മാള: ഭാഗ്യ പരീക്ഷണത്തിൽ വിജയിച്ച് കോടീശ്വരനായി ജീവിക്കും മുൻപേ അബ്ദുൾ ഖാദറിന്റെ ജീവിതം നിർഭാഗ്യത്തിൽ പൊലിഞ്ഞു. മാളപള്ളിപ്പുറം സ്വദേശി ആനന്ദാനത്ത് അബ്ദുൾ ഖാദർ (64) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
കഴിഞ്ഞ മാർച്ച് ഏഴിനാണ് കേരള ഭാഗ്യക്കുറിയുടെ ഭാഗ്യമിത്രയിൽ ഒരു കോടി അടിച്ചത്. കോടീശ്വരനായി ജീവിതം തുടങ്ങും മുമ്പേയാണ് നിർഭാഗ്യം അബ്ദുൾ ഖാദറിനെ മരണത്തിന്റെ രൂപത്തിൽ ഇല്ലാതാക്കിയത്. മാളയിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന അബ്ദുൾ ഖാദർ ഏതാനും ദിവസമായി കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു.
ദിവസവും ശരാശരി 200 രൂപയ്ക്ക് ടിക്കറ്റ് എടുക്കുമായിരുന്ന അബ്ദൾ ഖാദർ കോടീശ്വരനായപ്പോൾ നിരവധി ആഗ്രഹങ്ങൾ പങ്കുവച്ചിരുന്നു. പണം ലഭിക്കുമ്പോൾ നിറവേറ്റാൻ കാത്തുവച്ച നിരവധി സ്വപ്നങ്ങൾ ബാക്കിവച്ചാണ് ഈ കോടീശ്വരൻ പേരിലൊതുക്കി മരണത്തിന് കീഴടങ്ങിയത്. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് നടക്കും. ഭാര്യ: സഫിയ. മകൻ: അസ്‌കർ.