ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന് രണ്ടാം പിണറായി മന്ത്രിസഭയിൽ സ്ഥാനം നൽകിയതിൽ വർഗീയ പരാമർശവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. 'ആദ്യം മകൾ, പിന്നെ പ്രധാനവകുപ്പും. ലീഗിന്റെ കാര്യം കട്ടപ്പൊക' എന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.
അടുത്ത അഞ്ച് വർഷം സംഭവബഹുലമായിരിക്കുമെന്നും, 'ടീച്ചറമ്മ' ഇനിയും ഉറങ്ങാതിരിക്കുമെന്നും അദ്ദേഹം മറ്റൊരു കുറിപ്പിൽ പറയുന്നു. 'സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത. ആകെ മൊത്തം സ്വജനപക്ഷപാതം. പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും. അഞ്ചു കൊല്ലം സംഭവബഹുലം. ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും.'-അദ്ദേഹം കുറിച്ചു.
റിയാസിനെ മന്ത്രിയാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനായതിനാലാണ് എന്ന രീതിയിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി പിഎം നിയാസിനെതിരെ 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് റിയാസ് വിജയിച്ചത്.ഫാറൂഖ് കോളേജിൽ നിന്നും ബികോം ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടിയ അദ്ദേഹം, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു.