അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് അപർണ ബാലമുരളി. ഒ.ടി.ടി റിലീസായെത്തിയ സുരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ സൂര്യയുടെ നായികാവേഷം അപർണയ്ക്ക് ഏറെ കൈയടി നേടിക്കൊടുത്തിരുന്നു.
ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന താരത്തിന്റെ മൂന്ന് പ്രായങ്ങളിലുള്ള കൊളാഷ് ഫോട്ടോകളും ആരാധകരുടെ കൈയടി നേടുകയാണ്. തന്റെ ബാല്യം, കൗമാരം, യൗവനം എന്നീ പ്രായഭേദങ്ങളിലുള്ള ഫോട്ടോകൾ ഒരുമിച്ച് കൊളാഷ് ചെയ്ത ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മൂന്ന് പ്രായഭേദങ്ങളിലും അപർണ ഒരു കൊച്ച് സുന്ദരി തന്നെയെന്നാണ് ആരാധകരുടെ പക്ഷം.
അഭിനേത്രി എന്നതിലുപരി ഗായികയായും നർത്തകിയായും തിളങ്ങുന്ന അപർണ അഭിനയ രംഗത്തെത്തിയിട്ട് എട്ട് വർഷമാകുന്നു. ദിലീഷ് പോത്തൻ - ശ്യാം പുഷ്ക്കരൻ ടീം ഒരുക്കിയ ഫഹദ് ഫാസിൽ ചിത്രമായ മഹേഷിന്റെ പ്രതികാരമാണ് അപർണയുടെ കരിയറിൽ ബ്രേക്കായത്.