covid

​​​​ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 പേർ മരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ മരണസംഖ്യ 2,83,248 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,54,96,330 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

3,89,851പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 32,26,719 പേരാണ്. രാജ്യത്ത് ഇതുവരെ 2,19,86,363 പേര്‍ രോഗമുക്തരായി. ആകെ 18,58,09,302 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശ് റവന്യു, വെള്ളപ്പൊക്ക നിവാരണ മന്ത്രി വിജയ് കശ്യപ് (56) കൊവിഡ് ബാധിച്ച് മരിച്ചു. ഗുഡ്‌ഗാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച രാത്രിയായിരുന്നു അന്ത്യം. മുസഫര്‍നഗര്‍ ചര്‍തവാല്‍ മണ്ഡലത്തിലെ എം എല്‍ എയാണ് വിജയ് കശ്യപ്. യു പിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നമാത്തെ മന്ത്രിയാണ് വിജയ് കശ്യപ്.

കമല്‍റാണി വരുണ്‍, ചേതന്‍ ചൗഹാന്‍ എന്നിവരാണ് നേരത്തെ മരിച്ചത്. മന്ത്രിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി ജെ പി അദ്ധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗ് എന്നിവരും അനുശോചിച്ചു.