൽ നിന്ന് തിരിച്ചുവരാൻ പുതിയ നേതൃനിര വേണമെന്ന് നിരീക്ഷകരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് നടത്തിയ കൂടിക്കാഴ്ചയിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ 21 എം.എൽ.എമാരിൽ 11 പേരും കക്ഷി നേതാവ് സ്ഥാനത്തേക്ക് സതീശനെ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടതായാണ് വിവരം.
ആറ് പേർ രമേശ് ചെന്നിത്തല തുടരട്ടെയെന്ന് പറഞ്ഞു. രണ്ട് പേർ ഹൈക്കമാൻഡിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് വ്യക്തമാക്കി. അതേസമയം, തിരുവഞ്ചൂർ രാധാകൃഷ്നും പി.ടി.തോമസും തങ്ങളെ കക്ഷിനേതൃസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ, രമേശ് ചെന്നിത്തലയ്ക്ക് ആണ് കൂടുതൽ പേരും പിന്തുണ നൽകിയതെന്നാണ് ഐ ഗ്രൂപ്പ് ക്യാമ്പിന്റെ അവകാശവാദം. 21 എം.എൽ.എമാരിൽ 19 പേരും ചെന്നിത്തലയെ പിന്തുണച്ചു എന്നാണ് ഐ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. സണ്ണി ജോസഫും വി.ഡി. സതീശനും മാത്രമാണ് ചെന്നിത്തലയെ പിന്തുണയ്ക്കാതിരുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി രമേശ് ചെന്നിത്തലയെ തത്വത്തിൽ പിന്തുണയ്ക്കാൻ നൽകാൻ എ ഗ്രൂപ്പ് യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. 9 പേരാണ് എ ഗ്രൂപ്പിനുള്ളത്.
12 പേർ ഐ ഗ്രൂപ്പിനും. എ ഗ്രൂപ്പിന്റെ പൊതുതീരുമാനത്തോടൊപ്പം നിന്നു എന്നാണ് ഗ്രൂപ്പ് എം.എൽ.എമാർ പറയുന്നത്. എന്നാൽ, എ ഗ്രൂപ്പിന് അകത്ത് തന്നെ മൂന്ന് ചേരികൾ ഉണ്ടായെന്നാണ് സൂചനകൾ. നാല് പേർ പൊതുതീരുമാനത്തോടൊപ്പം നിന്ന് രമേശിനെയും മൂന്ന് പേർ സതീശനെയും തുണച്ചു എന്നാണ് അറിയുന്നത്. അവശേഷിക്കുന്നവർ തിരുവഞ്ചൂരും പി.ടി. തോമസുമാണ്. പ്രതിപക്ഷ നേതാവ് ആരെന്നത് സംബന്ധിച്ച് ഹൈക്കമാൻഡിന്റെ പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.