ബംഗളൂരു: കളളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഏഴ് മാസത്തോളമായി തടവിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട് കർണാടക ഹൈക്കോടതി. അഞ്ച് കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലുണ്ട്. ഈ പണം മത്സ്യം, പച്ചക്കറി കച്ചവടം നടത്തി ലഭിച്ച തുകയാണെന്ന് മുൻപ് ബിനീഷ് കോടതിയിൽ വാദിച്ചിരുന്നു. ഇതിന് വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
പണത്തിന്റെ കൃത്യമായ രേഖകൾ ഹാജരാക്കണമെന്ന് കോടതി ബിനീഷിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. എന്നാൽ കേസിൽ ആദ്യം അറസ്‌റ്റിലായ അനൂപ് മുഹമ്മദ് നൽകിയ പണമല്ല ഇതെന്നും രേഖകൾ മുൻപ് സമർപ്പിച്ചിട്ടുണ്ടെന്നും ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ അക്കൗണ്ടിലെ പണത്തിന്റെ രേഖ സംബന്ധിച്ച് കൃത്യമായൊരു വിശദീകരണം തരാൻ അഭിഭാഷകന് കഴിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
രേഖകൾ സമർപ്പിക്കാൻ മേയ് 24 വരെ സമയം തരുമെന്നും ഹാജരാക്കിയില്ലെങ്കിൽ ജാമ്യഹർജി തളളുമെന്നും കോടതി ബിനീഷിന്റെ അഭിഭാഷകരെ അറിയിച്ചു. കേസ് ഇനി മേയ് 24ന് പരിഗണിക്കും.
ബംഗളൂരു ലഹരിക്കടത്ത് കേസിൽ അനൂപ് മുഹമ്മദ് അറസ്‌റ്റിലായതോടെയാണ് കേന്ദ്ര ഏജൻസി അന്വേഷണത്തിൽ ബിനീഷും ഉൾപ്പെട്ടത്. തുടർന്ന് നവംബർ മാസത്തിൽ ഇ.ഡിഅറസ്‌റ്റ് ചെയ്‌ത ബിനീഷ് കാൻസർ ബാധിതനായ അച്ഛനെ കാണാൻ നാട്ടിൽ പോകാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാമ്യഹർജി നൽകിയത്.