ചെറുതോണി: സൗമ്യയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി, സൗമ്യ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലം കാണാനുള്ള ഭർത്താവിന്റെ ആഗ്രഹം സാധിച്ച്തരുമെന്ന ഉറപ്പും നൽകി. ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരന്താനം സൗമ്യയുടെ ഭർത്താവ് സന്തോഷിനെ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ കോൾ വഴി വിളിച്ച് അനുശോചനം അറിയിച്ചത്.
തിങ്കളാഴ്ച്ച ഇത് സംബന്ധിച്ച് സന്തോഷിന് അറിയിപ്പ് ലഭിച്ചിരുന്നു. ഇന്നലെ രാവിലെ പത്തിന് വീണ്ടും വിളിച്ച് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ഇന്ത്യൻ സതേൺ കോൺസുലേറ്റ് ജനറൽ ജോനാഥൻ സടക്ക വഴിയാണ് സന്തോഷുമായി പ്രധാനമന്ത്രി സംസാരിച്ചത്. കോൺസുലേറ്റ് ഓഫീസിലെ മലയാളി ഉദ്യോഗസ്ഥർ ഇരുവരുടെയും സംഭാഷണം തർജ്ജമ ചെയ്തു. സന്തോഷിനോടും മകൻ അഡോണിനോടും മറ്റ് കുടുംബാംഗങ്ങളോടും ഇസ്രയേൽ പ്രധാനമന്ത്രി രാജ്യത്തിന്റെ അനുശോചനം അറിയിച്ചു.
കുടുംബത്തെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ഭാര്യ മരിച്ച സ്ഥലം കാണണമെന്ന ആഗ്രഹം സന്തോഷ് പ്രധാനമന്ത്രിയോട് പറഞ്ഞു. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും ഇസ്രയേൽ സർക്കാർ ചെയ്യുമെന്ന് പ്രധാന മന്ത്രി ഉറപ്പ് നൽകി. ഇസ്രയേലിൽ അപകടം നടന്ന സമയം മുതൽ സംസ്‌ക്കാര ശുശ്രൂഷ വരെയുള്ള എല്ലാ കാര്യങ്ങളും ഇസ്രായേൽ സർക്കാർ നേരിട്ട് ഒരു കുറവും കൂടാതെ നടത്തിയിരുന്നു. പറഞ്ഞതിലും മൂന്ന് ദിവസം മുൻപ് ചാർട്ടേഡ് വിമാനത്തിൽ സർക്കാർ ചിലവിൽ സൗമ്യയുടെ മൃതദ്ദേഹം ഇടുക്കിയിൽ എത്തിച്ചത്. സൗമ്യ ഇസ്രായേലിന്റെ മാലാഖ എന്നാണ് ഇസ്രയേൽ സർക്കാർ വിശേഷിപ്പിച്ചത്. സംസ്‌ക്കാരച്ചടങ്ങിൽ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ ജോനാഥൻ സടക്ക പങ്കെടുക്കുകയും ചെയ്തിരുന്നു.